06 July Sunday
മാനന്തവാടി നഗരസഭ

രാജിവയ്‌ക്കില്ലെന്ന്‌ ചെയർപേഴ്‌സൺ

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022
 
മാനന്തവാടി
കോൺഗ്രസിലെ കലഹത്തിൽ മാനന്തവാടി നഗരസഭയിലെ ഭരണപ്രതിസന്ധി തുടരുന്നു. ശനിയാഴ്‌ച കെപിസിസി സെക്രട്ടറിമാരായ പി എം നിയാസ്‌, അഡ്വ. കെ ജയന്ത്‌, ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന കൗൺസിലർമാരുടെ യോഗത്തിലും പ്രശ്‌ന പരിഹാരമായില്ല. രണ്ട്‌ കൗൺസിലർമാർ യോഗത്തിൽനിന്ന്‌ വിട്ടുനിന്നു.  നഗരസഭയിൽ ഭരണസ്‌തംഭനം തുടരുകയാണ്‌. 
കഴിവില്ലായ്‌മ ആരോപിച്ച്‌ നിലവിലെ  ചെയർപേഴ്‌സൺ സി കെ രത്നവല്ലിയെ രാജിവയ്‌പിച്ച്‌ പുതിയ ആളെ തെരഞ്ഞെടുക്കാനാണ്‌ നീക്കം. എന്നാൽ യോഗത്തിലും രത്നവല്ലി നേതാക്കളുടെ സമ്മർദത്തിന്‌ വഴങ്ങിയില്ല. രാജിവയ്‌ക്കില്ലെന്ന നിലപാടിലാണിവർ. 16ന്‌ രാജിസമർപ്പിക്കണമെന്നാണ്‌ നേതാക്കൾ നിർദേശിച്ചിട്ടുള്ളത്‌. രത്നവല്ലിയെ മാറ്റി, ലീഗ്‌ സ്ഥാനാർഥിക്കെതിരെ കോൺഗ്രസ്‌ വിമതയായി മത്സരിച്ച്‌ ജയിച്ച ലേഖാ രാജീവിനെ ചെയർപേഴ്‌സണാക്കാനാണ്‌ ഒരുവിഭാഗം കൗൺസിലർമാരും നേതാക്കളും ശ്രമിക്കുന്നത്‌. ഡിസിസി ഓഫീസിൽ ശനിയാഴ്‌ച ചേർന്ന  യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയായിട്ടുണ്ട്‌. എന്നാൽ രത്നവല്ലിയുടെ നിലപാടാണ്‌ നിർണായകം.  വൈസ്‌ചെയർമാൻ പി വി എസ്‌ മൂസയും  സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി വി ജോർജ്‌, മാർഗരറ്റ്‌ തോമസ്‌ എന്നിവർ രാജിവച്ചിട്ട്‌ മൂന്നാഴ്‌ച കഴിഞ്ഞു. പകരം ആളുകളെ തെരഞ്ഞെടുത്തിട്ടില്ല. 
പൊതുമരാമത്ത്‌ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന ജോർജ്‌ സ്‌റ്റാൻഡിങ്‌ കമ്മിറ്റിയിലെ അംഗത്വവും രാജിവച്ചിട്ടുണ്ട്‌. ഇതിലേക്കുള്ള അംഗത്തിന്റെ തെരഞ്ഞെടുപ്പ്‌ 17ന്‌ വരണാധികാരി നിശ്‌ചയിച്ചിട്ടുണ്ട്‌. ചെയർമാൻ തെരഞ്ഞെടുപ്പ്‌ 19ന്‌ നടക്കും. ചെയർപേഴ്‌സൺ സ്ഥാനത്തിന്‌ അവകാശവാദമുന്നയിച്ചാണ്‌ വികസനകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ  മാർഗരറ്റ്‌ തോമസ്‌ രാജിവച്ചത്‌. ഇതിലേക്കുള്ള തെരഞ്ഞെടുപ്പും 19ന്‌ നടക്കും. മാർഗരറ്റ്‌ തോമസിനെയും അനുനയിപ്പിക്കാൻ ആയിട്ടില്ല. കൗൺസിലർമാരുടെ യോഗത്തിൽ ഇവർ പങ്കെടുത്തില്ല. മറ്റൊരു കൗൺസിലർ നാരായണനും വിട്ടുനിന്നു. 
22നാണ്‌ വൈസ്‌ ചെയർമാൻ തെരഞ്ഞെടുപ്പ്‌. മുസ്ലിം ലീഗായിരുന്നു ഇതുവരെ വൈസ്‌ ചെയർമാൻ പദവി വഹിച്ചിരുന്നത്‌. ഇത്‌ കോൺഗ്രസിന്‌ നൽകുന്നതിനായാണ്‌ ലീഗ്‌ പ്രതിനിധി രാജിവച്ചത്‌. പകരം ഇവർക്ക്‌ പൊതുമരാമത്ത്‌ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പദവി നൽകും. എന്നാൽ തങ്ങളുടെ സ്ഥനാർഥിയെ പരാജയപ്പെടുത്തി കോൺഗ്രസ്‌ വിമതയായി ജയിച്ചയാളെ ചെയർപേഴ്‌സണായി കൊണ്ടുവരുന്നതിൽ ലീഗിനും അതൃപ്‌തിയുണ്ട്‌. മുദ്രമൂല ഡിവിഷനിലെ കൗൺസിലർ സ്‌മിതയും ചെയർപേഴ്‌സൺ പദവിക്കായി രംഗത്തുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top