25 April Thursday
- ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം

എകെഎസ്‌ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

ബത്തേരി വൈൽഡ്‌ലൈഫ്‌ വാർഡന്റെ കാര്യാലയത്തിലേക്ക്‌ എകെഎസ്‌ നേതൃത്വത്തിൽ നടത്തിയ മാർച്ച്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു

 
ബത്തേരി
ആദിവാസി യുവാവിനെ കള്ളക്കേസിൽ അകപ്പെടുത്തിയ ഫോറസ്‌റ്റ്‌ ബീറ്റ്‌ ഓഫീസർക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ ആദിവാസി ക്ഷേമസമിതി നൂൽപ്പുഴ പഞ്ചായത്ത്‌ കമ്മിറ്റി നേതൃത്വത്തിൽ ബത്തേരി വൈൽഡ്‌ ലൈഫ്‌ വാർഡൻ ഓഫീസ്‌ മാർച്ച്‌ നടത്തി. 
  നമ്പിക്കൊല്ലി കാടൻകൊല്ലി കാട്ടുനായ്‌ക്ക കോളനിയിലെ സുഭാഷിനെയാണ്‌  മുത്തങ്ങ റെയിഞ്ചിലെ നൂൽപ്പുഴ ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസറായിരുന്ന സി എസ്‌ വേണു കള്ളക്കേസിൽ കുടുക്കി അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലടയ്‌ക്കാൻ ശ്രമിച്ചത്‌. വനത്തിൽനിന്ന്‌ വേണുവും മറ്റൊരാളും ചേർന്ന്‌ മുറിച്ച ചന്ദനത്തിന്റെ തടി കോളനിക്ക്‌ സമീപം നിർത്തിയിട്ട സുഭാഷ്‌ ഓടിക്കുന്ന ജീപ്പിനകത്ത്‌ ഒളിപ്പിച്ചാണ്‌ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ വേണു കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചത്‌. താമരശേരി റെയിഞ്ചിലേക്ക്‌ ഇയാൾ സ്ഥലം മാറിപ്പോകുന്നതിന്റെ തലേ ദിവസമാണ്‌ സംഭവം. ഇതിന്‌ മുമ്പ്‌ സുഭാഷിന്റെ ജീപ്പിൽ ചാരായം കൊണ്ടുവച്ചും കള്ളക്കേസിൽ കുടുക്കാൻ ഇതേ ഫോറസ്‌റ്റ്‌ ജീവനക്കാരൻ ശ്രമിച്ചു. ആദിവാസികളെ അന്യായമായി മർദിച്ചതിന്‌ വേണുവിനെതിരെ പൊലീസ്‌ കേസും നിലവിലുണ്ട്‌. കള്ളക്കേസിൽ അറസ്‌റ്റ്‌ ചെയ്‌ത സുഭാഷിനെ ജയിലിൽ അടയ്‌ക്കാനുള്ള വനപാലകന്റെ നീക്കം പരാജയപ്പെട്ടത്‌ സർവകക്ഷി നേതൃത്വത്തിൽ നാട്ടുകാർ നടത്തിയ ചെറുത്തുനിൽപ്പിനെ തുടർന്നാണ്‌. സംഭവത്തിൽ വനംവകുപ്പ്‌ നടത്തിയ തുടരന്വേഷണത്തിലാണ്‌ ചന്ദനം മുറിച്ചതിൽ വേണു ഉൾപ്പെടെയുള്ള യഥാർഥ പ്രതികളെ തിരിച്ചറിഞ്ഞത്‌. സംഭവം നടന്ന്‌ രണ്ടാഴ്‌ച പിന്നിട്ടിട്ടും വേണുവിനെതിരെ വകുപ്പുതല നടപടി ഇല്ലാത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്‌ നടത്തിയത്‌. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. എ സി ശശീന്ദ്രൻ അധ്യക്ഷനായി. പി ആർ ജയപ്രകാശ്‌, പി വാസുദേവൻ, ടി കെ ശ്രീജൻ എന്നിവർ സംസാരിച്ചു. സി അനിൽ സ്വാഗതം പറഞ്ഞു. കെ എം സിന്ധു, കനകരാജ്‌, കെ എൻ പുഷ്‌പ എന്നിവർ നേതൃത്വംനൽകി. സമരത്തെ തുടർന്ന്‌ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നേതാക്കൾ 
നടത്തിയ ചർച്ചയിൽ വനംവകുപ്പ്‌ കസ്‌റ്റഡിയിലുള്ള സുഭാഷിന്റെ ജീപ്പ്‌ വിട്ടുകൊടുക്കാൻ  ധാരണയായി. വകുപ്പുതല അന്വേഷണത്തിൽ ലഭിക്കുന്ന റിപ്പോർട്ട്‌ പ്രകാരം വേണുവിനെതിരെയുള്ള പരാതികളിൽ തുടർനടപടിയെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top