27 April Saturday
കോൺഗ്രസ്‌ നേതാക്കളുടെ വായ്‌പ തട്ടിപ്പ്‌

ഇഡി പരിശോധന 16 മണിക്കൂർ; നേതാക്കളെ ചോദ്യംചെയ്യും

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023
പുൽപ്പള്ളി
കോൺഗ്രസ് നേതാക്കളുടെ വായ്‌പാ തട്ടിപ്പിൽ വെള്ളിയാഴ്ച ആരംഭിച്ച ഇ ഡിയുടെ പരിശോധന അവസാനിച്ചത്‌ ശനിയാഴ്ച പുലർച്ചെ. വായ്‌പാ തട്ടിപ്പ്‌ നടത്തിയ പുൽപ്പള്ളി സഹകരണ ബാങ്ക്‌, നേതാക്കളുടെ വീടുകൾ എന്നിവിടങ്ങളിൽനിന്നായി  സുപ്രധാന രേഖകൾ ഇ ഡി സംഘം പിടിച്ചെടുത്തു. 
ബാങ്ക്‌ മുൻപ്രസിഡന്റ്‌ കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം, ഇയാളുടെ ബിനാമി സേവാദൾ ജില്ലാ വൈസ്‌ചെയർമാൻ കൊല്ലപ്പിള്ളി സജീവൻ, ബാങ്ക്‌ മുൻഡയറക്ടർ സുജാത ദിലീപ്‌, ബാങ്ക്‌ മുൻസെക്രട്ടറി രമാദേവി, വായ്‌പാ വിഭാഗം മേധാവി പി യു തോമസ്‌ എന്നിവരുടെ വീടുകളിലാണ്‌ ഇ ഡി ഒരേസമയം പരിശോധന നടത്തിയത്‌. രേഖകളുടെ പരിശോധന പൂർത്തിയായാൽ നേതാക്കളെയും ചോദ്യംചെയ്യും.
  വെള്ളി രാവിലെ പത്തോടെ തുടങ്ങിയ റെയ്‌ഡ്‌ ശനി പുലർച്ചെ രണ്ടിനാണ്‌ അവസാനിച്ചത്‌. 16 മണിക്കൂർ മാരത്തോൺ പരിശോധനയാണ്‌ നടത്തിയത്‌. 
ഇ ഡി ബാങ്കിലെത്തുമ്പോൾ പ്രസിഡന്റ്‌ ടി പി ശശിധരനും സെക്രട്ടറി ലിസിമോളും മറ്റുജീവനക്കാരുമുണ്ടായിരുന്നു. പരി‌ശോധന പൂർത്തിയാകുംവരെ ഒരാളെയും പുറത്തുവിട്ടില്ല. ഫോൺ ഉപയോഗിക്കാനും അനുവദിച്ചില്ല. 2015 മുതലുള്ള ബാങ്ക്‌ ഭരണസമിതി ബോർഡ് യോഗങ്ങളുടെ മിനുട്‌സ്‌, വായ്‌പാ അപേക്ഷകൾ, വായ്‌പാ വൗച്ചറുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ പരിശോധിക്കുകയും ഇവയുടെ പകർപ്പുകൾ എടുക്കുകയുംചെയ്‌തു. ജീവനക്കാരിൽനിന്ന്‌ വിവരങ്ങൾ ആരാഞ്ഞു. കെ കെ അബ്രഹാം ഉൾപ്പെടെയുള്ളവരുടെ വീടുകളിൽനിന്ന്‌ പ്രധാന രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്‌. സ്വത്ത്‌ സംബന്ധമായ വിവരങ്ങളും പരിശോധിച്ചു. 
 കുടുംബാംഗങ്ങളിൽനിന്ന്‌ ആസ്‌തി, ബാധ്യതാ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇ ഡിയുടെ കോഴിക്കോട്‌, കൊച്ചി യൂണിറ്റുകളിൽനിന്നുള്ള ഉദ്യോഗസ്ഥരാണ്‌ പരിശോധന നടത്തിയത്‌. കള്ളപ്പണ നിരോധന നിയമപ്രകാരമാണ്‌ ഇ ഡി കേസ്‌ എടുത്തിട്ടുള്ളത്‌. കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ കേസ്‌ രജിസ്‌റ്റർചെയ്‌ത്‌ അന്വേഷണം ആരംഭിച്ചത്‌. വായ്‌പാ തട്ടിപ്പിനിരയായ കർഷകൻ രാജേന്ദ്രൻ നായർ ജീവനൊടുക്കിയതിനെ തുടർന്നാണ്‌ അന്വേഷണം ഊർജിതമാക്കിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top