20 April Saturday
ആദിവാസി ഭൂവിതരണം ത്വരിതഗതിയിൽ

350 പേർ ഉടൻ ഭൂവുടമകളാവും

സ്വന്തം ലേഖകൻUpdated: Friday Sep 18, 2020

 

 
 
കൽപ്പറ്റ
ആദിവാസി ഭൂവിതരണ നടപടികൾ ഊർജിതം. സർക്കാരിന്റെ നൂറ്‌ ദിന പരിപാടിയിൽ ഉൾപ്പെടുത്തി പരമാവധി പേർക്ക്‌ ഭൂമിയും രേഖകളും നൽകും.  ബുധനാഴ്‌ച റവന്യു–-പട്ടിക വർഗ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേർന്ന്‌ നടപടികളുടെ പുരോഗതി വിലയിരുത്തി. ഭൂവിതരണത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ കെ അജീഷിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. 350 പേർക്ക്‌കൂടി ഉടൻ ഭൂമി നൽകുമെന്ന്‌ അദ്ദേഹം പറഞ്ഞു. സ്ഥലങ്ങൾ അളന്ന്‌ തിട്ടപ്പെടുത്തി ഗുണഭോക്താക്കളുടെ പേരിൽ പട്ടയവും കൈവശരേഖകളും തയ്യാറാക്കി വരികയാണ്‌.
കഴിഞ്ഞ ഒമ്പതിന്‌  60 കുടുംബങ്ങൾക്ക്‌  തൃക്കൈപ്പറ്റ പരൂർകുന്നിൽ ഭൂമി നൽകി.  കാരാപ്പുഴ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിച്ച  മേപ്പാടി, മൂപ്പൈനാട്, മുട്ടിൽ പഞ്ചായത്തുകളിലെ  കുടുംബങ്ങൾക്കാണ്‌ ഭൂമി അനുവദിച്ചത്‌. മന്ത്രി എ കെ ബാലൻ ഓൺലൈനിലൂടെ ഭൂവിതരണം  ഉദ്‌ഘാടനം ചെയ്‌തു. സി കെ ശശീന്ദ്രൻ എംഎൽഎ രേഖകൾ കൈമാറി. നേരത്തേ ഇവിടെ 54 കുടുംബങ്ങൾക്ക്‌ ഭൂമി നൽകിയിരുന്നു. 
വർഷങ്ങളായി വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന 171 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ഭൂമി അനുവദിച്ചു. പുൽപ്പള്ളി മരകാവിലും വെങ്ങപ്പള്ളി പഞ്ചായത്തിലുമാണ്‌ ഇവരെ പുനരധിവസിപ്പിക്കുന്നത്‌. മരകാവിൽ വീടുകൾ ഉൾപ്പെടെ നിർമിച്ചുനൽകി പുനരധിവാസം പൂർത്തിയാക്കി.  വെങ്ങപ്പള്ളിയിൽ വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്‌. 
മുത്തങ്ങ സമരത്തിൽ പങ്കെടുത്ത 225 പേർക്ക്‌ ഈ സർക്കാർ വന്നശേഷം ഒരേക്കർ വീതം ഭൂമി നൽകി. 57 കുടുംബങ്ങൾക്ക്‌ കൂടി നൽകാനുള്ള ഭൂമി കണ്ടെത്തിയിട്ടുണ്ട്‌. രേഖകൾ തയ്യാറാക്കുകയാണ്‌. ഇതും ഉടൻ നൽകും. 440 കുടുംബങ്ങൾക്ക്‌ നിക്ഷിപ്‌ത വനഭൂമി രേഖകൾ സഹിതം പതിച്ചുനൽകി. വൈത്തിരി താലൂക്കിൽ 286 പേർക്കും മാനന്തവാടിയിൽ 101ഉം ബത്തേരിയിൽ 51 കുടുംബങ്ങൾക്കും ഭൂമി കിട്ടി.  വനാവകാശ നിയമപ്രകാരം 85 പേർക്കാണ്‌ സ്ഥലം ലഭിച്ചത്‌. ഓരോരുത്തരും കൈവശം വച്ചിരുന്നത്‌ എത്രയാണോ, ആ ഭൂമി മുഴുവനും നൽകി. 42.43 ഹെക്ടറാണ്‌ ഇവർക്ക്‌ നൽകിയ ആകെ ഭൂമി. 25 പേരുടെ ഭൂമികൂടി തയ്യാറായിട്ടുണ്ട്‌. നിലവിൽ വനാവകാശ നിയമപ്രകാരം 581 പേർക്ക്‌ കൂടി  ഭൂമി നൽകണം. ഇതിന്റെ സർവേ നടപടികൾ പുരോഗമിക്കുകയാണ്‌. 
ലാൻഡ്‌ ബാങ്കിൽ 
6.77 ഏക്കർ 
ഏറ്റെടുത്തു
കൽപ്പറ്റ
ഭൂരഹിതരായ ആദിവാസികൾക്ക്‌ ഭൂമി നൽകുന്നതിനുള്ള ലാൻഡ്‌ ബാങ്ക്‌ പദ്ധതിയിൽ 6.77 ഏക്കർ ഭൂമി ഏറ്റെടുത്തു. ഇതിന്റെ വിതരണവും താമസിയാതെയുണ്ടാകും.  പദ്ധതി പ്രകാരം ലഭിച്ച 103 അപേക്ഷയിൽ  36 സ്ഥലങ്ങൾ അനുയോജ്യമാണെന്ന്‌ ജില്ലാതല പർച്ചേസ്‌ കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്‌. മൂന്നെണ്ണം ജില്ലാതല വിലനിർണയ നടപടികൾ പൂർത്തിയാക്കി സംസ്ഥാന എംപവേർഡ്‌ കമ്മിറ്റിക്ക്‌ സമർപ്പിച്ചിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top