26 April Friday

ഡെങ്കിപ്പനി: കൊതുകിന്റെ ഉറവിടം ഇല്ലാതാക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022
കൽപ്പറ്റ 
ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന അറിയിച്ചു. ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പുലർത്തണം. ഡെങ്കിപ്പനി പ്രതിരോധത്തിൽ ഏറ്റവും പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണം. ദേശീയ ഡെങ്കിപ്പനി ദിനമായ  16 മുതൽ കൊതുകുജന്യ രോഗ പ്രതിരോധ പരിപാടിയുടെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് ജില്ലയിൽ ആസൂത്രണംചെയ്തത്. പരിസര ശുചീകരണം, കൊതുക് ഉറവിട നശീകരണം, ശുചിത്വ ഹർത്താൽ തുടങ്ങിയ പ്രവർത്തനങ്ങളും വിവിധ ബോധവൽക്കരണ പരിപാടികളും ഇതിനോടനുബന്ധിച്ച് നടന്നുവരുന്നു.  
 ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻതന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടണം. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും രോഗം വഷളാകുന്നതും മരണവും തടയാനും സാധിക്കും.
 
എന്താണ് ഡെങ്കിപ്പനി
വൈറൽ രോഗമാണ് ഡെങ്കിപ്പനി. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് പകർത്തുന്നത്. ഈഡിസ് കൊതുകുകൾ പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
 
ലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും.
ചികിത്സ  പ്രധാനം
എത്രയും വേഗം ചികിത്സ ലഭ്യമാക്കുകയാണ് പ്രധാനം. രോഗബാധിതർ സമ്പൂർണ വിശ്രമം എടുക്കേണ്ടതാണ്. പനി മാറിയാലും മൂന്നുനാലു ദിവസം കൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലക്കുള്ളിൽ ആയിരിക്കണം. ഡെങ്കിപ്പനി ബാധിതർ കൊതുകുകടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാൻ സഹായിക്കും.
പ്രതിരോധ മാർഗങ്ങൾ
1 കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടി നിർത്തുന്നത്‌ ഒഴിവാക്കുക. ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായവ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്ത് സുരക്ഷിതമായി സംസ്‌കരിക്കുക.
2 ഫ്രിഡ്ജിനുപിറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ളവർ വേസുകൾ, വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം എന്നിവ ഒഴിവാക്കുക.
3 വെള്ളം അടച്ച് സൂക്ഷിക്കുക. ജലസംഭരണികൾ കൊതുക് കടക്കാത്ത രീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവയ്ക്കുക.
4 കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
5 ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
5 ജനലുകളും വാതിലുകളും കൊതുകുകടക്കാതെ അടച്ചിടുക.
6 പകൽ ഉറങ്ങുമ്പോഴും കൊതുകുവല ഉപയോഗിക്കുക.
7 ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കുക

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top