29 March Friday

വെെറലായി ക്ഷേത്രമുറ്റത്തെ നൃത്തച്ചുവടുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

സീതാദേവി ലവകുശ ക്ഷേത്രത്തിൽ നടന്ന നൃത്തത്തിൽനിന്ന്‌

പുൽപ്പള്ളി
കോവിഡ് കാലത്തെ വിരസത മാറ്റാനും മാനസിക സമ്മർദങ്ങളെ മറികടക്കാനും നൃത്തപരിശീലനത്തിൽ സജീവമായ അധ്യാപികമാരും വിദ്യാർഥിനികളും ക്ഷേത്രമുറ്റത്ത് അവതരിപ്പിച്ച നൃത്തം സമൂഹമാധ്യമങ്ങളിൽ വൈറൽ. 
ചിലങ്ക നാട്യകലാ കേന്ദ്രത്തിന്റെ ഉടമയായ കലാമണ്ഡലം റെസി ഷാജിദാസിന്റെ ശിക്ഷണത്തിലാണ് അധ്യാപികമാരായ സൗമ്യ ജയരാജ്, ആശ, ജോർല എന്നിവരും ഡിഗ്രി വിദ്യാർഥിനികളായ റിഷിപ്രഭ, നിയ, ബിടെകിന് പഠിക്കുന്ന അശ്വതി എന്നിവർ പുൽപ്പള്ളി സീതാദേവി ലവകുശ ക്ഷേത്രാങ്കണത്തിൽ ചുവടുവച്ചത്. നവരാത്രി മഹോത്സവ കാലമായതിനാൽ സരസ്വതി സ്തുതിക്കാണ് ആറുപേരും ചേർന്ന് മനോഹരമായ നൃത്തം ചവിട്ടിയത്‌. 
പനമരം ഗവ. ടിടിഐയിലെ അധ്യാപികയായ സൗമ്യ ജയരാജും, കാപ്പിസെറ്റ് ഗവ. സ്‌കൂളിലെ അധ്യാപികയായ ആശയും ആറുവർഷമായി റെസി ഷാജിദാസിന്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ചുവരികയാണ്. നീർവാരം സ്‌കൂളിലെ പ്രീ പ്രൈമറി അധ്യാപികയായ ജോർല അടുത്തകാലത്താണ് നൃത്തം പഠിക്കാൻ ആരംഭിച്ചത്. 
കോഴിക്കോട് ഫാറൂഖ് കോളേജിൽ ബിരുദവിദ്യാർഥിയായ റിഷിപ്രഭയും പഴശിരാജാ കോളേജിലെ ഡിഗ്രി വിദ്യാർഥിനിയായ നിയയും ചെറുപ്പം മുതൽതന്നെ നൃത്തം പഠിക്കുന്നവരാണ്. ബിടെകിന് പഠിക്കുന്ന അശ്വതിയും സ്‌കൂൾകാലം മുതൽ  നൃത്തത്തിൽ സജീവമായിരുന്നു. 
കോവിഡിനെ തുടർന്ന് വേദികൾ നിശ്ചലമായതോടെ മനസ്സുനിറയെ നൃത്തമായിരുന്നുവെങ്കിലും ചുവടുകൾ വയ്‌ക്കാനാവാത്തതിന്റെ വിഷമം ഇപ്പോഴാണ് മാറിയതെന്ന് വിദ്യാർഥിനികളും പറയുന്നു. ഒരുമാസമെടുത്താണ്  ഇപ്പോൾ അവതരിപ്പിച്ച നൃത്തം പഠിച്ചെടുത്തത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top