19 April Friday

റോഡിന്റെ ശോച്യാവസ്ഥ: 
യുഡിഎഫിൽ ‌ തമ്മിലടി

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
പനമരം
 പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കുള്ള പനമരം പാലം പൊലീസ് സ്റ്റേഷൻ റോഡിന്റെ ശോച്യാവസ്ഥയിൽ യുഡിഎഫിനുള്ളിൽ  തമ്മിലടി മുറുകുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി  റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധമുയർന്നിരുന്നു.  മഴക്കാലമായാൽ  മുട്ടോളം ചെളിയിൽ ചവിട്ടി വേണം ബ്ലോക്ക് ഓഫീസ് റോഡിലൂടെ നടന്നുപോകാൻ.  ഈ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധമുയർന്നത്‌. യുഡിഎഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കഴിഞ്ഞദിവസം യൂത്ത് ലീഗ് പ്രവർത്തകർ  സമരം നടത്തിയിരുന്നു. എന്നാൽ യൂത്ത് ലീഗ് നടത്തിയ സമരം അപഹാസ്യമാണെന്ന് ഭരണസമിതി പറഞ്ഞു.  
   ഭരണസമിതിയുടെ പ്രസ്താവനയ്ക്കു തൊട്ടുപിന്നാലെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലെ ലീഗ് അംഗം ഭരണസമിതിക്കെതിരെ രംഗത്തെത്തി.  ബ്ലോക്ക്‌ പഞ്ചായത്തിന് നിലവിലെ റോഡ് നവീകരണത്തിനുള്ള തനത് ഫണ്ട്‌ ഇല്ലെന്നുള്ള വസ്തുത മനസ്സിലാക്കിയിട്ടാണ് യൂത്ത് ലീഗ് ഇത്തരത്തിലൊരു പ്രതിഷേധവുമായി വന്നതെന്ന് ഭരണസമിതി പറഞ്ഞു.  പഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡിലാണ് നിലവിൽ പനമരം പാലം –-പൊലീസ് റോഡ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ പത്തു വർഷത്തോളമായി ഈ വാർഡിനെ പ്രതിനിധീകരിക്കുന്നത് ലീഗ്‌ മെമ്പർമാരാണ്. എന്നിട്ടും റോഡിന്റെ ശോച്യാവസ്ഥക്ക്‌ പരിഹാരം കാണാനായില്ല. നിലവിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനും വൈസ് പ്രസിഡന്റ് സ്ഥാനം ലീഗിനുമാണ്.  ഈയൊരു സാഹചര്യത്തിൽ റോഡിന്റെ ശോചനീയാവസ്ഥയെ പറ്റിയുള്ള വിവാദങ്ങൾ യുഡിഎഫിനുള്ളിൽ തന്നെയുള്ള തമ്മിലടിയും അഭിപ്രായ വ്യത്യാസവും തുറന്നു കാണിക്കുന്നു. പഞ്ചായത്ത് പിന്തുണയോടെ സംസ്ഥാന ശുചിത്വ മിഷന്റെ പ്രഥമ പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തി പനമരം മാലിന്യ സംസ്കരണവും റോഡ് നവീകരണവും യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് ബ്ലോക്ക് പഞ്ചായത്തെന്ന്  ഭരണസമിതി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top