25 April Thursday
വെങ്ങപ്പള്ളി, എടവക, പൂതാടി, മീനങ്ങാടി

4 പഞ്ചായത്തുകൾ സമ്പൂർണ തരിശുരഹിതമാകുന്നു

സ്വന്തം ലേഖകൻUpdated: Friday Sep 18, 2020
 
 
കൽപ്പറ്റ
കോവിഡ് കാലത്ത് കാർഷിക മേഖലയെ സമ്പന്നമാക്കാൻ‌ ഹരിതകേരളം മിഷൻ, കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന  തരിശുരഹിത ഗ്രാമം പദ്ധതിയിലുടെ പഞ്ചായത്തുകൾ പച്ചപ്പണിയുന്നു.   വെങ്ങപ്പള്ളി,  എടവക, പൂതാടി, മീനങ്ങാടി പഞ്ചായത്തുകളെയാണ് സമ്പൂർണ തരിശുരഹിത പഞ്ചായത്തുകളായി  തെരഞ്ഞെടുത്തിട്ടുള്ളത്. 
 വർഷങ്ങളായി തരിശായിക്കിടക്കുന്ന കരഭൂമിയും, വയലുകളും കൃഷിയോഗ്യമാക്കുകയാണ്‌ ലക്ഷ്യം. എടവക, പൂതാടി എന്നീ  പഞ്ചായത്തുകളിൽ തരിശായികിടന്ന കൃഷിയോഗ്യമായ ഭൂമികളിൽ   ഇതിനോടകം സമ്പൂർണമായി കൃഷി ഇറക്കി കഴിഞ്ഞു.   പൂതാടി പഞ്ചായത്തിൽ തരിശായിക്കിടക്കുന്നതും കൃഷിയോഗ്യമായതുമായ 7 .5 ഏക്കർ  കരഭൂമിയിലും , 80 ഏക്കർ വയലിലുമാണ്‌  കൃഷി ആരംഭിച്ചത്‌. എടവകയിൽ  തരിശായിക്കിടന്നിരുന്ന 126 ഏക്കർ കരഭൂമിയിലും ,37 ഏക്കർ വയലിലും കൃഷി ആരംഭിച്ചു. കരഭൂമിയിൽ കിഴങ്ങുവർഗങ്ങളും, വാഴയും, വയലിൽ നെൽകൃഷിയുമാണ്‌ തുടങ്ങിയത്‌. 
     മീനങ്ങാടി പഞ്ചായത്തിൽ  കൃഷിയോഗ്യമായ 25 ഏക്കർ തരിശ് വയലിലും വെങ്ങപ്പള്ളി പഞ്ചായത്തിൽ 30 ഏക്കർ വയലിൽ 22 ഏക്കറിലും നെൽകൃഷി ആരംഭിച്ചു.  വെങ്ങപ്പള്ളി, മീനങ്ങാടി പഞ്ചായത്തുകളിൽ തരിശിട്ട കരഭൂമിയിൽ കൃഷിയിറക്കുന്ന  പ്രവൃത്തിയാണ്‌ പുരോഗമിക്കുന്നത്‌. കണ്ടൈയ്‌ൻമെന്റ്‌ സോണായതിനാലാണ്‌ കൃഷി ഇറക്കുന്നത്‌ വൈകുന്നതെന്നും രണ്ടാഴ്‌ചക്കുള്ളിൽ ഈ പ്രദേശങ്ങളിലും കൃഷി ഇറക്കി നാലു‌ പഞ്ചായത്തുകളും സമ്പൂർണ തരിശുരഹിത  പഞ്ചായത്തുകളായി പ്രഖ്യാപിക്കുമെന്നും ഹരിത കേരളം മിഷൻ ജില്ലാ കോ –-ഓർഡിനേറ്റർ ഇ സുരേഷ് ബാബു പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും തരിശുഭൂമി കണ്ടെത്തി കൃഷി ഇറക്കുന്ന പ്രവൃത്തികളാണ്‌ ഹരിതകേരള മിഷൻ ഏറ്റെടുത്തിട്ടുള്ളത്‌. ഇതിൽനിന്നാണ്‌ ‌നാലു പഞ്ചായത്തുകളെ പ്രഖ്യാപനത്തിനായി തെരഞ്ഞെടുത്തത്‌.  കർഷകർ, കർഷകസംഘടനകൾ, കുടുംബശ്രീകൾ, സ്വാശ്രയസംഘങ്ങൾ എന്നിവയെല്ലാം  നാടിനെ കാർഷിക മുന്നേറ്റത്തിന്‌ രംഗത്തുണ്ട്‌. 
 
 മാതൃകയായി  ജില്ലാ മിഷൻ 
ഹരിത കേരളം മിഷന്റെ തരിശുരഹിത ഗ്രാമം പദ്ധതി ലക്ഷ്യപ്രാപ്‌തിയിലെത്തിക്കാൻ  ഹരിത ജില്ലാ മിഷൻ ജീവനക്കാരും രംഗത്ത്‌. കൃഷിയിറക്കൽ പദ്ധതിയുടെ ബോധവൽക്കരണത്തിന്റെ ഭാഗമായി   കോട്ടത്തറ  പഞ്ചായത്തിലെ  വണ്ടിയാമ്പറ്റയിലാണ്‌ ജീവനക്കാർ കൃഷി ഇറക്കിയത്‌. മിഷൻ  ജില്ലാ കോ–- ഓർഡിനേറ്റർ,  ആറ്‌ ആർപിമാർ എന്നിവരടക്കം മിഷനിൽ പ്രവത്തിക്കുന്ന  16 അംഗ ടീമാണ്‌ തുല്യമായ തുക എടുത്ത്‌ കൃഷി ഇറക്കിയത്‌.  അഞ്ച്‌ വർഷമായി തരിശു ഭൂമിയായിക്കിടന്ന 53 സെന്റ് തരിശുനിലമാണ് കൃഷിയോഗ്യമാക്കി നെല്ല്‌ നട്ടത്‌. ആയിരംമേനി എന്ന ഗുണമേന്മയുള്ള വിത്തിനമാണ്‌  ഉപയോഗിച്ചിരിക്കുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top