26 April Friday

ഭൂമിക്കായി ആദിവാസികളുടെ ഉജ്വല കലക്ടറേറ്റ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023

എകെഎസ്‌ നേതൃത്വത്തിൽ സംഘടിപ്പിച്ച കലക്ടറേറ്റ്‌ മാർച്ച്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ ഉദ്‌ഘാടനംചെയ്യുന്നു

കൽപ്പറ്റ
കുടിൽകെട്ടിയ ഭുമിയുടെ അവകാശത്തിനായി കലക്ടറേറ്റിലേക്ക് ആദിവാസികളുടെ ഉജ്വല മാർച്ച്‌. വർഷങ്ങളായി വനഭൂമിയിൽ കുടിൽകെട്ടി താമസിക്കുന്നവർക്ക്‌ ഭൂമിയുടെ അവകാശം കൈമാറാതെ ചില ഉദ്യോഗസ്ഥർ ഒത്തുകളിക്കുകയാണ്‌. മണ്ണിൽ അധ്വാനിക്കുന്നവർക്ക്‌ ഭൂമിയും കയറിക്കിടക്കാൻ ഭൂമിയും എന്ന സ്വപ്നം തല്ലിക്കെടുത്താനുള്ള ഒരുവിഭാഗത്തിന്റെ നീക്കം അംഗീകരിക്കില്ലെന്ന്‌ മാർച്ചിൽ പങ്കെടുത്തവർ പ്രഖ്യാപിച്ചു. ആദിവാസി ക്ഷേമസമിതി നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അണിനിരന്നു.  എസ്‌കെഎംജെ സ്‌കൂൾ പരിസരത്തുനിന്ന്‌ ആരംഭിച്ച മാർച്ച്‌ കലക്ടറേറ്റിനുമുന്നിൽ പൊലീസ്‌ തടഞ്ഞു. തുടർന്ന്‌ കടുത്ത വെയിലിനെപ്പോലും അവഗണിച്ച്‌ സ്‌ത്രീകളടക്കമുള്ളവർ ഗേറ്റിനുമുന്നിൽ ഇരുന്ന്‌ പ്രതിഷേധിച്ചു. തുടർന്ന്‌ കലക്ടർക്ക്‌ നിവേദനം നൽകി. 
ഭൂരഹിത ആദിവാസികളുടെ ഭൂമിപ്രശ്‌നം പരിഹരിക്കുന്നതിന്‌ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ എകെഎസ്‌ ജില്ലാ കമ്മിറ്റി നിവേദനത്തിൽ ആവശ്യപ്പെട്ടു. ജില്ലയിൽ ഭൂരഹിതരായ 3595 ആദിവാസി കുടുംബങ്ങളുണ്ട്. 2012 മുതൽ ജില്ലയിലെ 15 കേന്ദ്രങ്ങളിലായി 1041  കുടുംബങ്ങൾ വനഭൂമിയിൽ കുടിൽ കെട്ടി താമസിക്കുന്നു. 2012ലെ സുപ്രീംകോടതി വിധിപ്രകാരം 7000 ഏക്കർ വനഭൂമി ആദിവാസി പുനരധിവാസത്തിന് ജില്ലയിൽ അനുവദിക്കണം.  കോടതി വിധി പ്രകാരം ഭൂമി കൈമാറി രേഖ ഉടൻ നൽകണമെന്ന്‌ നിവേദനത്തിൽ ആവശ്യപ്പെട്ടു. 
പ്രതിഷേധ ധർണ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ ഉദ്‌ഘാടനംചെയ്‌തു. എകെഎസ്‌ ജില്ലാ പ്രസിഡന്റ്‌ പി വിശ്വനാഥൻ അധ്യക്ഷനായി. എൽഡിഎഫ്‌ ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ എന്നിവർ സംസാരിച്ചു. എകെഎസ്‌ ജില്ലാ സെക്രട്ടറി എ എം പ്രസാദ്‌ സ്വാഗതവും ട്രഷറർ അച്ചപ്പൻ നന്ദിയും പറഞ്ഞു. വി കേശവൻ, പി വാസുദേവൻ, സീത ബലൻ, ആർ രതീഷ്‌ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top