19 April Friday

വാർത്ത വാസ്‌തവ വിരുദ്ധം: പി ഗഗാറിൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021
കൽപ്പറ്റ
നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ നിയോജകമണ്ഡലം  എൽഡിഎഫ്‌ സ്ഥാനാർഥി  ശ്രേയാംസ്‌ കുമാറിനെ പരാജയപ്പെടുത്താൻ ശ്രമിച്ചതിന് സിപിഐ എം  ജില്ലാ കമ്മിറ്റിയിൽ നടപടി എന്ന രീതിയിൽ മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതകൾക്ക് നിരക്കാത്തതാണെന്ന്  ജില്ലാ സെക്രട്ടറി പി ഗഗാറിൻ അറിയിച്ചു. 
   പാർടി സമ്മേളനകാലങ്ങളിൽ   വലതുപക്ഷശക്തികൾക്ക് കരുത്തുപകരാൻ ഇടതുപക്ഷത്തിനെതിരെ മാധ്യമങ്ങൾ സ്ഥിരമായി സ്വീകരിക്കുന്ന  നിലപാടാണിത്‌.  കോൺഗ്രസിലെ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ച്‌ നേതാക്കൾ  ആ പാർടി വിട്ട് ഇടതുപക്ഷത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. മുസ്ലിംലീഗ് സ്വന്തം സംഘടനയിലെ നേതാക്കൾ തന്നെ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് മറുപടിപറയാൻ കഴിയാതെ വിഷമിക്കുകയാണ്. ബിജെപി നേതാക്കൾ കോഴ വിവാദത്തിലകപ്പെട്ട് കേസുകൾക്കായി പൊലീസ്  സ്റ്റേഷനും കോടതികളും കയറിയിറങ്ങുന്ന ഗതികേടിലാണ്.  ഇത്തരം  വാർത്തകൾക്കിടയിലാണ്‌ വ്യാജവാർത്തകൾ നിർമിച്ച്‌‌ എല്ലാവരും ഒരുപോലെയാണെന്ന്‌ ചില മാധ്യമങ്ങൾ വരുത്തിത്തീർക്കുന്നത്‌.
സിപിഐ എം  ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഒരു പാർടിയാണ്. ഏത് പ്രശ്നങ്ങളും പാർടി  ചർച്ചചെയ്യുകയും സംഘടനാപരമായി  പ്രവർത്തകർക്ക് പിശക് വന്നാൽ അത് ചൂണ്ടിക്കാണിക്കുകയും വിവിധതരത്തിലുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യും. തെരഞ്ഞെടുപ്പിൽ  എൽഡിഎഫ്‌ സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ സിപിഐ എമ്മിന്റെ ഒരു പ്രവർത്തകനും ശ്രമിച്ചതായി പാർടി കണ്ടെത്തിയിട്ടില്ല. വാർത്തയിൽ പരാമർശിച്ച സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം  സി  കെ ശശീന്ദ്രൻ ഉൾപ്പെടെയുള്ള മുഴുവൻ സഖാക്കളും മുന്നണി സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിച്ചു എന്നാണ് വിലയിരുത്തൽ.  തെറ്റായ വാർത്തകൾ നൽകി സമ്മേളനകാലത്ത് പാർടിയെ ദുർബലപ്പെടുത്താൻ നടത്തുന്ന പരിശ്രമങ്ങളെ അർഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയണമെന്ന്‌  പി ഗഗാറിൻ  അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top