19 March Tuesday

നാട്‌ കാക്കാൻ ഒറ്റക്കെട്ടായി

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

സാമൂഹിക ജാഗരൺ സദസ്സിൽ പങ്കെടുത്തവർ പ്രതിജ്‌ഞ എടുക്കുന്നു

കൽപ്പറ്റ
രാജ്യത്തിന്റെ ഐക്യവും സ്വാതന്ത്ര്യമൂല്യങ്ങളും  കാത്തുസൂക്ഷിക്കാനുള്ള പോരാട്ടത്തിൽ  തൊഴിലാളികളും കർഷകരും -കർഷകതൊഴിലാളികളും ഒറ്റക്കെട്ടായി അണിനിരക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ ജില്ലയിൽ സാമൂഹിക ജാഗരൺ സദസ്സ്‌. കേന്ദ്ര സർക്കാരിന്റെ  കോർപറേറ്റ്‌ അടിമത്വത്തിലേക്ക്‌ ജനങ്ങളെ വിട്ടുകൊടുക്കാൻ അനുവദിക്കില്ലെന്ന ശക്തമായ സന്ദേശമാണ്‌ ജാഗരൺ സദസ്സിൽ മുഴങ്ങിയത്‌. കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ, സിഐടിയു സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷിക വേളയിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യമൂല്യങ്ങൾ കാത്തുസൂക്ഷിക്കുമെന്ന്‌ ജാഗരൺ സദസ്സിനെത്തിയവർ പ്രതിജ്‌ഞയെടുത്തു. 
രാജ്യത്താകെ കേന്ദ്ര ബിജെപി സർക്കാരിന്റെ കർഷക–-തൊഴിലാളി ദ്രോഹ നയങ്ങൾ തുറന്നുകാട്ടിയുള്ള ദേശീയ പ്രക്ഷോഭം നടക്കുന്നുണ്ട്‌. അടുത്ത ബജറ്റ്‌ സമ്മേളനത്തിൽ തൊഴിലാളികളും കർഷകരും കർഷക തൊഴിലാളികളും പാർലമെന്റിലേക്ക്‌ മാർച്ച്‌ നടത്താൻ ഒരുങ്ങുകയാണ്‌.  പ്രക്ഷോഭത്തിന്റെ  ഭാഗമായാണ്‌  ജനജാഗരൺ സദസ്സ്‌ സംഘടിപ്പിച്ചത്‌. കനറാബാങ്ക് പരിസരത്തുനിന്ന്‌  റാലി ആരംഭിച്ചു.  വിവിധ സംഘടനകളുടെ ബാനറുകൾക്ക്‌ ‌ കീഴിലായി  ആയിരങ്ങൾ പങ്കെടുത്ത പ്രകടനം സാധാരണക്കാരുടെ  ജീവിതം ദുരിതപൂർണമാക്കുന്ന കേന്ദ്രസർക്കാരിന്റെ ദേശവിരുദ്ധ നയങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ചു. 
വിജയപമ്പ്‌ പരിസരത്ത്‌ നടന്ന പൊതുസമ്മേളനം കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശൻ ഉദ്‌ഘാടനം ചെയ്‌തു. സംഘാടകസമിതി ചെയർമാൻ സെ സുഗതൻ അധ്യക്ഷനായി. കർഷകസംഘം ജില്ലാ സെക്രട്ടറി പി കെ സുരേഷ്‌ സാമൂഹിക ജാഗരൺ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌, സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി വി സഹദേവൻ, ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി, ജില്ലാ ട്രഷറർ പി ഗഗാറിൻ, കെഎസ്‌കെടിയു സംസ്ഥാനകമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, ജില്ലാ പ്രസിഡന്റ്‌ കെ ഷമീർ, സെക്രട്ടറി സുരേഷ്‌ താളൂർ, കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ടി ബി സുരേഷ്‌ എന്നിവർ സംസാരിച്ചു. വി ഹാരിസ്‌ സ്വാഗതം പറഞ്ഞു.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top