19 April Friday
കെഎസ്‌ആർടിസി ശമ്പളപരിഷ്‌കരണം

സർക്കാരിനെ അഭിനന്ദിച്ച്‌ ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022
 
കൽപ്പറ്റ
 കോവിഡ്‌  പ്രതിസന്ധിക്കിടയിലും കെഎസ്‌ആർടിസി ജീവനക്കാരെ ചേർത്തുപിടിച്ച സർക്കാരിനെ അഭിനന്ദിച്ച്‌ ജീവനക്കാർ.   കെഎസ്‌ആർടിസിയിലെ അടിസ്ഥാന ശമ്പളം സർക്കാർ ജീവനക്കാരുടേതിനു തുല്യമാക്കണമെന്ന ദീർഘകാല ആവശ്യം അംഗീകരിച്ചതിന്റെ ആഹ്ലാദത്തിലാണ്‌  ജീവനക്കാർ. മുൻകാല പ്രാബല്യത്തോടെയാണ്‌  ശമ്പള പരിഷ്‌കരണം യാഥാർഥ്യമാക്കിയത്‌. ഫെബ്രുവരി മുതൽ പുതുക്കിയ ശമ്പളം ലഭിക്കും. 
   4700 മുതൽ 16,000 രൂപവരെയാണ്‌ വർധന. ശരാശരി 6500 രൂപയുടെ വർധനയുണ്ടാകും. പ്രതിസന്ധിയുണ്ടെങ്കിലും 2021 ജൂൺ മുതൽ ശമ്പളം പരിഷ്‌കരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ജീവനക്കാർക്ക്‌ ഉറപ്പു നൽകിയിരുന്നു.  ഇതാണ്‌ ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്‌.  2011ലെ എൽഡിഎഫ്‌ സർക്കാരാണ്‌ ഇതിനു മുമ്പ്‌  ശമ്പളപരിഷ്‌കരണം നടത്തിയത്‌.   വനിതാ ജീവനക്കാർക്കുള്ള ചൈൽഡ്‌ കെയർ അലവൻസ്‌, ഡ്രൈവർമാർക്കുള്ള പ്രത്യേക അലവൻസ്‌ എന്നിവയും നടപ്പാക്കും. വനിതാ ജീവനക്കാർക്ക്‌ ആറു മാസം പ്രസവാവധിയും 5000 രൂപ  അലവൻസോടെ ഒരു വർഷത്തെ ശൂന്യവേതന അവധിയും പ്രഖ്യാപിച്ചതും വലിയ ആശ്വാസമായി.   പ്രതിമാസം 20 ഡ്യൂട്ടിയിൽ കൂടുതലെടുക്കുന്ന ഡ്രൈവർമാർക്ക്‌  പ്രത്യേക അലവൻസ്‌ നൽകും. 20 ഡ്യൂട്ടിവരെ ഓരോ ഡ്യൂട്ടിക്കും അമ്പത്‌ രൂപയും  20ൽ കൂടുതലാണെങ്കിൽ ഓരോ ഡ്യൂട്ടിക്കും നൂറുരൂപയും ലഭിക്കും. പരമാവധി 1600 രൂപ ഈയിനത്തിൽ ലഭിക്കും.  റിട്ടയർമെന്റ്‌ ആനുകൂല്യത്തിലും വർധനയുണ്ട്‌. മുൻ കരാറിലുണ്ടായിരുന്നതിലും  മൂന്നു ലക്ഷത്തിന്റെ വർധനയുണ്ടാകും. 
   മറ്റു സംസ്ഥാനങ്ങളിൽ ശമ്പളവർധനയ്‌ക്കും മറ്റുമായി നിരന്തരം സമരം നടത്തുമ്പോഴാണ്‌  കേരളത്തിൽ ജീവനക്കാർക്ക്‌ സർക്കാർ ആശ്വാസം പകരുന്നത്‌.  പെൻഷൻ പരിഷ്‌കരിക്കുന്നത്‌ ശമ്പളപരിഷ്‌കരണ കരാറിൽ ഉൾപ്പെടുത്താനും എം പാനലുകാരെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച നിയമപ്രശ്‌നങ്ങൾ പഠിക്കാൻ തീരുമാനിച്ചതും ജീവനക്കാർക്ക്‌ നേട്ടമായി.   ബസുകൾ ഘട്ടംഘട്ടമായി ഹരിത ഇന്ധനത്തിലേക്ക്‌ മാറ്റാനും തുടക്കമിട്ടു. സിഎൻജി, എൽഎൻജി ബസുകൾ വാങ്ങാനും നിലവിലുള്ള ഡീസൽ ബസുകൾ സിഎൻജിയിലേക്കു മാറ്റാനും  300 കോടിയാണ്‌ സർക്കാർ അനുവദിച്ചത്‌.  2020–21 വർഷം മാത്രം 1794 കോടി രൂപയാണ്‌ സർക്കാർ കെഎസ്‌ആർടിസിക്ക്‌ നൽകിയത്‌.
 
പ്രതിസന്ധിയിലും ജീവനക്കാർക്കൊപ്പം 
  കോവിഡ് വ്യാപനത്തിനു ശേഷം കെഎസ്ആർടിസി നിരവധി സങ്കീർണമായ പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്.  കാലഘട്ടത്തിനനുസരിച്ച മാറ്റം ഉൾക്കൊള്ളാതെ സ്ഥാപനത്തെ സംരക്ഷിച്ച് നിർത്താൻ കഴിയില്ല. ഈ അവസരത്തിലും  തൊഴിലാളികളുടെ  താൽപ്പര്യങ്ങൾ പരമാവധി സംരക്ഷിച്ച് പുതിയ ശമ്പള പരിഷ്‌കരണ  കരാർ യാഥാർഥ്യമാക്കാൻ തൊഴിലാളി സംഘടനകൾ വച്ച നിർദേശങ്ങൾ സർക്കാർ പൂർണമായി പിന്തുണയ്‌ക്കുകയായിരുന്നു. 
                                                                          കെ ജയരാജൻ, 
                             സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌, കെഎസ്‌ആർടിഇഎ. 

പടം..എ യു സജീവ്‌
വലിയ സന്തോഷം
പതിനൊന്ന്‌ വർഷത്തിനു ശേഷമാണ് പുതിയ ശമ്പള പരിഷ്കരണ കരാർ ഒപ്പിടുന്നത്.  കോവിഡ് കാലത്ത് സർക്കാർ സഹായംകൊണ്ട് മാത്രമാണ് കെഎസ്ആർടിസി നിലനിന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ട്രാൻസ്പോർട്ട് തൊഴിലാളികളെ ഈ സർക്കാർ കൈവിട്ടില്ല എന്നതിൽ വലിയ സന്തോഷം. 
                                                                                           എ യു സജീവ്‌, 
                                                            ഡ്രൈവർ, കെഎസ്‌ആർടിസി, കൽപ്പറ്റ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top