25 April Thursday
മാനന്തവാടി നഗരസഭ

ബന്ധുനിയമനവും 
അഴിമതിയും അന്വേഷിക്കണം: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023
 
മാനന്തവാടി
നഗരസഭയിൽ യുഡിഎഫ്‌ ഭരണസമിതി നടത്തിയ ബന്ധുനിയമനവും അഴിമതിയും സമഗ്രമായി അന്വേഷിക്കണമെന്ന് എൽഡിഎഫ് കൗൺസിലർമാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തിയാണ്‌ ബന്ധുനിയമനങ്ങൾ നടത്തിയത്‌. നഗരസഭക്ക് അനുവദിച്ച ഹെൽത്ത് ആൻഡ്‌ വെൽനസ് സെന്ററുകളിൽ അനധികൃത നിയമനം നടത്തുന്നതിനെതിരെ ഭരണ സമിതി യോഗത്തിൽ എൽഡിഎഫ്‌ അംഗങ്ങൾ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു.  350 പേരാണ് നിയമനത്തിനായി  കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.  ഇവരെ വഞ്ചിച്ച്‌ നിയമവിരുദ്ധമായി നിയമനം നടത്തി.  കേരള മുൻസിപ്പൽ ആക്ടിൽ  ആരോഗ്യ സ്ഥാപനങ്ങളുടെ നിയമനങ്ങൾ സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്‌. മാനേജിങ്‌ കമ്മിറ്റിയിലെ അംഗത്തെയോ കൗൺസിലറയോ അവരുടെ ബന്ധുക്കളെയോ പൊതുജനാരോഗ്യ സ്ഥാപനത്തിൽ നിയമിക്കാൻ പാടില്ല.  ഇത് പാലിക്കാതെ ഭരണകക്ഷി അംഗങ്ങളും എച്ച്എംസി അംഗങ്ങളുമായ രണ്ടുപേരുടെ  അടുത്ത ബന്ധുക്കളെയാണ് നിയമിച്ചിട്ടുള്ളത്. ചട്ടലംഘനം നടത്തിയ യുഡിഎഫ്‌ കൗൺസിൽ അംഗങ്ങളും ഹെൽത്ത് ആൻഡ്‌ വെൽനസ്‌  സെന്റർ എച്ച്എംസി അംഗങ്ങളും സ്ഥാനം രാജിവയ്‌ക്കണം. ബന്ധുനിയമനങ്ങൾ റദ്ദ് ചെയ്ത് കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരകാര്യ ഡയരക്ടർക്ക്‌ പരാതിനൽകിയിട്ടുണ്ട്‌.  നിയമനത്തിനെതിരെ കോടതിയെ സമീപിക്കും.  വിജിലൻസിന്‌ പരാതിനൽകുമെന്നും  എൽഡിഎഫ്‌ കൗൺസിലർമാർ പറഞ്ഞു. അബ്ദുൾ ആസിഫ്, വി ആർ പ്രവീജ്, പാത്തുമ്മ, വി കെ സുലോചന, സിനി ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top