20 April Saturday
കോൺഗ്രസ്‌ നേതാക്കളുടെ വായ്‌പാ തട്ടിപ്പ്‌

ഒരേസമയം അഞ്ചിടങ്ങളിൽ 
ഇഡി പരിശോധന

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

കെ കെ അബ്രഹാമിന്റെ പുൽപ്പള്ളി ചുണ്ടക്കൊല്ലിയിലെ വീട്ടിൽ ഇ ഡി ഉദ്യോഗസ്ഥർ റെയ്‌ഡിനെത്തിയപ്പോൾ

 
കൽപ്പറ്റ
പുൽപ്പള്ളി സഹകരണ ബാങ്ക്‌ കേന്ദ്രീകരിച്ച്‌ കോൺഗ്രസ്‌ നേതാക്കൾ നടത്തിയ തട്ടിപ്പിൽ അന്വേഷണം ശക്തമാക്കി ഇഡി. നേതാക്കളുടെയും മുൻജീവനക്കാരുടെയും നേതാവിന്റെ ബിനാമിയുടെയും വീട്ടിൽ ഒരേസമയമുള്ള  റെയ്‌ഡ്‌ അപ്രതീക്ഷിതമായിരുന്നു. വായ്‌പാ തട്ടിപ്പിൽ കഴിഞ്ഞ ഫെബ്രുവരിയിൽ  ഇഡി കള്ളപ്പണ നിരോധന നിയമപ്രകാരം കേസ്‌ എടുത്ത്‌ ബാങ്ക്‌ പ്രസിഡന്റായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമിനും വായ്‌പാ സെക്ഷൻ മേധാവിയായിരുന്ന പി യു തോമസിനും നോട്ടീസ്‌ അയച്ചിരുന്നു. 
വായ്‌പാതട്ടിപ്പിന്‌ ഇരയായ കർഷകൻ രാജേന്ദ്രൻ നായർ ജീവനൊടുക്കിയതിനെ തുടർന്നാണ്‌  അന്വേഷണം ശക്തമാക്കിയത്‌. കൂടുതൽ പേരിലേക്ക്‌ അന്വേഷണം നീളുകയാണ്‌. ഇതിന്റെ ഭാഗമായാണ്‌ അഞ്ചിടങ്ങളിൽ ഒരേസമയം റെയ്‌ഡ്‌ നടത്തിയത്‌. ബാങ്ക്‌ പ്രസിഡന്റായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമിന്റെ പുൽപ്പള്ളി ചുണ്ടക്കൊല്ലിയിലെയും അബ്രഹാമിന്റെ ബിനാമി സേവാദൾ ജില്ലാ വൈസ്‌ചെയർമാൻ കൊല്ലപ്പള്ളി സജീവന്റെ പുൽപ്പള്ളി കതാവകുന്നിലെയും വീടുകളിലും ബാങ്ക്‌ മുൻസെക്രട്ടറി രാമദേവിയുടെ മീനങ്ങാടിയിലെ വീട്ടിലും ബാങ്കിൽ വായ്‌പാ സെക്ഷന്റെ ചുമതല വഹിച്ചിരുന്ന ജീവനക്കാരൻ പി യു തോമസിന്റെ കോഴിക്കോട്ടെ വീട്ടിലും പുൽപ്പള്ളിയിലെ ബാങ്കിലുമാണ്‌ വെള്ളിയാഴ്‌ച ഇഡി റെയ്‌ഡ്‌ നടത്തിയത്‌. രാവിലെ പത്തോടെയാണ്‌ സംഘം എത്തിയത്‌. ബാങ്കിലുണ്ടായിരുന്ന ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയൊന്നും പുറത്തുവിട്ടില്ല. വീടുകളിലുണ്ടായിരുന്നവരെയും പുറത്തുപോകാൻ അനുവദിച്ചില്ല. പരിശോധന നടത്തിയ കേന്ദ്രങ്ങളിൽ മാധ്യമ പ്രവർത്തകരെയും അനുവദിച്ചില്ല. ഫോട്ടോ എടുക്കുന്നതും ദൃശ്യങ്ങൾ പകർത്തുന്നതും തടഞ്ഞു. 
ഇഡിയുടെ കോഴിക്കോട്‌, കൊച്ചി യൂണിറ്റുകളിൽനിന്നുള്ള ഉദ്യോഗസ്ഥരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌. കർഷകൻ ജീവനൊടുക്കിയതിനെ തുടർന്ന്‌ അറസ്‌റ്റിലായ അബ്രഹാമും രമാദേവിയും ജയിലിലാണ്‌. സജീവൻ ഒളിവിലാണ്‌. ഇഡി അന്വേഷണം ശക്തമാക്കിയതോടെ ഈ കേസുകളിലും ഇവരുൾപ്പെടെയുള്ള പ്രതികൾ അറസ്‌റ്റിലായേക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top