19 April Friday

പുരസ്‌കാര നിറവിൽ സ്റ്റുഡന്റ് ഡോക്ടർ കേഡറ്റ്, ഹാംലെറ്റ് പദ്ധതികൾ

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020
കൽപ്പറ്റ
ആരോഗ്യമേഖലയിൽ വയനാടിന്റെ നൂതന പദ്ധതികളായ സ്റ്റുഡന്റ് ഡോക്ടർ കാഡറ്റ്, ഹാംലെറ്റ് ആശ എന്നി പദ്ധതികൾക്ക്‌  സ്‌കോച്ച് അവാർഡ് സെമിഫൈനൽ മെറിറ്റ് സർട്ടിഫിക്കറ്റ് . ജീവകാരുണ്യ സ്ഥാപനമായ സ്‌കോച്ച് ഫൗണ്ടേഷനാണ്‌ അവാർഡ് ഏർപ്പെടുത്തിയത്‌.  സർക്കാർ സ്ഥാപനങ്ങളോ ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമവികസനം തുടങ്ങിയ മേഖലകളിൽ സർക്കാരുമായി ചേർന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളോ നടത്തുന്ന വേറിട്ട സമഗ്ര പദ്ധതികൾക്കാണ് അവാർഡ് നൽകുന്നത്. ഇതിൽ കേന്ദ്രസർക്കാരിന്റെ ആസ്പിരേഷണൽ ഡിസ്ട്രിക്ട് വിഭാഗത്തിലാണ് വയനാടിന്റെ പദ്ധതികൾ ഉൾപ്പെട്ടത്. ആരോഗ്യകേരളം വയനാടിന്റെ നേതൃത്വത്തിലാണ് ഇരു പദ്ധതികളുടെയും പ്രവർത്തനം.
കുട്ടികളിൽ ആരോഗ്യസംരക്ഷണത്തെക്കുറിച്ചും വൈദ്യശാസ്ത്രത്തെക്കുറിച്ചും ശാസ്ത്രീയ അവബോധം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2016ൽ സ്റ്റുഡന്റ് ഡോക്ടർ കാഡറ്റ് പദ്ധതിക്ക് തുടക്കമിട്ടത്. കൂട്ടുകാരുടെ മാനസിക ശാരീരികാരോഗ്യ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവരെ സഹായിക്കാനും പ്രാപ്തരാക്കുക, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ പ്രതിരോധിക്കുക, സാമൂഹിക പ്രതിബദ്ധത വളർത്തുക തുടങ്ങിയവ ലക്ഷ്യങ്ങളാണ്. പ്രഥമ ശുശ്രൂഷയിലടക്കം വിദഗ്ധ പരിശീലനം കുട്ടി ഡോക്ടർമാർക്ക് ലഭിച്ചിട്ടുണ്ട്. കൂടുതൽ വൈദ്യസഹായമോ കൗൺസലിംഗോ നിയമസഹായമോ വേണമെങ്കിൽ അവർക്ക് ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടാനുള്ള സൗകര്യവുമുണ്ട്. പദ്ധതിയിൽ ആദ്യഘട്ടത്തിൽ 482 ഉം രണ്ടാംഘട്ടത്തിൽ 600ഉം കുട്ടികൾക്ക് പരിശീലനം നൽകി. മൂന്നാം ഘട്ടത്തിൽ 603 കുട്ടി ഡോക്ടർമാരാണ് പരിശീലനം പൂർത്തിയാക്കിയത്.
 
ഗോത്രവിഭാഗത്തിന്റെ പിന്നാക്കാവസ്ഥ മറികടക്കുകയെന്ന ലക്ഷ്യത്തോടെ ആദിവാസി ഊരുകളിൽ നിന്ന് തന്നെ ഒരു വനിതയെ തിരഞ്ഞെടുത്ത് രോഗസാംക്രമികത, ഗർഭകാല പരിചരണം, നവജാത ശിശു പരിപാലനം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ ആരോഗ്യപരമായ കാര്യങ്ങളിൽ അടിസ്ഥാന പരിശീലനം നൽകുകയാണ് ഹാംലെറ്റ് ആശ പദ്ധതിയിലൂടെ ചെയ്യുന്നത്. സ്‌കോച്ച് അവാർഡ് സെമിഫൈനൽ മെറിറ്റ് സർട്ടിഫിക്കറ്റ് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ രേണുകയ്ക്ക് കൈമാറി. 
 ചേംബറിൽ നടന്ന ചടങ്ങിൽ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി അഭിലാഷ്, ജില്ലാ പ്ലാനിങ് ഓഫിസർ സുഭദ്ര നായർ, റിസർച്ച് ഓഫിസർ കെ എസ് ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top