29 March Friday
നെല്ലിയമ്പം ഇരട്ടക്കൊല

പ്രതി അയൽവാസി 
ഞെട്ടലോടെ നാട്ടുകാർ

വികാസ്‌ കാളിയത്ത്‌Updated: Saturday Sep 18, 2021

ഇരട്ട കൊലപാതക കേസിലെ പ്രതി അർജുനെ തെളിവെടുപ്പിനായി താഴെ നെല്ലിയമ്പത്തു കൊണ്ടു വരുന്നു

പനമരം
 വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയശേഷം പ്രതി തങ്ങൾക്കിടയിൽ വിലസിയതിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. മോഷണത്തിനായി ഇത്രയും വലിയ ക്രൂരത ചെയ്തതിന്റെ അമർഷമായിരുന്നു  പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നെല്ലിയമ്പത്തുണ്ടായിരുന്നത്‌. ‌രക്തക്കറയുള്ള വസ്‌ത്രവും കൊലക്കുപയോഗിച്ച കത്തിയും അർജുന്റെ വീട്ടിൽനിന്ന്‌ പൊലീസ്‌ കണ്ടെടുത്തതോടെ  നാട്ടുകാരുടെ രോഷം ഇരട്ടിച്ചു. റിട്ട. അധ്യാപകൻ പത്മാലയത്തിൽ കേശവൻനായർ, ഭാര്യ പത്മാവതി എന്നിവരുടെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ പുറത്താകുന്നത് പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം. 
   മോഷണത്തിനായി വീട്ടിൽ കയറിയ പ്രതി പിടിക്കപ്പെടുമെന്ന ഘട്ടത്തിലാണ് കൊല നടത്തിയതെന്നാണ് പൊലീസ് നിഗമനം. നേരത്തെ മോഷണക്കേസിൽ  പ്രതിയായ അർജുന്റെ മൊബെെൽ ഫോൺ ലൊക്കേഷനും മറ്റും പരിശോധിച്ചാണ് പൊലീസ്  ഉറപ്പിച്ചത്‌. അർജുൻ സ്ഥിരമായി കൊലപാതക വീഡിയോകളും  രക്ഷപ്പെടാനുള്ള  മാർഗങ്ങളും മറ്റും അന്വേഷിച്ചതായി പൊലീസ് പറയുന്നു. 
    തങ്ങളുടെ ഏവരുടെയും പ്രിയങ്കരരായ വൃദ്ധദമ്പതികൾ കൊല്ലപ്പെട്ട്‌ മാസങ്ങൾ പിന്നിട്ടിട്ടും പ്രതികൾ കാണാമറയത്തായതിനാൽ നാട്ടുകാർക്ക്‌ പ്രതിഷേധവും സങ്കടവും ഉയർന്നിരുന്നു.  ഒടുവിൽ പ്രതികൾ പിടിയിലായതിന്റെ സന്തോഷം പങ്കുവയ്‌ക്കുമ്പോഴും തങ്ങളിൽ ഒരാൾതന്നെ ഈ കൃത്യം നടത്തിയതെന്ന്‌ വിശ്വസിക്കാനാവുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. 
  സംഭവം നടന്ന വീടിന്‌ 300 മീറ്റർ അകലെ സഹോദരനൊപ്പമാണ്‌ പ്രതി അർജുൻ  താമസിച്ചത്‌. മാതാപിതാക്കൾ നേരത്തേ മരിച്ചു. നാട്ടിൽ അത്യാവശ്യം കൂലിപ്പണിയെടുത്ത്‌ ജീവിക്കുന്നയാളാണ്‌ പ്രതി. പ്രദേശത്തെ പല വീടുകളിലും ജോലിക്കെത്തിയിരുന്നു. ഹോട്ടൽ മാനേജ്‌മെന്റ്‌ കഴിഞ്ഞ അർജുൻ കോവിഡ്‌ കാലത്താണ്‌ നാട്ടിലെത്തിയത്‌. സംഭവം നടന്ന ദിവസവും മറ്റു ദിവസങ്ങളിലും അർജുൻ പ്രദേശത്തുതന്നെ ഉണ്ടായിരുന്നതും നാട്ടുകാരെ അത്ഭുതപ്പെടുത്തുന്നു. ജൂൺ 10ന്‌ രാത്രിയാണ്‌ വൃദ്ധദമ്പതികളായ  ‌റിട്ട. അധ്യാപകൻ കേശവനും ഭാര്യ പത്മാവതിയും കൊല്ലപ്പെട്ടത്‌. 
 
 
പിന്നിൽ മോഷണശ്രമമെന്ന്‌ 
പൊലീസ്‌
 കൊലപാതകത്തിന്‌ പിന്നിൽ മോഷണശ്രമമെന്ന്‌ പൊലീസ്‌. പ്രതി അർജുനെ ചോദ്യം ചെയ്‌തതിൽനിന്ന്‌ മോഷ്‌ടിക്കാനാണ്‌ കയറിയതെന്ന്‌ പ്രതി പറഞ്ഞതായി പൊലീസ്‌ വ്യക്തമാക്കി. അതേസമയം കൊലപാതകത്തിൽ കൂടുതൽ പേർ ഉണ്ടോ എന്നതുൾപ്പെടെയുള്ള കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. രണ്ടുപേർ സ്‌റ്റെയർകേസ്‌ ഇറങ്ങിവന്ന്‌ കുത്തി എന്ന്‌ മരിക്കുന്നതിനുമുമ്പ്‌ പത്‌മാവതി പറഞ്ഞിരുന്നു. ഇതുൾപ്പെടെയുള്ള കാര്യം പരിശോധിക്കും. കേസന്വേഷണത്തിന്റെ ഭാഗമായി അഞ്ച്‌ ലക്ഷത്തിലധികം ഫോൺകോളുകൾ പരിശോധിച്ചു. മൂവായിരത്തോളം പേരെ ചോദ്യംചെയ്‌തു. നൂറ്റമ്പതിലധികം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതായി പൊലീസ്‌ പറഞ്ഞു.
 
ആശ്വാസത്തിൽ പൊലീസ്‌
   
മൂന്നുമാസം പിന്നിട്ട കൊലപാതകത്തിന്റെ ചുരുളഴിയാത്തത്‌ പൊലീസിന്‌ തലവേദന സൃഷ്‌ടിച്ചിരുന്നു. ഒരുമാസം പിന്നിട്ടതോടെ തന്നെ പല കോണുകളിൽനിന്ന്‌ പൊലീസിനുനേരെ വിമർശമുയർന്നിരുന്നു.
 ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിനടക്കം മുറവിളി ഉയർന്നിരുന്നു. എന്നാൽ ആത്മവിശ്വാസം ചോരാതെ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതി പിടിയിലായതിൽ പൊലീസിന്‌ അഭിമാനിക്കാം. സംഭവത്തിൽ ദൃക്‌സാക്ഷികളില്ലാതിരുന്നത്‌ അന്വേഷണസംഘത്തിന്‌ വലിയ വെല്ലുവിളിയായിരുന്നു. 
രണ്ടുപേർ സ്‌റ്റെയർകേസ്‌ ഇറങ്ങിവന്ന്‌ കുത്തി എന്ന്‌ മരിക്കുന്നതിനുമുമ്പ്‌ പത്മാവതി പറഞ്ഞ കാര്യം മാത്രമാണ്‌ പൊലീസിന്‌ കിട്ടിയ മൊഴി. പിന്നീട്‌ സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്‌തായിരുന്നു അന്വേഷണം. ഓരോരുത്തരുടെയും മൊഴികൾ കൃത്യമായി വിശകലനംചെയ്‌ത്‌ സമയമെടുത്ത്‌ നടത്തിയ പരിശോധനക്കൊടുവിൽ പ്രതി വലയിലാവുകയായിരുന്നു.    
തെളിവെടുപ്പിലും 
നിസ്സംഗനായി അർജുൻ
  ഇരട്ടക്കൊലപാതകത്തിൽ തെളിവെടുപ്പിനായി  കൊണ്ടുവന്നപ്പോൾ ഒരു ഭാവഭേദവുമില്ലാതെ പ്രതി അർജുൻ. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞാണ്‌ അർജുനെ കൊലപാതകം നടന്ന വീട്ടിലും അർജുന്റെ സ്വന്തം വീട്ടിലും എത്തിച്ചത്‌. പരിസര പ്രദേശത്തും തെളിവെടുപ്പ്‌ നടന്നു. തെളിവെടുപ്പിനിടയിൽ കൊലപാതകത്തിനുപയോഗിച്ച കത്തിയും ഇയാൾ കൊലപാതക സമയത്ത്‌ ധരിച്ചിരുന്ന വസ്‌ത്രവും കണ്ടെത്തിയിട്ടുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top