20 April Saturday
ആശങ്കയിൽ നാട്ടുകാർ

കാട്ടാനയ്‌ക്കും കടുവയ്‌ക്കും പിന്നാലെ കരടികളും

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

കൂടല്ലൂരിൽ പമ്പ് ഹൗസിന്റെ തറ കരടി തകർത്തനിലയിൽ

 
ബത്തേരി
കാട്ടാനയ്‌ക്കും കടുവയ്‌ക്കും  പുലിക്കും പുറമെ  കരടികളും കാടിറങ്ങുന്നത്‌ വനയോര ഗ്രാമങ്ങളെ ആശങ്കയിലാക്കുന്നു.  മാസങ്ങളായി കാട്ടാനയുടെയും കടുവയുടെയും ആക്രമണങ്ങളുടെ വാർത്തകളായിരുന്നു ജില്ലയിലെ വനത്തോട്‌ ചേർന്നുള്ള  ഗ്രാമങ്ങളിൽ നിന്നുണ്ടായത്‌. കാട്ടാനയുടെ ആക്രമണത്തിൽ ലക്ഷങ്ങളുടെ കൃഷിനശിക്കുകയും കടുവകളുടെ ആക്രമണത്തിൽ നിരവധി കന്നുകാലികൾ ചാകുകയും ചിലതിന്‌ മാരകമായ പരിക്കുമുണ്ടായി. കാട്ടാനകളുടെയും കടുവകളുടെയും  ആക്രമണം നാട്ടുകാരെയും വനപാലകരെയും ഒരുപോലെയാണ്‌ വലച്ചത്‌. അടുത്ത നാളുകളിൽ കാട്ടാനകളുടെയും കടുവകളുടെയും ആക്രമണങ്ങളുടെ എണ്ണം കുറഞ്ഞിരുന്നു. ഇതിനിടെയാണ്‌ ഭീതിപരത്തി കരടികളും കാടിറങ്ങുന്നത്‌. മുമ്പ്‌ കരടികൾ തീറ്റതേടി നാട്ടിലിറങ്ങുന്നത്‌ അപൂർവമായിരുന്നു.  ഏതാനും ആഴ്‌ചകളായി വന്യജീവി സങ്കേതത്തിന്റെ പല അതിർത്തി ഗ്രാമങ്ങളിലും കരടികളുടെ സാന്നിധ്യമുണ്ട്‌. ദേശീയപാതയിൽ ഉൾപ്പെടെ ഒന്നിലധികം  കരടികൾ ഒന്നിച്ച്‌ നടന്നുപോകുന്ന കാഴ്‌ചകളുമുണ്ടായി. കാട്ടുതേനാണ്‌ കരടികളുടെ ഇഷ്ടഭക്ഷണം. തേൻകൂടുകളുള്ള മരങ്ങളും പുറ്റുകളും  കരടികൾ എത്തുന്ന വന ഭാഗങ്ങളാണ്‌. കാട്ടിൽ വരൾച്ചയും കാട്ടുതീയും രൂക്ഷമായതോടെയാണ്‌ നാട്ടിലേക്കുള്ള കരടികളുടെ വരവ്‌ കൂടിയത്‌. കർഷകരുടെ കൃഷിയിടത്തിലെ തേനീച്ച കൂടുകളാണ്‌ കരടികളെ ആകർഷിക്കുന്ന മറ്റൊരു ഘടകം.  ആഴ്‌ചകളായി പൂതാടി പഞ്ചായത്തിലെ വാകേരി, തേൻകുഴി, ഗാന്ധിനഗർ, മൂടക്കൊല്ലി ഭാഗങ്ങളിൽ കരടികൾ ഇറങ്ങിയിരുന്നു. 
 
പമ്പ്‌ ഹൗസിന്റെ 
തറ തകർത്തു
പുൽപ്പള്ളി
തേനീച്ച കൂടുകൾ തേടിയെത്തിയ കരടി വാകേരി ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ്‌ ഹൗസിന്റെ തറ മാന്തിപ്പൊളിച്ചു. കൂടല്ലൂരിൽ കുടിവെള്ളപദ്ധതി കെട്ടിടത്തിന്റെ അടിത്തറയാണ്‌ ചൊവാഴ്‌ച രാത്രിയും ഇളക്കിയത്‌. നേരത്തെയും കരടി ഇത്‌ പൊളിച്ചിരുന്നു.  പമ്പ് ഹൗസ് പ്രവർത്തനം നിലക്കുമോ എന്ന ഭയത്തിലാണ് പ്രദേശവാസികൾ. എഴുപത്തിയഞ്ചോളം  കുടുംബങ്ങൾ കുടിവെള്ളത്തിന്‌ ആശ്രയിക്കുന്ന പദ്ധതിയാണിത്‌. കഴിഞ്ഞ ദിവസം പാപ്ലശേരിയിൽ തത്തുപാറ വിജയന്റെ തേനിച്ചെപെട്ടികൾ കരടി തകർത്തു. 
 
പടം
കൂടല്ലൂരിൽ പമ്പ് ഹൗസിന്റെ തറ കരടി തകർത്തനിലയിൽ
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top