18 December Thursday
കേരള പ്രീമിയർ ലീഗ്‌

ഫൈനലിന്‌ ഇന്ന്‌ ഗോകുലം–കോവളം പോര്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023
കൽപ്പറ്റ
കേരള പ്രീമിയർ ലീഗ്‌ കലാശപ്പോരാട്ടത്തിന്‌ ഒരു മത്സരം മാത്രം അവശേഷിക്കെ ഫുട്‌ബോൾ ചൂടിൽ ജില്ല. സെമി മത്സരങ്ങൾ തുടങ്ങിയ ദിവസം മുതൽ ജില്ലയിൽ വൈകിട്ട്‌ മഴഭീഷണി ഉണ്ടെങ്കിലും നൂറുകണക്കിനുപേർ മത്സരം കാണാനെത്തുന്നുണ്ട്‌. വ്യാഴാഴ്‌ച നടക്കുന്ന ഗോകുലം എഫ്‌സി, കോവളം എഫ്‌സി രണ്ടാംപാദ മത്സരത്തോടെ ഫൈനൽ ചിത്രം തെളിയും. വയനാട്‌ യുണൈറ്റഡ്‌ എഫ്‌സിയെ കീഴടക്കി കേരള യുണൈറ്റഡ്‌ എഫ്‌സി  ഫൈനലിൽ ഇടംപിടിച്ചിട്ടുണ്ട്‌.
    ഒന്നാം പാദത്തിൽ കോവളം എഫ്‌സിക്ക്‌ മേൽ ‌ഒരു ഗോൾ ലീഡ്‌ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ്‌ ഗോകുലം രണ്ടാം പാദത്തിനിറങ്ങുന്നത്‌. തുടക്കം മുതൽ നിരന്തരം ആക്രമിച്ച്‌ കളിച്ചെങ്കിലും അവസാനനിമിഷമാണ്‌ ഗോകുലത്തിന്‌ സ്‌കോർ ചെയ്യാനായത്‌. മികച്ച പന്തടക്കവും ഒത്തിണക്കവുമാണ്‌ ഗോകുലത്തിന്റെ കളത്തിലെ കരുത്ത്‌.  ഷോട്ട്‌ പാസുകളും ലോങ്‌ പാസുകളും ഒരുപോലെ വഴങ്ങുന്ന താരങ്ങൾ ഏത്‌ ടീമിനും ഭീഷണിയാണ്‌. എന്നാൽ ഫിനിഷിങ്ങിലെ പോരായ്‌മകളും  മിസ്‌ പാസുകളിൽനിന്ന്‌ കോവളം നടത്തുന്ന പ്രത്യാക്രമണങ്ങളും ഗോകുലത്തെ ആശങ്കപ്പെടുത്തുന്നുണ്ട്‌. 
   അതേസമയം സൂപ്പർ സിക്‌സിൽ നാല്‌ ഗോളിന്‌ ഗോകുലത്തിൽനിന്ന്‌ പരാജയം ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും ആദ്യപാദ സെമിയിൽ  പൊരുതിനിന്നതിന്റെ ആത്മവിശ്വാസം  കോവളത്തിനുണ്ട്‌. അവസാനനിമിഷംവരെ ചെറുത്തുനിന്നശേഷമാണ്‌ കോവളം കീഴടങ്ങിയത്‌. കോവളത്തിന്റെ പ്രതിരോധവും ഗോളിയും മികച്ച ഫോമിലാണ്‌.  എന്നാൽ എതിർ ഗോൾമുഖത്ത്‌ അപകടകരമായ ഒരു നീക്കംപോലും നടത്താനാവാതിരുന്നത്‌ കോവളത്തിന്റെ ദൗർബല്യമാണ്‌. വ്യാഴാഴ്‌ച തുടക്കത്തിൽ തന്നെ ഗോൾ നേടിയാൽ കോവളത്തിന്‌ ഗോകുലത്തെ സമ്മർദത്തിലാക്കാം. രാത്രി 7.30നാണ്‌ മത്സരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top