25 April Thursday

ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഓൺലൈൻ തട്ടിപ്പ്: പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022
കൽപ്പറ്റ
   ഓൺലൈൻ ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്ത്  തട്ടിപ്പ്‌ നടത്തിയ പ്രതികളെ  വയനാട് സൈബർ പൊലീസ്  പിടികൂടി.  ബത്തേരി സ്വദേശിനിയിൽനിന്ന്‌ 12.50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളാണ്‌ പിടിയിലായത്‌.   അസം സ്വദേശികളായ ഹബീബുൽ ഇസ്ലാം (25), ബഷ്റുൽ  അസ്ലം (24) എന്നിവരെയാണ് വയനാട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി കെ ജിജീഷിന്റെ നേതൃത്തിലുള്ള പൊലീസ് സംഘം മുംബൈയിലെ ഓശിവരയിൽ നിന്നും അറസ്റ്റ് ചെയ്തത്.
     2021 ഡിസംബറിൽ പരാതിക്കാരിയോട്‌ ജോലി നൽകി മാസം 35,000 രൂപ ശമ്പളം നൽകാം എന്ന് വിശ്വസിപ്പിച്ചാണ്‌  12.50 ലക്ഷത്തോളം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിച്ച്‌ കബളിപ്പിച്ചത്‌. 
തട്ടിപ്പാണെന്ന് മനസ്സിലായ പരാതിക്കാരി  സൈബർ പൊലീസിൽ പരാതി നൽകി.   മുംബൈയിലുള്ള  ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിക്കപ്പെട്ടതെന്ന്‌ പൊലീസ്‌ അന്വേഷണത്തിൽ വ്യക്തമായി.  സൈബർ സ്റ്റേഷനിലെ ഇൻസ്‌പെക്ടറും, എസ് സി പി ഓമാരായ കെ എ സലാം , പി എ ശുക്കൂർ , എം എസ് റിയാസ്, ജബലു റഹ്മാൻ, സി വിനീഷ  എന്നിവരും മുംബയിലെത്തി നവി മുംബൈയിലെ ഗുൽഷൻ നഗർ എന്ന സ്ഥലത്തുള്ള ഗലിയിൽനിന്നും ബാങ്ക് അക്കൗണ്ട് ഉടമകളായ രണ്ടു യുവാക്കളെ സഹസികമായി കസ്റ്റഡിയിലെടുത്തു.   ഇവരെ ചോദ്യം ചെയ്തതിൽ തട്ടിപ്പിന്റെ സൂത്രധാരന്മാരെക്കുറിച്ച് ചില സൂചനകൾ ലഭിച്ചു. മുംബൈയിലെ ഓശിവരാ എന്ന സ്ഥലത്തുനിന്നാണ്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌. 
  പ്രതികളുടെ കൈയിൽ നിന്നും  തട്ടിപ്പിലൂടെ സമ്പാദിച്ച 5.35 ലക്ഷം രൂപയും കുറ്റകൃത്യം ചെയ്യാനായി ഉപയോഗിച്ച 13 മൊബൈൽ ഫോൺ, നിരവധി വ്യാജ സിം കാർഡുകൾ, 3 ലാപ്ടോപ്പ്, നിരവധി ഡെബിറ്റ്, ക്രെഡിറ്റ്‌ കാർഡ്, ബാങ്ക് പാസ് ബുക്ക്‌, ചെക്ക് ബുക്ക്‌ എന്നിവയും കണ്ടെത്തി പിടിച്ചെടുത്തു.  ആഡംബര കാറും പൊലീസ് പിടിച്ചെടുത്തു. പ്രതികളെ കൽപ്പറ്റ സിജെഎം കോടതിയിൽ ഹാജരാക്കി.  മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിവിധ ആളുകളെ സമാനമായ രീതിയിൽ ഇവർ വഞ്ചിച്ചതായി വ്യക്തമായിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top