19 April Friday

മന്തൊണ്ടിക്കുന്നിലെ സ്വർണ കവർച്ച: പ്രതി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022
ബത്തേരി
മന്തൊണ്ടിക്കുന്നിൽ അടച്ചിട്ടവീട്ടിൽ നിന്നും  90 പവനും 43,000 രൂപയും കവർന്ന കേസിൽ പ്രതിയെ ബത്തേരി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കോഴിക്കോട്‌ മായനാട്‌ സ്വദേശി സാലുമോൻ എന്ന ബുള്ളറ്റ്‌ സാലു (40) ആണ്‌ പിടിയിലായത്‌. കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ നിന്നാണ്‌ പ്രതി അറസ്‌റ്റിലായത്‌. ശ്രീഷ്‌മം വീട്ടിൽ ശിവദാസന്റെ (ഉണ്ണി) വീട്ടിലാണ്‌ കഴിഞ്ഞ മൂന്നിന്‌ കവർച്ച നടന്നത്‌. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ശിവദാസനും കുടുംബവും വീടുപൂട്ടി പെരിന്തൽമണ്ണയിൽ പോയപ്പോഴായിരുന്നു മോഷ്ടാവ്‌ മുൻവാതിലിന്റെ പൂട്ടുതകർത്ത്‌ അകത്തുകടന്ന്‌ രണ്ടുമുറികളിലെ അലമാരകളിലായി സൂക്ഷിച്ച സ്വർണവും പണവും കവർന്നത്‌. ജില്ലാ പൊലീസ്‌ മേധാവി ആർ ആനന്ദ്‌ സ്ഥലം സന്ദർശിക്കുകയും ഡോഗ്‌ സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും പരിശോധന നടത്തുകയും ചെയ്‌തിരുന്നു. ഡിവൈഎസ്‌പി കെ കെ അബ്ദുൾഷെരീഫ്‌, സിഐ കെ പി ബെന്നി, എസ്‌ഐ എം ഷജീം എന്നിവർ ഉൾപ്പെട്ട സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. തൊണ്ടി മുതലിനായി പ്രതിയെ  പൊള്ളാച്ചിയിൽ എത്തിച്ച്‌ തെളിവെടുത്തു. ഇയാൾ സ്വർണം പൊള്ളാച്ചിയിൽ വിൽപ്പനടത്തിയതിനാലാണ്‌ പൊള്ളാച്ചിയിൽ തെളിവെടുപ്പിന്‌ കൊണ്ടുപോയത്‌.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top