19 April Friday

പി ടി സ്‌മരണയിൽ പച്ചക്കറി നട്ട്‌ സഖാക്കൾ

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022
മീനങ്ങാടി
  പി ടി ഉലഹന്നാന്റെ സ്‌മരണയിൽ ഓഫീസ്‌ വളപ്പിൽ പച്ചക്കറി വിത്തുകളും തൈകളും നട്ട്‌  മീനങ്ങാടിയിലെ സിപിഐ എം പ്രവർത്തകർ. പുതുതായി രൂപീകരിച്ച സിപിഐ എം മീനങ്ങാടി ഏരിയാ കമ്മിറ്റിയുടെ ഓഫീസിനായി സ്വകാര്യ വ്യക്തി സൗജന്യമായി വിട്ടുനൽകിയ കെട്ടിടത്തിന്റെ അനുബന്ധമായുള്ള 33 സെന്റ്‌ സ്ഥലത്താണ്‌ പാർടി പ്രവർത്തകർ പച്ചക്കറിയും പൂക്കളും നട്ടുപിടിപ്പിക്കുന്നത്‌. 
    കഴിഞ്ഞ മാസം 23ന്‌ ടൗണിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്‌ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിൽ 29ന്‌ മരണപ്പെട്ട സിപിഐ എം ഏരിയാ കമ്മിറ്റി അംഗവും പഞ്ചായത്തിലെ മുതിർന്ന നേതാവും സഹകാരിയുമായ പി ടി ഉലഹന്നാന്റെ ശ്രമഫലമായാണ്‌ ഓഫീസിന്‌ വാടകയില്ലാതെ കെട്ടിടവും സ്ഥലവും വിട്ടുകിട്ടിയത്‌.  ടൗൺ മധ്യത്തിലുള്ള കെട്ടിടത്തിന്റെ നവീകരണത്തിലും സ്ഥലം കൃഷിക്ക്‌ അനുയോജ്യമാക്കി മാറ്റുന്നതിനും അപകടം സംഭവിക്കുന്നതിന്‌ മണിക്കൂറുകൾ മുമ്പുവരെ പി ടി ഉലഹന്നാൻ വ്യാപൃതനായിരുന്നു.  ഓഫീസ്‌ അങ്കണത്തിൽ പച്ചക്കറികൾ വച്ചുപിടിപ്പിക്കാനുള്ള താൽപ്പര്യം സഹപ്രവർത്തകരെ അറിയിക്കുകയും അതിനായി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും വിത്തുകൾ നേരത്തേ വാങ്ങുകയുമുണ്ടായി.  
     ഓഫീസ്‌ അങ്കണം പച്ചക്കറിത്തോട്ടമാക്കാനുള്ള ആഗ്രഹം ബാക്കിയാക്കിയാണ്‌ നാട്ടുകാരുടെ പ്രിയ നേതാവ്‌ വിടപറഞ്ഞത്‌.  പി ടിയുടെ സ്വപ്‌നം സഫലമാക്കാനാണ്‌ കഴിഞ്ഞ ദിവസം പാർടി നേതാക്കളും പ്രവർത്തകരും ഓഫീസ്‌  അങ്കണത്തിൽ മുളക്‌, വെണ്ട, തക്കാളി, വഴുതന, പയർ തുടങ്ങിയ പച്ചക്കറികൾ നട്ടത്‌.  ഇനി വിവിധയിനം പൂച്ചെടികളും വച്ചുപിടിപ്പിക്കും.  നടീലിന്‌ ഏരിയാ സെക്രട്ടറി എൻ പി കുഞ്ഞുമോൾ, ഏരിയാ കമ്മിറ്റി അംഗം ടി ടി സ്‌കറിയ, ജില്ലാ പഞ്ചായത്തംഗം  സിന്ധു ശ്രീധരൻ, ടി പി ഋതുശോഭ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top