20 April Saturday

വികസനക്കുതിപ്പിന്‌ കരുത്തേകും: പി ഗഗാറിൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021
കൽപ്പറ്റ
എൽഡിഎഫ്‌ സർക്കാർ അവതരിപ്പിച്ച ജനക്ഷേമ ബജറ്റിലെ പ്രഖ്യാപനങ്ങൾ ജില്ലയുടെ വികസനകുതിപ്പിന്‌ വഴിയൊരുക്കുമെന്ന്‌  സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ പറഞ്ഞു. കൃഷി, ആരോഗ്യം, പാർപ്പിടം, വന്യമൃഗശല്യം, വിദ്യാഭ്യാസം, ആദിവാസി ക്ഷേമം  എന്നിവക്കെല്ലാം മുന്തിയ പരിഗണനയാണ്‌ ലഭിച്ചത്‌. കാർഷിക മേഖലയിൽ പ്രഖ്യാപിച്ച പദ്ധതികൾ  ജില്ലയുടെ കുതിച്ചു ചാട്ടത്തിന്‌ വഴിതെളിക്കും. മെഡിക്കൽ  കോളേജിന്‌  300 കോടി അനുവദിച്ചതും ‌ പുതിയ തസ്‌തികകൾ സൃഷ്‌ടിച്ചതും  അഭിമാന നേട്ടമാണ്‌.    മെഡിക്കൽ കോളേജ്‌ പദ്ധതി അട്ടിമറിക്കുകയാണെന്ന‌ യുഡിഎഫിന്റെ ആരോപണവും ഇതോടെ അസ്ഥാനത്തായി. ചരിത്രത്തിലാദ്യമായി  കാപ്പിക്ക്‌ താങ്ങുവില പ്രഖ്യാപിച്ച സർക്കാർ ജില്ലയിലെ നൂറുകണക്കിന്‌ കാപ്പി കർഷകരെയാണ്‌ ചേർത്തുപിടിച്ചത്‌. കാപ്പിക്കുരുവിന്‌ 90 രുപയാണ്‌ താങ്ങുവില പ്രഖ്യാപിച്ചത്‌. വിലയില്ലാതെ പ്രതിസന്ധിയിലായ കാപ്പി കർഷകർക്ക്‌ വലിയ അനുഗ്രഹമാണിത്‌. ‌
വയനാടൻ കോഫി ബ്രാൻഡ്‌ ചെയ്‌ത്‌ വിൽക്കാനുള്ള തീരുമാനവൂം ആഹ്‌ളാദകരമാണ്‌. ഇതിനായി ബ്രഹ്മഗിരിക്ക്‌ അഞ്ചുകോടി രൂപയും അനുവദിച്ചിട്ടുണ്ട്‌. കുടുംബശ്രീ കിയോസ്‌കുകൾ വഴി വിൽപ്പനയ്‌ക്കും തീരുമാനിച്ചിട്ടുണ്ട്‌. ഇതുവഴി കുടുംബശ്രീ പ്രവർത്തകർക്കും ഉപജീവനമാകും. നെല്ലിന്റെ താങ്ങുവില വർധിപ്പിച്ച തീരുമാനവും, റബറിന്റെ താങ്ങുവില വർധിപ്പിച്ചതും നേട്ടമാവും. വന്യമൃഗശല്യം പരിഹരിക്കാനായി തുക വകയിരുത്തിയത്‌ അതിർത്തി മേഖലയിലെ  കർഷകർ അനുഭവിക്കുന്ന പ്രതിസന്ധികൾ‌ പരിഹരിക്കാനുതുകന്നതാണ്‌. 
ജില്ലയിൽ  പഴശി ട്രൈബൽ കോളേജ്‌ സ്ഥാപിക്കാനുള്ള തീരുമാനം ആദിവാസി മുന്നേറ്റത്തിന്‌ വഴിയൊരുക്കും. തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ ക്ഷേമനിധി ഏർപ്പെടുത്തുന്നത്‌ പട്ടികജാതി–-പട്ടികവർഗ വിഭാഗങ്ങൾ  ഏറ്റവും കൂടുതലുള്ള നമ്മുടെ ജില്ലയ്‌ക്കാണ്‌ ‌ കൂടുതൽ ഗുണകരമാവുക. അവശകുടുംബങ്ങൾക്ക്‌ പകുതി വിലയ്‌ക്ക്‌ ലാപ്‌ടോപ്പും പാവങ്ങൾക്ക്‌ സൗജന്യ ഇന്റർനെറ്റും ലഭിക്കുന്നത്‌ ഈ മേഖലയിൽ വലിയ മാറ്റമുണ്ടാക്കും. 
യാത്രാക്ലേശം അനുഭവിക്കുന്ന ജില്ലയിൽ ബദൽ പാതയുടെ ഭാഗമായുള്ള കള്ളാടി –-ആനക്കാം പൊയിൽ തുരങ്കപാതക്കും ബജറ്റിലൂടെ ഗതിവേഗമുണ്ടാവും. വിനോദ സഞ്ചാര തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരിക്കാനുള്ള തീരുമാനവും ടൂറിസം നിക്ഷേപകർക്ക് പലിശ ഇളവോടെ വായ്പ നൽകാനുള്ള തീരുമാനവും ജില്ലയ്‌ക്ക്‌  വലിയ നേട്ടമുണ്ടാക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top