29 March Friday
ഡിഎം വിംസ്‌ മെഡിക്കൽ കോളേജ്‌ ഏറ്റെടുക്കൽ

വിദഗ്‌ധ സമിതി പരിശോധന തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
കൽപ്പറ്റ
മേപ്പാടി ഡിഎം വിംസ്‌  മെഡിക്കൽ കോളേജ്‌ ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച്‌ പഠിക്കാൻ സർക്കാർ  നിയോഗിച്ച വിദഗ്‌ധ സമിതി    ജില്ലയിലെത്തി. തിങ്കളാഴ്‌ച ഉച്ചയോടെയാണ്‌ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രൊഫസർ ഡോ. കെ വി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സമിതി വിംസിൽ എത്തിയത്.  അംഗങ്ങളായ  തിരുവനന്തപുരം മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ സി രവീന്ദ്രൻ, അസോസിയേറ്റ് പ്രൊഫസർ ഡോ  കൃഷ്ണകുമാർ, ഡോ  ബാബുരാജ്, ഡോ  കെ സജീഷ് എന്നിവർക്ക് പുറമെ എഞ്ചിനീയറിങ്, അടിസ്ഥാന സൗകര്യം, സാമ്പത്തികം എന്നീ വിഭാഗങ്ങളിലെ വിദഗ്ധരും സമിതിയോടൊപ്പമുണ്ട്.   മേപ്പാടി ഡിഎം വിംസ്‌ സന്ദർശിച്ച സംഘം അധികൃതരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു.  ‌ മെഡിക്കൽ കോളേജിൽ നിലവിലുള്ള പശ്‌ചാത്തല സൗകര്യങ്ങൾ സമിതി പരിശോധിച്ചു.  സ്വത്തുക്കളുടെ മൂല്യനിർണയം, ഉപകരണങ്ങൾ, ജീവനക്കാർ തുടങ്ങിയവ സംബന്ധിച്ച്‌ പ്രാഥമിക പരിശോധന നടത്തി. ചൊവ്വാഴ്‌ച  രാവിലെ എട്ടുമുതൽ പരിശോധന പുനരാംരംഭിക്കും.   മൂന്ന്‌ നാൾ കൊണ്ട്‌ വിവരശേഖരണം പൂർത്തികരിക്കും. മൂന്നാഴ്‌ചക്കക്കം  സർക്കാരിന്‌ റിപോർട്ട്‌‌ സമർപ്പിക്കാനാണ്‌ സർക്കാർ നിർദേശം. 
സി കെ ശശീന്ദ്രൻ എംഎൽഎ, എൻഎച്ച്‌എം ജില്ല പ്രോഗ്രാം മാനേജർ ഡോ. അഭിലാഷ്‌,   വിംസ് മെഡിക്കൽ കോളേജ് ഡീൻ  ഡോ. ഗോപകുമാരൻ കർത്ത, എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു  ബഷീർ, മെഡിക്കൽ സൂപ്രണ്ട് ഡോ  മനോജ് നാരായണൻ, ഡോ  അനന്തനാരായണൻ, ജനപ്രതിനിധികൾ എന്നിവരും സംബന്ധിച്ചു. 
  ഡിഎം വിംസ്‌  മെഡിക്കൽ കോളേജ്‌ ‌ സർകാരിന്‌ കൈമാറാൻ   സന്നദ്ധ അറിയിച്ച്‌ ഡിഎം എജുക്കേഷൻ ആൻഡ്‌ റിസർച്ച്‌ ഫൗണ്ടേഷൻ മാനേജിംഗ്‌ ട്രസ്‌റ്റി  ഡോ   ആസാദ്‌ മൂപ്പൻ  ജൂൺ അഞ്ചിന്‌‌ സംസ്ഥാന സർക്കാരിന്‌ കത്ത്‌ നൽകിയിരുന്നു.   ഇതേതുടർന്നാണ്‌  സ്ഥാപനത്തിലെ പശ്‌ചാത്തല സൗകര്യങ്ങളും മറ്റ്‌ വസ്‌തുതകളും സംബന്ധിച്ച്‌  പഠിച്ച്‌ റിപോർട്ട്‌  സമർപ്പിക്കാൻ  സർക്കാർ വിദഗ്‌ധ സമിതിയെ നിയോഗിച്ചത്‌ .   സ്ഥാപനം ഏറ്റെടുത്ത്‌ വയനാടിന്റെ ആരോഗ്യമേഖലയിലെ ദുരവസ്ഥ പരിഹരിക്കുക എന്നതാണ്‌ സർക്കാർ ലക്ഷ്യമെന്നും ‌  അതിനായി എത്രയും പെട്ടെന്ന്‌ റിപോർട്ട്‌‌ നൽകണമെന്ന്‌ സമിതിയോട്‌ ആവശ്യപ്പെട്ടതായും സി കെ ശശീന്ദ്രൻ എംഎൽഎ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top