26 April Friday
ആശ്വാസമായി വേനൽമഴ

നോഡൽ ഓഫീസർമാരായി; 
വരൾച്ചാ ലഘൂകരണം ഊർജിതമാകും

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023
കൽപ്പറ്റ
ജില്ലയിൽ വരൾച്ചാ ലഘൂകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു.  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്‌ താലൂക്കടിസ്ഥാനത്തിൽ നോഡൽ ഓഫീസർമാരെ നിയമിച്ചു. താപനില കൂടുതലുള്ള പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശംനൽകി കുടിവെള്ള കിയോസ്‌കുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടി പുരോഗമിക്കുകയാണ്‌.  തദ്ദേശസ്ഥാപനങ്ങളും പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്‌.  പകൽ 11 മുതൽ മൂന്ന്‌ വരെയുള്ള സമയത്ത്‌ ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത്‌ ഒഴിവാക്കണമെന്ന്‌ നിർദേശിച്ചിട്ടുണ്ട്‌. 
തോടുകളിലെയും പുഴകളിലെയും തടയണകളിൽ വെള്ളം സംഭരിക്കുന്നതിനുള്ള ശ്രമം തുടങ്ങി.  വേനൽമഴ  ലഭിക്കുമ്പോൾ  പരമാവധി ജലം സംഭരിക്കാനും നടപടി സ്വീകരിക്കുമെന്ന്‌ അധികൃതർ അറിയിച്ചു.  വേനൽ കനക്കുമ്പോൾ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്തുള്ള  മുന്നൊരുക്കവും  പുരോഗമിക്കുകയാണ്‌. വനമേഖലയോട്‌ ചേർന്ന്‌ താമസിക്കുന്നവർക്കും  വിനോദസഞ്ചാരികൾക്കും പ്രത്യേക ജാഗ്രതാ നിർദേശം നൽകുന്നുണ്ട്‌. 
കഴിഞ്ഞ ദിവസം പെയ്‌ത വേനൽമഴ ചൂടിന്‌ അൽപ്പം ശമനം നൽകിയിട്ടുണ്ട്‌. ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിൽ ശരാശരി താപനില 33 ഡിഗ്രി സെൽഷ്യസിലേക്ക്‌ ഉയർന്നിരുന്നു.  പല പ്രദേശങ്ങളിലും  35 ഡിഗ്രി സെൽഷ്യസിന്‌ മുകളിൽ  രേഖപ്പെടുത്തി. തിങ്കളാഴ്‌ച വൈകിട്ടോടെ ജില്ലയിൽ പലഭാഗങ്ങളിലും മഴപെയ്‌തു. ചൊവ്വാഴ്‌ചയും പലയിടങ്ങളിലും മഴയുണ്ടായി.  വരുംദിവസങ്ങളിലും വേനൽമഴ പ്രതീക്ഷിക്കുന്നുണ്ട്‌. ഹ്യൂം സെന്റർ ഫോർ ഇക്കോളജി നൽകുന്ന കണക്ക്‌ പ്രകാരം ചൊവ്വാഴ്‌ച ചെമ്പ്ര എസ്‌റ്റേറ്റിലാണ്‌ കൂടുതൽ ചൂട്‌ രേഖപ്പെടുത്തിയത്‌–- 34 ഡിഗ്രി സെൽഷ്യസ്‌. ബുധനാഴ്‌ച ജില്ലയിലെ ശരാശരി പകൽ താപനില 31 ഡിഗ്രി സെൽഷ്യസായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top