19 April Friday

സഞ്ചാരികൾക്കായി 
സ്ലീപ്പർ ബസ്‌ സജ്ജം

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022
കൽപ്പറ്റ
ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക്‌ താമസിക്കാൻ സൗകര്യവുമായി കെഎസ്‌ആർടിസി. സ്ലീപ്പർ ബസ്സുകളാണ്‌ ഇതിനായി ഒരുക്കുന്നത്‌. ബത്തേരി ഡിപ്പോയിൽ ആരംഭിച്ച സ്ലീപ്പർ ബസ് പദ്ധതി മന്ത്രി ആന്റണി രാജു നാടിന്‌ സമർപ്പിച്ചു. വിനോദ സഞ്ചാരികൾക്കായി ജില്ലയിൽ കെഎസ്ആർടിസി നൈറ്റ് ജംഗിൾ സഫാരി തുടങ്ങുമെന്ന് മന്ത്രി  പറഞ്ഞു. പോക്കറ്റ് കാലിയാകാതെ എസി ബസ്സിൽ സുഖമായി ഉറങ്ങി രാവിലെ യാത്ര തുടരാം. യാത്രക്കാർക്ക് പരമാവധി സൗകര്യങ്ങളൊരുക്കി മെച്ചപ്പെട്ട  യാത്രാനുഭവം ഒരുക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു. ജീവനക്കാർക്ക് വേണ്ടി ബത്തേരിയിൽ നിർമിച്ച വിശ്രമ മന്ദിരത്തിന്റെ ഉദ്‌ഘാടനവും മന്ത്രി നിർവഹിച്ചു
മൂന്ന് സ്ലീപ്പർ ബസ്സുകളാണ്‌ ഇതിനായി ഒരുക്കിയത്‌. ആകെ 32 പേർക്ക് താമസിക്കാം. സഞ്ചാരികൾക്ക്‌ ചുരുങ്ങിയ ചെലവിൽ രാത്രി മുഴുവൻ ബസ്സിൽ വിശ്രമിക്കാം. കുടുംബമായും കൂട്ടത്തോടെയും താമസിക്കാം. എസി ഡോർമെറ്ററികളും റൂമുകളുമുണ്ട്‌. വിദേശ, ആഭ്യന്തര സഞ്ചാരികൾക്കായാണ്‌ പുതിയ സംവിധാനം. ആഭ്യന്തര സഞ്ചാരികളിൽ ദൂരസ്ഥലങ്ങളിൽനിന്ന് വരുന്നവർക്ക്‌ മുൻഗണന നൽകും. താമസം മുൻകൂട്ടി ബുക്ക് ചെയ്യാം.   
സംസ്ഥാനത്ത്‌ മൂന്നാറിൽ നേരത്തെ കെഎസ്‌ആർടിസി സ്ലീപ്പർ ബസ്‌ സർവീസ്‌ ആരംഭിച്ചിരുന്നു. ഇതിന്റെ വിജയത്തെ തുടർന്നാണ്‌ വയനാട്ടിലും പദ്ധതി ആരംഭിക്കുന്നത്‌.
ഐ സി ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേഷ്,  കെഎസ്‌ആർടിസി എക്‌സിക്യൂട്ടിവ് ഡയറക്ടർ നോർത്ത് സോൺ പി എം ഷറഫ് മുഹമ്മദ്, ബജറ്റ് ടൂറിസം സെൽ ചീഫ് ട്രാഫിക് മാനേജർ എൻ കെ ജേക്കബ് സാം ലോപസ്, ക്ലസ്റ്റർ ഓഫീസർ ജോഷി ജോൺ, വിവിധ യൂണിയൻ നേതാക്കൾ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top