സ്വന്തം ലേഖകൻ
ബത്തേരി
കെപിസിസി കൊട്ടിഘോഷിച്ച് നടപ്പാക്കിയ പുനഃസംഘടനയിലൂടെ കൊണ്ടുവന്ന ബ്ലോക്ക് പ്രസിഡന്റിന് നാലാംമാസം സസ്‌പെൻഷൻ. ബത്തേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ ആർ സാജനെയാണ് ആറ് വർഷത്തേക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പാർടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. ബത്തേരി അർബൻ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കലഹത്തിലാണ് നടപടി.
അർബൻ ബാങ്ക് വൈസ് ചെയർമാനായി സുധാകരൻ തീരുമാനിച്ച സ്ഥാനാർഥിയെ അട്ടിമറിച്ച് വിമതപക്ഷത്തെയാളെ വിജയിപ്പിക്കാൻ കൂട്ടുനിന്നുവെന്ന പരാതിയിലാണ് ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ നോമിനിയായിരുന്ന സാജന്റെ
സസ്‌പെൻഷൻ. ഇതോടെ ബാലകൃഷണനും ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനും തമ്മിലുള്ള പോര് മൂർച്ഛിച്ചു. ഡിസിസിയും കെപിസിസിയും തീരുമാനിച്ച സ്ഥാനാർഥിയെ എംഎൽഎയുടെ നേതൃത്വത്തിൽ പരാജയപ്പെടുത്തിയെന്നാണ് ആക്ഷേപം. ബാലകൃഷ്‌ണനെതിരെയും നടപടി ആവശ്യപ്പെട്ട് കെപിസിസിക്ക് പരാതി അയച്ചിട്ടുണ്ട്. സാജനെ സസ്‌പെൻഡ് ചെയ്‌ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന്റെ ചുമത അപ്പച്ചൻ പക്ഷക്കാരനായ ഉമ്മൻ കുണ്ടാട്ടിന് നൽകിയതും പോര് രൂക്ഷമാക്കും.
അർബൻ ബാങ്ക് ഭാരവാഹി തെരഞ്ഞെടുപ്പിൽ സുധാകരൻ തീരുമാനിച്ച സ്ഥാനാർഥി ശ്രീജി ജോസഫ് ദയനീയമായാണ് പരാജയപ്പെട്ടത്. ബാലകൃഷണന്റെ നേതൃത്വത്തിലള്ളവർ കെപിസിസി തീരുമാനം അട്ടിമറച്ചു. വിപ്പ് ലംഘിച്ച രണ്ട് ഡയറക്ടർമാരെയും വിമത സ്ഥനാർഥിയായി മത്സരിച്ച് വൈസ് ചെയർമാനായ വി ജെ തോമസിനെയും സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. കൂടുതൽപേർക്കെതിരെ നടപടിയുണ്ടാകുമെന്ന ഭീഷണിയും ഡിസിസി പ്രസിഡന്റ് മുഴക്കിയിട്ടുണ്ട്. ചെയർമാൻ തെരഞ്ഞെടുപ്പിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ ഐ സി ബാലകൃഷ്‌ണൻ പക്ഷത്തെ ഡി പി രാജശേഖരനും വിപ്പ് ലംഘിച്ച് വി ജെ തോമസിനാണ് വോട്ട് ചെയ്‌തത്.
വിമത പ്രവർത്തനത്തിന് പുറത്തുനിന്നും നേതൃത്വം നൽകിയതിനാണ് സാജനെ അപ്പച്ചന്റെ ആവശ്യപ്രകാരം സസ്‌പെൻഡ് ചെയ്‌തത്. ഇതേ നിലപാട് ഐ സി ബാലകൃഷ്‌ണന്റെ കാര്യത്തിൽ എടുക്കുമോയെന്നാണ് ചോദ്യം. കോൺഗ്രസിന്റെ സജീവ പ്രവർത്തനത്തിൽനിന്ന് വിട്ടുനിന്ന് കർണാടകയിൽ ഇഞ്ചി കൃഷി ചെയ്യുകയായിരുന്ന സാജനെ പണം വാങ്ങിയാണ് ബ്ലോക്ക് പ്രസിഡന്റാക്കിയതെന്ന ആക്ഷേപവും എതിർ വിഭാഗം പരസ്യമായി ഉന്നയിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..