18 April Thursday

ബംഗളൂരുവിൽ ലോക്ക്‌ ഡൗൺ മുത്തങ്ങവഴി കൂടുതൽ പേർ ; തിരക്കിൽ മുങ്ങി ബത്തേരി നഗരം

സ്വന്തം ലേഖികUpdated: Wednesday Jul 15, 2020

 

കൽപ്പറ്റ
കർണാടകയിൽ രോഗികളുടെ എണ്ണം വർധിച്ചതും ബംഗളുരുവിൽ ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചതും കാരണം മുത്തങ്ങ  ചെക്ക്‌ പോസ്‌റ്റ്‌  വഴി സംസ്ഥാനത്തേക്ക്‌ കടക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. ചൊവ്വാഴ്‌ച  കൂടുതൽ പേരെത്തിയത്‌ ചെക്ക്‌ പോസ്‌റ്റിലും ബത്തേരി നഗരത്തിലും അഭൂതപൂർവമായ തിരക്കിന്‌ കാരണമായി.  ഉച്ചക്ക്‌ രണ്ട്‌  വരെ മാത്രം അതിർത്തി കടന്നത്‌  200 വാഹനങ്ങളിലായി 535 യാത്രക്കാർ.  ഇതോടെ പൊലീസ്‌ പരിശോധന ശക്തമാക്കി.  അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ ബീനാച്ചിയിലെ പരിശോധനക്ക്‌ ശേഷമാണ്‌ കടത്തിവിട്ടത്. ‌അതിർത്തി കടന്നെത്തുന്നതാണെന്ന്‌ തിരിച്ചറിയാൻ വാഹനങ്ങളിൽ പതിപ്പിച്ച  ‘വഴിക്കണ്ണ്’‌   സ്‌റ്റിക്കർ പറിച്ച്‌ മാറ്റിയശേഷം യാത്രക്കാർ നഗരത്തിൽ കറങ്ങുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ്‌ പരിശോധന ശക്തമാക്കിയത്‌. ‌  
മെയ്‌ നാലിന്‌ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിന്‌ ശേഷം ഏറ്റവും കൂടുതൽ പേരാണ്‌ കഴിഞ്ഞ  രണ്ട്‌ ദിവസങ്ങളിലായി  മുത്തങ്ങ വഴി എത്തിയത്‌. ജൂലൈ ആദ്യവാരം തുടങ്ങിയ തിരക്ക്‌ കഴിഞ്ഞ ആഴ്‌ച അവസാനമായതോടെ വർധിച്ചു.   തിങ്കളാഴ്‌ച 1809  ആളുകളും     655 വാഹനങ്ങളും എത്തി.   ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ച മെയ്‌ നാലിന്‌ ശേഷം  തിങ്കളാഴ്‌ച വരെ  പത്ത്‌ ആഴ്‌ചകളിലായി 46828 ആളുകളും 17714 വാഹനങ്ങളും അതിർത്തി വഴി എത്തി. മെയ്‌ നാലിന്‌    കടന്നത്‌ 232 ആളുകളും 71 വാഹനങ്ങളുമാണ്‌. ആദ്യ ആഴ്‌ച 1469 വാഹനങ്ങളും 3656 ആളുകളും എത്തിയപ്പോൾ പത്താമത്തെ ആഴ്‌ച 2675 വാഹനങ്ങളും  7498 ആളുകളും എത്തി.  
ലോക്ക്‌ ഡൗൺ പിൻവലിച്ചതോടെ   അന്തർസംസ്ഥാന യാത്രകൾക്ക്‌ പാസ്‌ വേണ്ടെന്ന്‌ കേന്ദ്ര സർക്കാർ ഉത്തരവ്‌ ഇറക്കിയിട്ടുണ്ട്‌.  കോവിഡ്‌ ജാഗ്രത പോർടലിൽ പേര്‌ രജിസ്‌റ്റർ ചെയ്‌ത്‌  സംസ്ഥാനാതിർത്തി കടക്കാം.  നേരത്തെ രജിസ്‌റ്റർ ചെയ്യാത്തവർ ‌ ചെക്ക്‌ പോസ്‌റ്റിലെ ഫെസിലിറ്റേഷൻ സെന്ററിലെത്തിയാണ്‌  രജിസ്‌റ്റർ ചെയ്യുന്നത്‌. ‌ഇതോടെ  ചെക്ക്‌ പോസ്‌റ്റിൽ നീണ്ട ക്യൂവാണ്‌ അനുഭവപ്പെടുന്നത്‌.   പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ്‌ ഇവരെ  കടത്തി വിടുന്നത്‌. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top