29 March Friday
അഞ്ച് മാസം

1253 സംരംഭങ്ങൾ

പി ആർ ഷിജുUpdated: Saturday Aug 13, 2022
കൽപ്പറ്റ 
ജില്ലയിൽ വ്യവസായവകുപ്പിന്റെ പിന്തുണയോടെ ഈ വർഷം തുടങ്ങിയത്‌ 1253 സംരംഭങ്ങൾ. വിവിധ പഞ്ചായത്തുകളിലായി 3687 സംരംഭങ്ങളാണ്‌ തുടങ്ങേണ്ടിയിരുന്നത്‌. 33.98 ശതമാനം നേട്ടം കൈവരിക്കാനായി. ഏപ്രിൽ മുതൽ ഈ മാസം 12 വരെയുള്ള കണക്കാണിത്‌. പഞ്ചായത്തു തലങ്ങളിൽ വായ്‌പാ മേളകളും സെമിനാറുകളും തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചാണ്‌ സംരംഭകരെ കണ്ടെത്തിയത്‌. 
പനമരം പഞ്ചായത്തിലാണ്‌ കൂടുതൽ സംരംഭങ്ങൾ, 66. ഒമ്പത്‌ പഞ്ചായത്തുകളിൽ 50ന്‌ മുകളിൽ സംരംഭങ്ങൾ തുടങ്ങി. ബത്തേരി നഗരസഭയിൽ തുടങ്ങേണ്ട സംരംഭങ്ങളുടെ ലക്ഷ്യം 50 ശതമാനം കടന്നു. മാനന്തവാടി നഗരസഭയിൽ ലക്ഷ്യത്തിന്റെ 38 ശതമാനമാണിത്‌. കൽപ്പറ്റയിൽ 45 ശതമാനം പുതിയ സംരംഭങ്ങളുമുണ്ട്‌. കണിയാമ്പറ്റ–- 72, പനമരം–-66, നെന്മേനി 64, മീനങ്ങാടി 62 എന്നിങ്ങനെയാണ്‌ സംരംഭങ്ങൾ കൂടുതലുള്ള നാല്‌ പഞ്ചായത്തുകൾ. 
മണ്ഡലം അടിസ്ഥാനത്തിൽ കൽപ്പറ്റ, ബത്തേരി എന്നിവിടങ്ങളിൽ  സെമിനാർ നടത്തി. മാനന്തവാടിയിൽ 16നാണ്‌ സെമിനാർ. ഇതിനുപുറമേ ജില്ലാതല സംരംഭക മീറ്റ്‌ ഈ മാസം അവസാനം നടക്കും. കോവിഡിന്റെ പ്രതിസന്ധിയിൽനിന്ന്‌ കരകയറാനുണ്ടായ കാലതാമസമാണ്‌ സംരംഭങ്ങൾ തുടങ്ങുന്നതിന്‌ തടസ്സമായത്‌. സംസ്ഥാനമൊട്ടാകെ ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിന്‌ മുന്നോടിയായാണ്‌ ജില്ലയിലും വ്യവസായ വകുപ്പിന്റെ ഇടപെടൽ ഊർജിതമാക്കുന്നത്‌.
കഴിഞ്ഞ ഒരുവർഷത്തിനിടെ ആരംഭിച്ച വ്യവസായ സംരംഭകർക്കായി 1.09 കോടി രൂപ സബ്‌സിഡി നൽകി. 1.45 കോടി രൂപയാണ്‌ ജില്ലയിൽ ആകെ വിതരണത്തിന്‌ അനുവദിച്ചത്‌. അത്‌ ഈ മാസം പൂർത്തിയാവും. ശേഷിക്കുന്ന അപേക്ഷകർക്ക്‌ ലഭ്യമാക്കാനുള്ള കൂടുതൽ തുകയ്‌ക്കായി  സർക്കാരിന്‌ അപേക്ഷ നൽകും.
 
 സംരംഭകരേ ഇതിലേ... ഇതിലേ...
കൽപ്പറ്റ  
യുവാക്കൾക്കും സംരംഭകർക്കും വഴികാട്ടിയാവാൻ വിവിധ പദ്ധതികളുമായി വ്യവസായ -വാണിജ്യവകുപ്പ്. ഉൽപ്പാദന, സേവന രംഗത്ത്‌ സംരംഭകരെ കണ്ടെത്തി മികച്ച വരുമാനം ഉറപ്പാക്കുന്നതിന്‌ ലക്ഷ്യമിട്ടാണ്‌ പദ്ധതികൾ. വ്യവസായ സേവന സംരംഭങ്ങൾ, പശുഫാം, മുട്ടക്കോഴി ഫാം, ടാക്‌സി വാഹനങ്ങൾ, കച്ചവടം തുടങ്ങി വിവിധ പദ്ധതികൾക്ക്‌ സഹായമുണ്ട്‌. 2022-–-23 സംരംഭക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ്‌ സംരംഭകർക്ക്  വ്യവസായ വാണിജ്യ വകുപ്പ്  അവസരങ്ങൾ ഒരുക്കുന്നത്‌. 18 വയസ്‌ പൂർത്തിയായവർക്ക്‌ അപേക്ഷിക്കാം. അഞ്ച്‌ ലക്ഷം രൂപയ്‌ക്ക്‌ മുകളിൽ മുടക്കുള്ള പദ്ധതികൾക്ക്‌ സംരംഭകൻ എട്ടാംതരം വിജയിച്ചിരിക്കണം. 
 
 
താങ്ങായി എന്റർപ്രണർ സപ്പോർട്ട്‌ സ്‌കീം 
എന്റർപ്രണർ സപ്പോർട്ട്‌ സ്‌കീമാണ്‌ (ഇഎസ്‌എസ്‌) പ്രധാന പദ്ധതി. വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന ഉൽപ്പാദന യൂണിറ്റുകൾക്കാണ്‌ സഹായം. വായ്‌പയെടുത്തോ സ്വന്തമായോ തുടങ്ങിയ സംരംഭങ്ങൾക്ക്‌ 40 ലക്ഷം രൂപ വരെ വ്യവസായ വകുപ്പ്‌ സബ്‌സിഡി നൽകും. കുറഞ്ഞത്‌ ഒരു ലക്ഷം രൂപ മുതൽമുടക്ക്‌ ഉണ്ടായിരിക്കണം. പരമാവധി എത്ര തുകയും മുടക്കാം. സംരംഭം തുടങ്ങി ഒരു വർഷത്തിനകം സബ്‌സിഡിക്ക്‌ വ്യവസായ കേന്ദ്രത്തിൽ അപേക്ഷിക്കണം. 
 
കുടുംബത്തിൽ 
ഒരു സംരംഭകൻ
തൊഴിൽ രഹിതരെ സഹായിക്കുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ ഏറ്റവും പുതിയ പദ്ധതിയായ ‘ഒരു കുടുംബം ഒരു സംരംഭകൻ’ പദ്ധതിയും ജില്ലയിൽ തുടങ്ങി. കുടുംബത്തിൽ ഒരാൾക്ക്‌ ഒരു സംരംഭമെങ്കിലും ആരംഭിക്കുന്നതിന്‌ 10 ലക്ഷം രൂപ വരെ ബാങ്കുകൾ മുഖേന വായ്‌പ ലഭ്യമാക്കും. നാലുശതമാനം പലിശനിരക്കിലാണ്‌ വായ്‌പ. കച്ചവടക്കാർക്കും ഈ പദ്ധതിയിൽ സഹായം ലഭിക്കുമെന്നതാണ്‌ ഈ പദ്ധതിയുടെ സവിശേഷത. പദ്ധതിയുടെ 50 ശതമാനം വനിതാ സംരംഭകർക്കായി മാറ്റിവച്ചിട്ടുണ്ട്‌. 
പിഎംഇജിപി മുതൽ 
നാനോ യൂണിറ്റ്‌ വരെ 
പിഎംഇജിപി പദ്ധതിയിൽ 50 ലക്ഷം രൂപവരെ വായ്‌പ നൽകും. ഗാർഹിക സംരംഭകരെ ലക്ഷ്യമിട്ട്‌ 2016ൽ തുടങ്ങിയ നാനോ ഹൗസ്‌ഹോൾഡ്‌  സ്‌കീം, 2021 മുതലുള്ള മാർജിൻ മണി ടു നാനോ യൂണിറ്റ്‌ എന്നിവയിൽ പത്ത്‌ ലക്ഷം വരെയാണ്‌ വായ്‌പ.  നാനോ ഹൗസ്‌ഹോൾഡ്‌  സ്‌കീമിൽ വായ്‌പയുടെ പലിശയിൽ നാലുശതമാനത്തിന്‌ മുകളിൽ വരുന്നത്‌ വ്യവസായ വകുപ്പ്‌ വഹിക്കും. മാർജിൻ മണി ടു നാനോ യൂണിറ്റ്‌ പദ്ധതിയിൽ മുടക്കുമുതലിന്റെ 30 മുതൽ 40 ശതമാനം വരെയാണ്‌ സബ്‌സിഡി. പദ്ധതികളെക്കുറിച്ച്‌ യുവാക്കളെ ബോധവത്‌കരിക്കാൻ സെമിനാറുകളും തുടർപരിപാടികളും ഒരുക്കുകയാണ്‌ വ്യവസായ വകുപ്പ്‌. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top