28 March Thursday
ആഫ്രിക്കൻ പന്നിപ്പനി

അതിവേഗം 
നഷ്ടപരിഹാരം :37.07 
ലക്ഷം

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

ആഫ്രിക്കൻ പന്നിപ്പനിയിൽ പന്നികൾ നഷ്ടമായ കർഷകർക്കുള്ള ധനസഹായ വിതരണോദ്‌ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കുന്നു

കൽപ്പറ്റ
ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച കർഷകർക്ക്‌ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകിയത്‌ റെക്കോഡ്‌ വേഗത്തിൽ. പന്നികൾ നഷ്ടപ്പെട്ട കർഷകർക്ക്‌ ആഴ്‌ചകൾക്കകം നഷ്ടപരിഹാരം ലഭിച്ചു. ജില്ലയിലെ ഏഴുകർഷകർക്കായി 37,07,751  രൂപയാണ്‌ നൽകിയത്‌. തവിഞ്ഞാൽ, നെൻമേനി പഞ്ചായത്തുകളിലെയും മാനന്തവാടി നഗരസഭയിലെയും കർഷകർക്കാണ്‌ ധനസഹായം ലഭിച്ചത്‌. ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി 702 പന്നികളെയാണ്‌ ഉന്മൂലനം ചെയ്‌തത്‌.  
53,800 രൂപ മുതൽ 19,55,400 രൂപവരെ കർഷകർക്ക്‌ നഷ്ടപരിഹാരം ലഭിച്ചു. തവിഞ്ഞാല്‍ കരിമാനി മുല്ലപ്പറമ്പില്‍ എം വി വിന്‍സെന്റ് -–-19,55,400 രൂപ,  മാനന്തവാടി മൂത്തശ്ശേരി എം ടി ഷാജി -–-2,35,000, മാനന്തവാടി വെളിയത്ത് കുര്യാക്കോസ്–- 2,23,800, മാനന്തവാടി പുത്തന്‍പുര പി വി വിപീഷ് -–-2,08,200, ചുള്ളിയോട് മുച്ചിലോട്ട് എം ബിജു -–-9,26,951 , ചീരാല്‍ കരിംകുളത്തില്‍ കെ ജി കുര്യന്‍ -–-1,04,600, ചീരാല്‍ അരീക്കാട്ടില്‍ പീതാംബരന്‍-–-53,800 രൂപയുമാണ്‌ നഷ്ടപരിഹാരമായി ലഭിച്ചത്‌. 
നഷ്ടപരിഹാരത്തിന്റെ 50 ശതമാനം കേന്ദ്രസർക്കാരാണ്‌ നൽകേണ്ടത്‌. ഇതിന്‌ കാത്തുനിൽക്കാതെ മുഴുവൻ തുകയും സംസ്ഥാന സർക്കാർ നൽകി.  മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണത്തിനുളള കോര്‍പ്പസ് ഫണ്ടില്‍നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ മുഴുവന്‍ തുകയും അനുവദിച്ചത്. 
മന്ത്രി കെ ചിഞ്ചുറാണി ധനസഹായം വിതരണംചെയ്‌തു. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കലക്ടര്‍ എ ഗീത, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി, പഞ്ചായത്ത് പ്രസിഡന്റുമാരായ എല്‍സി ജോയി, ഷീല പുഞ്ചവയല്‍, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വിന്നി ജോസഫ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി ആര്‍ രാജേഷ്, പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി ആര്‍ ബിശ്വപ്രകാശ് എന്നിവര്‍ സംസാരിച്ചു.
 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാ പ്രവര്‍ത്തനം നടത്തിയ മൃഗസംരക്ഷണ വകുപ്പിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളെയും മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരെയും മന്ത്രി അനുമോദിച്ചു. ജില്ലയിലെ പന്നിക്കര്‍ഷകര്‍ക്കുള്ള അണുനശീകരണ കിറ്റിന്റെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
 
കര്‍ഷകര്‍ ജാഗ്രത തുടരണം: മന്ത്രി
മാനന്തവാടി
പന്നിപ്പനിക്കെതിരെ തുടർന്നും കർഷകർ ജാഗ്രത പാലിക്കണമെന്ന്‌ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. രോഗപ്രതിരോധത്തിന്റെ ഭാഗമായി ഉന്മൂലനംചെയ്‌ത പന്നികളുടെ ഉടമകൾക്കുള്ള നഷ്ടപരിഹാരം വിതരണംചെയ്യുകയായിരുന്നു മന്ത്രി. പന്നികൾക്ക് എന്തെങ്കിലും രോഗങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ വിവരം അറിയിക്കണം. രോഗം ഇതര പ്രദേശങ്ങളിലേക്ക് പകരാതിരിക്കുന്നതിനുള്ള സാഹചര്യമൊരുക്കണം. നിലവിലെ സാഹചര്യത്തിൽ പുറത്തുനിന്ന്‌ പന്നികളെ കൊണ്ടുവരാൻ അനുവദിക്കില്ല. 
ആഫ്രിക്കൻ പന്നിപ്പനി രാജ്യത്തിന്റെ വടക്കുകിഴക്കൻ  സംസ്ഥാനങ്ങളിലും ബിഹാറിലും സ്ഥിരീകരിച്ചപ്പോൾത്തന്നെ സംസ്ഥാനത്തും പ്രതിരോധ നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ പന്നിയും പന്നിയിറച്ചിയും കേരളത്തിലേക്ക് കൊണ്ടുവരുന്നത് തടയാൻ ചെക്ക് പോസ്റ്റുകളിൽ ഉദ്യോഗസ്ഥർക്ക് കർശനമായ നിർദേശം നൽകിയിരുന്നു. അതിനിടയിലാണ് വയനാട്ടിലും കണ്ണൂരും രോഗം സ്ഥിരീകരിച്ചത്. വിദേശരാജ്യങ്ങളിലടക്കം  പിന്തുടരുന്ന മികച്ച മാതൃകയാണ് രോഗപ്രതിരോധത്തിനായി സ്വീകരിച്ചത്. പന്നികളെ ഉന്മൂലനം ചെയ്യുന്നതിനുൾപ്പെടെയുള്ള നടപടികൾക്ക് പന്നിക്കർഷകർ, ജനപ്രതിനിധികൾ, ജില്ലാധികൃതർ എന്നിവരുടെ ഭാഗത്തുനിന്ന്‌ നല്ല പിന്തുണ ലഭിച്ചതായും മന്ത്രി പറഞ്ഞു.
വീണ്ടും പന്നിപ്പനി സംശയം;
 സാമ്പിൾ അയച്ചു
കൽപ്പറ്റ
വീണ്ടും പന്നിപ്പനി സംശയം. മാനന്തവാടി കുറ്റിമൂലയിലെ ഫാമിൽ രണ്ട് പന്നികൾ അസ്വാഭാവികമായി ചത്തു. ഇവയുടെ സാമ്പിൾ പരിശോധനയ്‌ക്കായി ഭോപ്പാലിലെ ലാബിലേക്ക് അയച്ചതായി മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top