ബത്തേരി
അർബൻ ബാങ്ക് ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പോടെ ജില്ലയിൽ കോൺഗ്രസിനുള്ളിലെ ചേരിപ്പോര് പ്രകടമായി പുറത്തേക്ക്. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെയും മുൻ ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്‌ണനെയും അനുകൂലിക്കുന്ന നേതാക്കളും പ്രവർത്തകരുമാണ് മാസങ്ങളായി ജില്ലയിലെ കോൺഗ്രസിൽ പരസ്യമായ ഗ്രൂപ്പ് പ്രവർത്തനം നടത്തുന്നത്. കോൺഗ്രസ് ഭരണമുള്ള തദ്ദേശ സ്ഥാപനങ്ങളിലെയും സഹകരണ ബാങ്കുകളിലെയും അഴിമതിയുടെ പങ്കുപറ്റുന്നതുമായി ബന്ധപ്പെട്ടാണ് നിലവിലെ തർക്കം. അർബൻ ബാങ്ക്‌തെരഞ്ഞെടുപ്പിൽ നേതാക്കൾ തമ്മിലെ തർക്കം കൈയാങ്കളിയിലേക്ക് നീളുമെന്നായതോടെ കെപിസിസി നേതൃത്വം നേരിട്ട് ഇടപെട്ടാണ് താൽക്കാലിക ഒത്തുതീർപ്പുണ്ടാക്കിയത്. തെരഞ്ഞെടുപ്പിൽ വിജയിച്ച് പുതിയ ചെയർമാനെയും വൈസ് ചെയർമാനെയും തെരഞ്ഞെടുക്കുന്ന ഘട്ടത്തിലാണ് ഗ്രൂപ്പുപോരും നേതാക്കൾ തമ്മിലെ വിദ്വേഷവും മറനീക്കി പുറത്തായത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തീരുമാനിച്ച വൈസ് ചെയർമാൻ സ്ഥാനാർഥി ശ്രീജി ജോസഫിനെ ഐ സി ബാലകൃഷ്‌ണൻ വിഭാഗം വി ജെ തോമസിനെ സ്ഥാനാർഥിയാക്കി നാലിനെതിരെ ഒമ്പത്
വോട്ടുകൾക്ക് തോൽപ്പിച്ചാണ് ബാങ്ക് ഭരണം വരുതിയിലാക്കിയത്. തന്റെ സ്ഥാനാർഥിയെ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചതിൽ രോഷത്തിലായ എൻ ഡി അപ്പച്ചൻ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വി ജെ തോമസിനെയും പേര് നിർദേശിച്ച മീനങ്ങാടി
പഞ്ചായത്തംഗം കൂടിയായ ബേബി വർഗീസിനെയും പിന്താങ്ങിയ സി റഷീദിനെയും പാർടിയിൽനിന്ന് ആറുവർഷത്തേക്ക് പുറത്താക്കിയ വാർത്താക്കുറിപ്പിറക്കിയാണ് തിരിച്ചടിച്ചത്. വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ നേരത്തേ ചെയർമാനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഡി പി രാജശേഖരനും അപ്പച്ചന്റെ സ്ഥാനാർഥിക്കെതിരെയാണ് വോട്ട് ചെയ്‌തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..