26 April Friday

ജില്ലയിലെ ഭൂപ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക യജ്ഞം : - മന്ത്രി കെ രാജൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
കൽപ്പറ്റ
  ജില്ലയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാൻ പ്രത്യേക യജ്ഞം നടത്തുമെന്ന്  മന്ത്രി കെ  രാജൻ പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ഭൂപ്രശ്‌നങ്ങൾ ഗൗരവമായെടുത്ത് നിശ്ചിത സമയം പ്രഖ്യാപിച്ച് മുന്നോട്ടു പോകും. 
കാരാപ്പുഴ ഇറിഗേഷൻ പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം ഡ്രൈവിന്റെ ഭാഗമായി ഡിസംബർ 31 നകം പൂർത്തീകരിക്കും. മാനന്തവാടി, തവിഞ്ഞാൽ, പേരിയ പ്രദേശങ്ങളിൽ മിച്ചഭൂമിയായി കണ്ടെത്തിയ ഭൂമി പിടിച്ചെടുത്ത് കൈവശക്കാർക്ക് നൽകാനുള്ള നടപടിയുണ്ടാകും. സർവേ നടപടിയടക്കമുള്ള കാര്യങ്ങൾക്കായി പ്രത്യേക സംഘത്തെ നിയമിക്കും. 
   ഭവന നിർമാണത്തിനും മറ്റും കെഎൽആർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസുകളിലെ നടപടികൾ വേഗത്തിലാക്കാൻ കലക്ടർ ഇതിനകം നടപടി സ്വീകരിച്ചതായി മന്ത്രി  പറഞ്ഞു. നയപരമായ കാര്യങ്ങളിലെ തീരുമാനം സർക്കാർ കൈക്കൊള്ളും.  യോഗത്തിൽ  കലക്ടർ എ ഗീത, എഡിഎം എൻ ഐ ഷാജു, സബ് കലക്ടർ ആർ ശ്രീലക്ഷ്മി, ഡെപ്യൂട്ടി കലക്ടർമാർ, മറ്റ്‌ റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
 അർഹരായ 
എല്ലാവർക്കും പട്ടയം 
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. അർഹരായ എല്ലാവർക്കും പട്ടയം നൽകും. കൈവശരേഖയുള്ളവർക്ക് മാത്രം പട്ടയം നൽകുന്നതിലുപരി ഭൂരഹിതരായ പരമാവധി ആളുകളെ ഭൂമിയുടെ അവകാശികളാക്കാനുള്ള നടപടികളാണ് നടത്തുന്നത്.  ഇതിനായി മിച്ചഭൂമി ഉൾപ്പെടെ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി വേഗത്തിലാക്കും.  ജില്ലകളിലെ ലാൻഡ്‌  ട്രിബ്യൂണലുകളെയും താലൂക്ക് ലാൻഡ്‌ ബോർഡുകളെയും ക്രിയാത്മകമാക്കി, ഭൂരഹിതരായ എല്ലാവർക്കും ഭൂമി നൽകാനുള്ള നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
  ജില്ലയിലെ താലൂക്ക് ലാൻഡ്‌ ബോര്‍ഡുകളില്‍ നിലനില്‍ക്കുന്ന 206  കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തീരിക്കാനുള്ള സമയക്രമം ഉണ്ടാക്കും. ഹാരിസണ്‍ മലയാളം ഉള്‍പ്പെടെ അധികമായി ഭൂമി കണ്ടെത്തിയ 49 പേര്‍ക്കെതിരായി നിയമ നടപടി സ്വീകരിച്ചുവരികയാണ്. ഏഴ് കേസുകള്‍ ഇതിനകം ഫയല്‍ ചെയ്തു. മറ്റു കേസുകളും ഫയല്‍ ചെയ്യാനുള്ള നടപടി  തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.   
 ഡിജിറ്റൽ സർവേ   വേഗത്തിലാക്കും 
സംസ്ഥാനത്ത് നാലു വർഷത്തിനകം  ഡിജിറ്റൽ സർവേ നടപടികൾ പൂർത്തീകരിക്കും.  400 വീതം വില്ലേജുകളിൽ ആദ്യത്തെ മൂന്നു വർഷവും നാലാം വർഷം ബാക്കിയുള്ള 380 വില്ലേജുകളിലും ഡിജിറ്റൽ സർവേ നടത്താനുള്ള ഡിപിആർ ആണ് തയ്യാറാക്കിയത്.  സെന്റർ സർവേ ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹായവും ഇക്കാര്യത്തിൽ ലഭിക്കും.  ഡിജിറ്റൽ സർവേ പൂർത്തീകരിക്കാൻ  ആവശ്യമായ 807 കോടി രൂപ സംസ്ഥാന സർക്കാർ റീ ബിൽഡ് കേരളയിലൂടെയാണ് ചെലവിടുന്നത്. 339 കോടിയുടെ പ്രാഥമിക അനുമതി ഇതിനകം നൽകി. 
   സെന്റർ സർവേ ഓഫ് ഇന്ത്യയുടെ 12 കോടിയുടെ ടെൻഡർ ഒക്‌ടോബർ 1 ന് തുറക്കുന്നതോടെ  കേരളത്തിലെ 28 സ്ഥലങ്ങളിൽ കോർസ് സാങ്കേതിക വിദ്യയുടെ സിഗ്‌നൽ സ്‌റ്റേഷനുകൾ സ്ഥാപിക്കും. സർവേയുടെ 70 ശതമാനം ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നടത്തുക. അല്ലാത്ത സ്ഥലങ്ങളിൽ ഇടിഎസ് ഉപകരണങ്ങൾ ഉപയോഗിക്കും. സംസ്ഥാനത്ത് കേന്ദ്ര പദ്ധതിയാണ് നടപ്പാക്കുന്നതെന്ന പ്രചാരണം വസ്തുതാപരമല്ലെന്ന് മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top