20 April Saturday

പട്ടയ ഭൂമികളിലെ നിർമാണ നിയന്ത്രണം: 28 മുതൽ സിപിഐ എം പ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

പട്ടയഭൂമികളിലെ നിർമാണ നിയന്ത്രണത്തിനെതിരെ സിപിഐ എം ബത്തേരി ഏരിയാ കമ്മിറ്റി നടത്തിയ ബഹുജന കൺവൻഷൻ ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്യുന്നു

ബത്തേരി
ജില്ലയിലെ പട്ടയഭൂമികളിൽ നിർമാണങ്ങൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവ്‌ മറികടക്കാൻ നിയമനിർമാണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രക്ഷോഭം ആരംഭിക്കാൻ ബത്തേരിയിൽ സിപിഐ എം നേതൃത്വത്തിൽ ചേർന്ന ബഹുജന കൺവൻഷൻ തീരുമാനിച്ചു.  
   ഹൈക്കോടതി ഉത്തരവിനെ തുടർന്ന്‌ ബത്തേരി നഗരസഭയിലും നെന്മേനി, നൂൽപ്പുഴ, അമ്പലവയൽ പഞ്ചായത്തുകളിലും നിർമാണ പ്രവൃത്തികൾ തടസപ്പെട്ടതോടെയാണ്‌ സിപിഐ എം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ബഹുജന കൺവൻഷൻ ചേർന്നത്‌.  പ്രക്ഷോഭത്തിന്റെ ഭാഗമായി 18ന്‌ മുഖ്യമന്ത്രിയെയും റവന്യൂ, തദ്ദേശ മന്ത്രിമാരെയും നേരിൽകണ്ട്‌ പ്രശ്‌നത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്ന നിവേദനം നൽകും.  28ന്‌ വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികളെ പങ്കെടുപ്പിച്ച്‌ കലക്ടറേറ്റ്‌ ധർണ നടത്തും.  30ന്‌ വില്ലേജ്‌ തലത്തിൽ പട്ടയ ഉടമകളുടെ യോഗം ചേരും. ഫെബ്രുവരി ആറ്‌, ഏഴ്‌ തീയതികളിൽ ഒപ്പ്‌ ശേഖരണം നടത്തി മുഖ്യമന്ത്രിക്കും ഗവർണർക്കും പിന്നീട്‌ കൈമാറും. ഫെബ്രുവരി 13ന്‌ വീടുകളിൽ പ്രതിഷേധജ്വാല തെളിക്കും. 
   നഗരസഭാ ഹാളിൽ ചേർന്ന കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം സുരേഷ്‌ താളൂർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം വി വി ബേബി, സി കെ സഹദേവൻ, ബേബി വർഗീസ്‌, ടി കെ രമേശ്‌, എം എസ്‌ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി ആർ ജയപ്രകാശ്‌ സ്വാഗതവും പി കെ രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top