19 April Friday

തുരങ്കപാത: നാളെ സർവേ തുടങ്ങും

സ്വന്തം ലേഖകൻUpdated: Thursday Sep 17, 2020
കൽപ്പറ്റ
കോഴിക്കോട്‌ –-വയനാട്‌ ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാം പൊയിൽ –- കള്ളാടി തുരങ്കപാത  പദ്ധതിയുടെ‌  സർവേ പ്രവർത്തനങ്ങൾക്ക്‌ വെള്ളിയാഴ്‌ച തുടക്കമാവും. കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെ  12 അംഗ സംഘം സർവേ,  ഫീൽഡ് ഇൻവെസ്റ്റിഗേഷൻ,  ട്രാഫിക് സ്റ്റഡി എന്നിവക്കായി വെളളിയാഴ്‌ച കോഴിക്കോട്‌ എത്തും. തുടർന്ന്‌ തിരുവമ്പാടി  എംഎൽഎ ജോർജ്‌ എം തോമസ്‌, കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദ്രൻ എന്നിവരടക്കമുള്ള ജനപ്രതിനിധികളുമായി ചർച്ചചെയ്‌ത്‌ സർവേ നടപടികളിലേക്ക്‌ കടക്കും.  പദ്ധതി നിർവഹണ ഏജൻസിയായ ഡെപ്യൂട്ടി ചീഫ് എൻജിനീയർ (പ്രോജക്ട് ) കേണൽ രവിശങ്കർ ഖോഡകെയുടെ  നേതൃത്വത്തിലുള്ള എൻജിനീയറിങ്‌ സംഘമാണ് എത്തുന്നത്. സർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക്‌ കിഫ്‌ബി വഴി 658 കോടി രൂപ ലഭ്യമാക്കുന്നതിന് മന്ത്രിസഭാ യോഗം  നേരത്തേ അംഗീകാരം നൽകിയിരുന്നു.  തുരങ്കപാതയുടെ ഔദ്യോഗിക ലോഞ്ചിങ്‌ ഒക്‌ടോബർ അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  
    പുണെയിൽനിന്നും സംഘം 14ന്‌ സംസ്ഥാനത്ത്‌ എത്താനായിരുന്നു നിശ്‌ചയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം യാത്ര വൈകുകയായിരുന്നു.   കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിൽനിന്നും  തുടങ്ങുന്ന തുരങ്കപാത ‌ വയനാട്ടിലെ മേപ്പാടി കള്ളാടിയിലാണ് അവസാനിക്കുക ‌. 17 കിലോമീറ്റർ  ദൈർഘ്യത്തിലുള്ള പാതയിൽ 7.8 കിലോമീറ്ററാവും തുരങ്കം നിർമിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top