25 April Thursday

തവിഞ്ഞാലിൽ 2 ഷോപ്പിങ്‌ കോംപ്ലക്‌സ്‌

സ്വന്തം ലേഖകൻUpdated: Tuesday Sep 15, 2020
തലപ്പുഴ
അഞ്ച് കൊല്ലത്തെ മാത്രമല്ല, വരാനുള്ള കാലത്തെ വികസനവും അതിനാവശ്യമായ സ്രോതസും മുൻകൂട്ടി കണ്ടുള്ള പദ്ധതികളാണ് തവിഞ്ഞാലിന്റെ പ്രത്യേകത. കർഷകരും തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന പഞ്ചായത്തിൽ നടപ്പാക്കിയ പദ്ധതികളെല്ലാം അത്തരത്തിലുള്ളതായിരുന്നു. ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ വികസനത്തിൽ പുതിയ ദിശാബോധം നൽകി.
ഇതിൽ ഏറ്റവും പ്രധാനമാണ് വാളാട് നിർമാണം പൂർത്തിയാക്കിയ ഷോപ്പിങ് കോംപ്ലക്സും കമ്യൂണിറ്റി ഹാളും.
 പിന്നോക്ക മേഖലയായ വാളാടിന്റെ വികസന സ്വപ്നങ്ങൾക്ക് മിഴിവേകിയാണ് ഷോപ്പിങ് കോംപ്ലക്സ് നിർമാണം പൂർത്തിയാക്കിയത്. 70 ലക്ഷം വിനിയോഗിച്ച് മൂന്ന് നിലകളുള്ള കെട്ടിടമാണ് നിർമിച്ചത്. ഇതിന്റെ മുകൾ നിലയിലാണ് കമ്യൂണിറ്റി ഹാൾ. താഴത്തെ രണ്ട് നിലകളിൽ വ്യാപാര ആവശ്യത്തിനുള്ള മുറികളാണ്. വാടകയിലൂടെ പഞ്ചായത്തിന്റെ തനത് വരുമാനം വർധിക്കും. 13 മുറികളാണ് രണ്ട് നിലകളിലായുള്ളത്. അടിയിൽ അഞ്ചും മുകളിൽ എട്ടും. താഴെത്തെ നിലയോട് ചേർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രവും കംഫർട്ട് സ്റ്റേഷനുമുണ്ട്. ഇവ രണ്ടും പൊതുജനങ്ങൾക്ക് ഏറ്റവും അത്യാവശ്യമായതാണ്. മുറികളിലൊന്ന് മാവേലി സ്റ്റോറിന് അനുവദിച്ചു. ബാക്കിയുള്ളവയുടെ ലേലം ഉടൻ നടക്കും.
ജില്ലയെ നടുക്കിയ വാളാട്ടെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള കൺട്രോൾ റൂം പ്രവർത്തിച്ചത് ഷോപ്പിങ് കോംപ്ലക്സിന് മുകളിലെ കമ്യൂണിറ്റി ഹാളിലായിരുന്നു. ജില്ലയിലെ ഏറ്റവും വലിയ കോവിഡ് ക്ലസ്റ്ററായി വാളാട് മാറിയപ്പോൾ ഉദ്യോഗസ്ഥർ പ്രതിരോധത്തിന്റെ കോട്ടതീർത്ത് ഇവിടെ ഇരുന്നായിരുന്നു.
പ്രദേശവാസികളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു ടൗണിൽ ഷോപ്പിങ് കോംപ്ലക്‌സും മികച്ച സൗകര്യങ്ങളുള്ള സാംസ്കാരിക നിലയവും വേണമെന്നത്. രണ്ടും ഒരുകുടക്കിഴിൽ എൽഡിഎഫ് ഭരണസമിതി യാഥാർഥ്യമാക്കി. മന്ത്രി കെ കെ ശൈലജയാണ് കോംപ്ലകസ് ഉദ്ഘാടനം ചെയ്തത്.
ചുങ്കത്തും വന്നു
തലപ്പുഴ ചുങ്കത്തും ഷോപ്പിങ് കോംപ്ലക്‌സ് നിർമിച്ചു. 30 ലക്ഷം വിനിയോഗിച്ചായിരുന്നു ഇവിടുത്തെ നിർമാണം. മൂന്ന് നിലകളിലാണ് ഈ കോംപ്ലക്സും. മുകൾനില സാംസ്കാരിക നിലയത്തിനായി മാറ്റിവച്ചു. താഴെ പി പി ആലി സ്മാരക വെയ്റ്റിങ് ഷെഡിനും സൗകര്യമൊരുക്കി. ഭാവിയിൽ ഈ പദ്ധതിയും പഞ്ചായത്തിന് വരുമാനദായകമാകും. തലപ്പുഴ ടൗണിനോട് ചേർന്നായതിനാൽ കോംപ്ലക്സിൽനിന്നും മികച്ച വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 
വരുന്നു, ആധുനിക മാർക്കറ്റ്
അത്യാധുനിക സൗകര്യത്തോടെയുള്ള മത്സ്യ–-മാംസ മാർക്കറ്റിന് തറക്കല്ലിട്ടു. തലപ്പുഴ ടൗണിലാണ് മാർക്കറ്റ് നിർമിക്കുന്നത്. 50 ലക്ഷം രൂപയാണ് പ്രവൃത്തിക്ക് വകയിരുത്തിയിട്ടുള്ളത്. മാലിന്യ സംസ്കരണ സംവിധാനമുൾപ്പെടെയാണ് മാർക്കറ്റ് നിർമിക്കുക. പഞ്ചായത്തിന്റെ ആസ്ഥാനമായ തലപ്പുഴ ടൗണിൽ മികച്ച മത്സ്യ–-മാംസ മാർക്കറ്റ് വേണമെന്നത് പതിറ്റാണ്ടുകളായുള്ള നാട്ടുകരുടെ ആവശ്യമാണ്. ഇതിനും എൽഡിഎഫ് ഭരണസമിതി അടിത്തറ പാകി. ഒ ആർ കേളു എംഎൽഎ കഴിഞ്ഞ ദിവസം പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top