29 March Friday

കാർഷിക പദ്ധതികൾ കർഷക സൗഹൃദമാകണം

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022
കൽപ്പറ്റ
കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനായി കൃഷി വകുപ്പ് മുഖേന തയ്യാറാക്കുന്ന പദ്ധതികൾ കർഷക സൗഹൃദമാകണമെന്ന് ജില്ലാ കാർഷിക വികസന സമിതി. സംസ്ഥാന പദ്ധതികൾക്കപ്പുറം ജില്ലയ്ക്ക് അനുയോജ്യമായ പദ്ധതികൾ കണ്ടെത്തി ഫലപ്രദമായി നടപ്പാക്കാൻ  കൃഷി വകുപ്പ് ഉദ്യോഗസ്ഥർ മുൻഗണന നൽകണം.
 കാപ്പി സംഭരണത്തിന് പദ്ധതി തയ്യാറാക്കുമ്പോൾ പ്രാദേശിക സഹകരണ സംഘങ്ങളെകൂടി ഉപയോഗപ്പെടുത്തി കർഷകർക്ക് ഗുണപരമായ രീതിയിൽ നടപ്പാക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
 നെൽകൃഷി ഏറെയുള്ള ജില്ലയിൽ കാർഷിക യന്ത്രങ്ങളുടെ സമയബന്ധിതമായ ലഭ്യത ഉറപ്പാക്കുന്നതിൽ അലംഭാവമുണ്ടാകരുതെന്ന്  ഒ ആർ കേളു എംഎൽഎ പറഞ്ഞു. കൊയ്‌ത്തുയന്ത്രങ്ങൾ കുറവായതിനാൽ  പലയിടത്തും കർഷകർക്ക് കൊയ്ത്ത്‌ പൂർത്തിയാക്കാൻ പ്രയാസം നേരിടേണ്ടിവന്നിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ കൃഷി വകുപ്പ് മുൻകൂട്ടി നടപടി സ്വീകരിക്കണം. ആവശ്യമെങ്കിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കാർഷിക യന്ത്രങ്ങൾ വാങ്ങാനുള്ള പദ്ധതി തയ്യാറാക്കണം. ഗ്രാമതലത്തിലെ അഗ്രോ ക്ലിനിക്കുകൾ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളും ഇതോടൊപ്പം ഉണ്ടാകണമെന്നും എംഎൽഎ പറഞ്ഞു. 
 ടി സിദ്ദീഖ്‌ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷംസാദ്‌ മരക്കാർ എന്നിവരും സംസാരിച്ചു. 
   ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന  ജില്ലാ കാർഷിക വികസന സമിതി യോഗത്തിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ഇ ആൻഡ്‌ ടി) മുരളീധര മേനോൻ കൃഷി വകുപ്പ് പദ്ധതികൾ വിശദീകരിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജസ്റ്റിൻ ബേബി, സി അസൈനാർ, ജില്ലാ പഞ്ചായത്തംഗം സുരേഷ് താളൂർ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top