03 July Sunday

എസ്എഫ്ഐ ഓഫീസിൽ അർധരാത്രി എസ്‌ഐയുടെ അഴിഞ്ഞാട്ടം

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

അഭിമന്യു സെന്ററിൽ അതിക്രമം നടത്തിയ എസ്‌ഐ പി പി അഖിലിന്റെ നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ കൽപ്പറ്റയിൽ നടത്തിയ പ്രകടനം

 കൽപ്പറ്റ

എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസായ അഭിമന്യു സ്മാരകത്തിനുനേരെ കൽപ്പറ്റ എസ്‌ഐയുടെ അക്രമം. വെള്ളി അർധരാത്രിയാണ്‌ എസ്‌ഐ പി പി അഖിലിന്റെ നേതൃത്വത്തിൽ അഞ്ച് പൊലീസുകാർ ഒരു മണിക്കൂറോളം ഓഫീസിന് മുന്നിൽ അഴിഞ്ഞാടിയത്. കൽപ്പറ്റ ഗവ. ഐടിഐയിൽ എസ്എഫ്ഐ പ്രവർത്തകർക്കുനേരെ നടത്തിയ അക്രമത്തിന്റെ തുടർച്ചയായാണ് അർധരാത്രി ഓഫീസിലും കാണിച്ചത്.
രാത്രി 11ഓടെ യൂണിഫോമില്ലാതെ ഓഫീസിലെത്തിയ എസ്‌ഐയും സംഘവും വാതിലിൽ ആഞ്ഞുചവിട്ടുകയായിരുന്നു. ഈ സമയം അഞ്ച്‌ എസ്‌എഫ്‌ഐ പ്രവർത്തകർ ഓഫീസിലുണ്ടായിരുന്നു. കേട്ടാലറയ്‌ക്കുന്ന തെറിവിളികളും എസ്‌ഐ നടത്തിയതായി ഓഫീസിലുണ്ടായിരുന്നവർ പറഞ്ഞു. 
ബഹളംകേട്ട്‌ സമീപവാസികളും തൊട്ടടുത്ത എ കെ ജി ഭവനിലെ ജീവനക്കാരും എത്തിയതോടെ എസ്‌ഐ ഒഴികെയുള്ള മറ്റ്‌ പൊലീസുകാർ പിൻവാങ്ങി. ആളുകൾ എത്തിയശേഷവും എസ്‌ഐ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചു. വാതിൽപൊളിച്ച്‌ അകത്തുകടന്ന്‌ പ്രവർത്തകരെ മർദിച്ച്‌ മടങ്ങുകയായിരുന്നു ലക്ഷ്യം. ബഹളംകേട്ട്‌ കൂടുതൽ പേർ ഓഫീസ്‌ പരിസരത്ത്‌ എത്തിയതോടെ എസ്ഐ പോകാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ അനുവദിച്ചില്ല. അർധരാത്രി യൂണിഫോമില്ലാതെ ഓഫീസിൽ അക്രമം നടത്തിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. മറുപടി പറയാതെ അവരോടും ഇയാൾ കയർത്തു. താൻ എസ്ഐ ആണെന്നും എല്ലാവരെയും അകത്താക്കുമെന്നും ഭീഷണിപ്പെടുത്തി. 
ഇതിനിടെ വിവരമറിഞ്ഞ്  കൽപ്പറ്റ എസ്എച്ച്ഒ പി  പ്രമോദ്   സ്ഥലത്തെത്തി. എസ്ഐ അഖിൽ എസ്എഫ്ഐ ഓഫീസിൽ വന്നത് തങ്ങളുടെ അറിവോടെയല്ലെന്നും ഇക്കാര്യത്തിൽ  നടപടി ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെയാണ് നാട്ടുകാർ പിൻവാങ്ങിയത്. തുടർന്ന് എസ്എച്ച്ഒ  അഖിലിനെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. 
പകൽ കൽപ്പറ്റ ഗവ. ഐടിഐയിലും എസ്എഫ്ഐ പ്രവർത്തകർക്കുനേരെ എസ്ഐ പരാക്രമം നടത്തിയിരുന്നു. യൂണിയൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുഡിഎസ്എഫ് പ്രവർത്തകർക്കൊപ്പമായിരുന്നു എസ്ഐയുടെ അക്രമം. ഇതിനുശേഷമാണ്‌ രാത്രി ജില്ലാ കമ്മിറ്റി ഓഫീസിലും അക്രമത്തിന്‌ മുതിർന്നത്‌.
അഭിമന്യു സ്മാരക മന്ദിരത്തിൽ അതിക്രമം നടത്തിയ കൽപ്പറ്റ എസ്ഐ പി പി അഖിലിനെതിരെ കർശന നടപടി ആവശ്യപ്പെട്ട്‌ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ   കൽപ്പറ്റ എസ്എച്ച്ഒ പി പ്രമോദിന് പരാതി നൽകി.
 
പൊലീസ്‌ അതിക്രമത്തിനെതിരെ നടപടി വേണം: എസ്‌എഫ്‌ഐ
കൽപ്പറ്റ 
എസ്എഫ്ഐ നേതാക്കളെയും പ്രവർത്തകരെയും ക്രൂരമായി മർദിക്കുകയും രാത്രി ജില്ലാ കമ്മിറ്റി ഓഫീസിൽ അതിക്രമിച്ചുകയറി സാധനസാമഗ്രികൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്‌ത കൽപ്പറ്റ എസ്‌ഐ പി പി അഖിലിനും പൊലീസുകാർക്കുമെതിരെ ശക്തമായ നടപടിയെടുക്കണമെന്ന്‌ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ഐടിഐ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങളായി പുറത്തുനിന്നുള്ള യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് ഗുണ്ടകൾ കോളേജിൽ പ്രകോപനം സൃഷ്ടിക്കുകയാണ്‌. എസ്എഫ്ഐ ജനറൽ സെക്രട്ടറി സ്ഥാനാർഥി ഷിജിലയെ മർദിച്ചതിനെതിരെ പരാതിപ്പെട്ടിട്ടും കുറ്റക്കാരെ സംരക്ഷിക്കാനാണ്‌ പൊലീസ്‌ ശ്രമിച്ചത്‌. 
വെള്ളിയാഴ്‌ച തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ സ്ഥാനാർഥികളെ  പുറത്തു നിന്നെത്തിയ യൂത്ത് ലീഗ് ഗുണ്ടകൾ ആക്രമിച്ചു. ഇതിനിടെ‌ എസ്ഐ പി പി അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അവർക്കുവേണ്ടി എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി, സംസ്ഥാന കമ്മിറ്റി അംഗം അജ്നാസ് അഹമ്മദ്, ജില്ലാ വൈസ് പ്രസിഡന്റ്‌ ജി അപർണ, ജില്ലാ സെക്രട്ടറിയറ്റംഗം അഥീന ഫ്രാൻസിസ് തുടങ്ങിയവരെ ക്രൂരമായി മർദിച്ചു.
വനിതാ പൊലീസിന്റെപോലും സാന്നിധ്യമില്ലാതെയാണ്‌ വിദ്യാർഥിനികളെ ഉൾപ്പെടെ  ക്രൂരമായി മർദിച്ചത്.
എസ്എഫ്ഐ പ്രവർത്തകരുടെ മേൽ കള്ളക്കേസ് ചുമത്താനാണ്‌ എസ്‌ഐ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്‌. ഇവിടെ നിന്നിറങ്ങിയശേഷം രാത്രി പതിനൊന്നോടെ എസ്‌ഐയുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി ഓഫീസായ അഭിമന്യു സ്റ്റുഡന്റ്‌ സെന്ററിൽ എത്തി അക്രമം നടത്തി. ഓഫീസിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അതിക്രമിച്ചുകയറി ഓഫീസിൽ കേടുപാടുകൾ ഉണ്ടാക്കി. ഗുണ്ടാപ്രവർത്തനം നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള പൊലീസിന്റെ നീക്കത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top