12 July Saturday

വനിതാ ഡോക്ടറെ അവഹേളിച്ച
പൊലീസ്‌ ഓഫീസർക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022
മാനന്തവാടി
ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ വനിതാ ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്‌തെന്ന പരാതിയിൽ പൊലീസ് ഓഫീസർക്കെതിരെ കേസ്. കോഴിക്കോട് വിജിലൻസ് എസ്‌പി പ്രിൻസ് അബ്രഹാമിനെതിരെയാണ് മാനന്തവാടി മജിസ്ട്രേറ്റ് കോടതി നിർദേശിച്ചതനുസരിച്ച്‌ പൊലീസ് കേസെടുത്തത്. നവംബർ 20നാണ് പരാതിക്ക്‌ ആധാരമായ സംഭവം. അബോധാവസ്ഥയിൽ ആശുപത്രിയിൽ കൊണ്ടുവന്ന രോഗി മരിച്ചതിനെത്തുടർന്ന്‌ പൊലീസ്‌ ഇന്റിമേഷന്‌ വിടുന്നതിനെതിരെയാണ്‌ വാക്കേറ്റം നടന്നത്‌. 21ന്‌  ഡോക്ടർ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ  കൂട്ടാക്കിയില്ല. 
തുടർന്ന്‌ ഡോക്ടർ അംഗമായ കെജിഎംഒഎ കോടതിയെ സമീപിക്കുകയായിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യാനും അന്വേഷണ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. പരാതിയിൽ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് കെജിഎംഒഎ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു മണിക്കൂർ ഒപി ബഹിഷ്‌കരണവും ജില്ലയിലെ മറ്റു സർക്കാർ ആശുപത്രികളിൽ കരിദിനാചരണവും നടത്തിയിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top