25 April Thursday
മാനന്തവാടി ബ്ലോക്ക്‌

ഭവനനിർമാണത്തിന്‌ 4.15 കോടി

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023
 
മാനന്തവാടി
ഭവനനിർമാണത്തിനും -ആരോഗ്യമേഖലയ്‌ക്കും മുൻഗണന നൽകി മാനന്തവാടി  ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്‌. 90.28 കോടി രൂപ വരവും 90.19 കോടി ചെലവും 8.53 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ എ കെ ജയഭാരതി അവതരിപ്പിച്ചു. പ്രസിഡന്റ്‌ ജസ്‌റ്റിൻ ബേബി അധ്യക്ഷനായി. 
ഭവനനിർമാണത്തിന് ജനറൽ വിഭാഗത്തിന്‌ 110.52 ലക്ഷം, പട്ടികവർഗ വിഭാഗത്തിത് 274.80 ലക്ഷം പട്ടികജാതി വിഭാഗത്തിന് 29.40 ലക്ഷം രൂപയും വിനിയോഗിക്കും. പെരുന്നന്നൂർ സിഎച്ച്‌സിയിൽ ആധുനിക ലാബ് സജ്ജീകരിക്കും. പേര്യ സിഎച്ച്‌സിയിൽ ആധുനിക ഒപി നിർമാണത്തിന്‌ 1. 39 കോടി രൂപ വകയിരുത്തി. കനിവ് പദ്ധതി വിപുലപ്പെടുത്താൻ 50 ലക്ഷം നീക്കിവച്ചു. 
പെയിൻ ആൻഡ്‌ പാലിയേറ്റീവ് സെക്കൻഡറി ഹോം കെയർ സംവിധാനത്തിന് 10 ലക്ഷം,  നല്ലൂർനാട് ഡയാലിസിസ് സെന്ററിന്‌ 24 ലക്ഷം,  സായാഹ്ന ഒപി സംവിധാനത്തിന്‌ 19.5 ലക്ഷം രൂപയുമുണ്ട്‌. 
ക്ഷീരകർഷകർക്ക് പ്രോത്സാഹന വില നൽകാൻ 60 ലക്ഷം രൂപ വിനിയോഗിക്കും. 15 ലക്ഷം രൂപ ചെലവഴിച്ച്‌ ചാണക സംസ്കരണ യുണിറ്റ് ആരംഭിക്കും. മൊബൈൽ വെറ്ററിനറി ക്ലിനിക്കിന് 20.5 ലക്ഷം രൂപയുണ്ട്‌.
ജലസേചന, ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കനാൽ, ചെക്ക്ഡാം നിർമാണത്തിന് 31.38 ലക്ഷം രൂപ വകയിരുത്തി. നെൽകൃഷി  കൂലിചെലവ് സബ്സിഡി നൽകാൻ 22.50 ലക്ഷം രൂപയുണ്ട്‌. വന്യമൃഗശല്യ പ്രതിരോധത്തിന്‌ തിരുനെല്ലി പഞ്ചായത്തിൽ 25 ലക്ഷം രൂപ വിനിയോഗിച്ച്‌  ഫെൻസിങ് സ്ഥാപിക്കും. 
തൊഴിലുറപ്പ് പദ്ധതിയിൽ 12 ലക്ഷം തൊഴിൽദിനങ്ങൾ സൃഷ്ടിക്കും. തൊഴുത്ത്, ആട്ടിൻകൂട് നിർമാണത്തിന് 25.97 കോടി രൂപയും വേതനം നൽകാൻ 38.95 കോടിയുമുണ്ട്‌. ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന പി കെ കാളന്റെ സ്മൃതിദിനം വിപുലമായി ആചരിക്കും.  പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കുന്ന മൂന്ന്‌ വീതം ലൈബ്രറികൾ ഡിജിറ്റലാക്കും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top