27 April Saturday

പരിസ്ഥിതിലോല മേഖല പൊഴുതനയിലും പ്രക്ഷോഭത്തിരി

സ്വന്തം ലേഖകൻUpdated: Tuesday Sep 15, 2020
പൊഴുതന
ജനവാസ കേന്ദ്രങ്ങൾ മലബാർ വന്യജീവി സങ്കേതത്തിന്റെ പരിസ്ഥിതി ലോല പ്രദേശങ്ങളാക്കാനുള്ള കേന്ദ്രസർക്കാരിന്റെ കരട്‌ വിജ്ഞാപനത്തിനെതിരെ  പൊഴുതനയിലും പ്രക്ഷോഭം. പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ നാടൊന്നാകെ പങ്കുചേർന്നു. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ നാട്ടിലും വീട്ടിലും ആളുകൾ പ്രതിഷേധിച്ചു. വൈകിട്ട്‌ അഞ്ചിന്‌ പൊഴുതന ടൗണിലും രാത്രി രാത്രി ഏഴിന്‌ വീടുകളിലുമായിരുന്നു സമരം. കർഷകർ, തൊഴിലാളികൾ,  രാഷ്‌ട്രീയ പാർടി പ്രവർത്തകർ, സന്നദ്ധസംഘടനാ പ്രവർത്തകർ, യുവജനങ്ങൾ, വിദ്യാർഥികൾ, വീട്ടമ്മമാർ, വ്യാപാരികൾ തുടങ്ങിയവർ പ്ലക്കാർഡുകളുയർത്തി പ്രതിഷേധിച്ചു.  കരട് വിജ്ഞാപനം റദ്ദാക്കണമെന്നും  പരിസ്ഥിതിലോല മേഖലയിൽനിന്നും ജനവാസകേന്ദ്രങ്ങളും  കൃഷിയിടങ്ങളും ഒഴിവാക്കണമെന്നതുമാണ് സമരത്തിന്റെ ‌ പ്രധാന ആവശ്യം.  
പഞ്ചായത്തിലെ പൊഴുതന, അച്ചൂരാനം വില്ലേജുകളാണ്‌ കേന്ദ്രവിജ്ഞാപനത്തിന്റെ കരടിൽ ഉൾപ്പെട്ടിട്ടുള്ളത്‌.  ജനപ്രതിനിധികളുമായോ, തദ്ദേശസ്ഥാപനങ്ങളുമായോ ആശയവിനിമയം നടത്താതെയും പൊതുജനാഭിപ്രായം തേടാതെയുമാണ്‌‌ കേന്ദ്രനീക്കം‌.  കേന്ദ്രത്തിന്റെ ഏകപക്ഷീയ നടപടിക്കെതിരെ സി കെ ശശീന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന പഞ്ചായത്ത്‌ പ്രസിഡന്റുമാരുടെ യോഗതീരുമാന പ്രകാരമാണ്‌ പ്രക്ഷോഭം. 
വൈത്തിരിയിലെ കുന്നത്തിടവക വില്ലേജും തരിയോട്‌ പഞ്ചായത്തിലെ തരിയോട്‌ വില്ലേജും കരട്‌ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്‌. രണ്ട്‌ പഞ്ചായത്തുകളിലും ഇതിനെതിരെ സമരങ്ങൾ നടന്നു. വൈത്തിരിയിൽ പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിലും തരിയോട്‌ സിപിഐ എം നേതൃത്വത്തിലുമായിരുന്നു സമരം. പരിസ്ഥിതിലോല മേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾക്ക്‌ നിയന്ത്രണമുണ്ടാകും.  ആറളം വന്യജീവി സങ്കേതത്തിന്റെ ബഫർ സോണായി തിരുനെല്ലി വില്ലേജിനെയും ഉൾപ്പെടുത്താനുള്ള നീക്കങ്ങളുണ്ട്‌. ഇതിനെതിരെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾക്ക്‌ തുടക്കമിട്ടു.
പൊഴുതന ടൗണിൽ സമരം സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ സി പ്രസാദ്‌ അധ്യക്ഷനായി. കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ കെ ഹംസ, സി എച്ച്‌ മമ്മി, കെ വി ഉസ്‌മാൻ, സുനീഷ്‌ തോമസ്‌, സി എം ശിവരാമൻ, സി എം ബാലൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സെയ്‌ദ്‌ സ്വാഗതവും പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എ ഇന്ദിര നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top