16 April Tuesday
പകർച്ചവ്യാധി അരികെ

മാലിന്യം നിറഞ്ഞ് മാനന്തവാടി

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

ക്ലബ്ബ് കുന്ന് റോഡിലെ മാലിന്യം

മാനന്തവാടി
കാലവർഷം പടിവാതിൽക്കൽ എത്തിയിട്ടും മാലിന്യം നിറഞ്ഞ്‌ നഗരം.  ടൗണും പരിസരവും വൃത്തിഹീനമാണ്‌. എവിടെ നോക്കിയാലും മാലിന്യക്കൂനകൾ കാണാം. എന്നാൽ നഗരസഭാധികൃതർ മാത്രം ഇതുകാണുന്നില്ല. മഴക്കാലത്ത്‌ പകർച്ചവ്യാധികൾ പടരാനായി കാത്തിരിക്കുന്നുവെന്നാണ്‌ ആക്ഷേപം. 
ശുചീകരണ പദ്ധതികൾ  പ്രഖ്യാപനങ്ങളിലും യോഗങ്ങളിലും ഒതുങ്ങുകയാണ്‌. തലശേരി റോഡ്,  കോഴിക്കോട് റോഡ്, കെഎസ്ആർടിസി ഗ്യാരേജ് റോഡ്, ക്ലബ്ബ് കുന്ന് റോഡ്, ബസ്‌ സ്‌റ്റാൻഡ്‌ പരിസരം എന്നിവിടങ്ങളിലെല്ലാം  റോഡരികിൽ  മാലിന്യക്കൂനകളാണ്.
കൊട്ടിഘോഷിച്ച് സംഘടനകളെ സംഘടിപ്പിച്ച്‌ നടത്തിയ  ശുചീകരണം ചടങ്ങായി മാറി. പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പിഴ ഈടാക്കുമെന്നും ഹരിതകർമസേനയുടെ പ്രവർത്തനം ശക്തമാക്കാനായി യൂസർ ഫീ, പാഴ് വസ്തുശേഖരണം എന്നിവ കൃത്യമായി പരിശോധിച്ച്‌ നടപ്പാക്കുമെന്ന പ്രഖ്യാപനം പാഴ്‌വാക്കായി. മാലിന്യവാടിയായി മാനന്തവാടി തുടരുകയാണ്.
ഓവുചാലുകൾ മണ്ണും പ്ലാസ്റ്റിക് മാലിന്യങ്ങളുംകൊണ്ട്‌ മൂടിയ നിലയിലാണ്.  നഗരത്തിലെ മാലിന്യങ്ങളെല്ലാം ഒഴുകിയെത്തുന്നത് ഗാന്ധിപാർക്കിലെ വലിയ ഓവുചാലിലാണ്. ഇവിടെ അസഹ്യമായ ദുർഗന്ധമാണ്. ഓവുചാലിന് സ്ലാബില്ലാത്തതിനാൽ കൊതുകുശല്യവും രൂക്ഷമാണ്. പ്ലാസ്റ്റിക് സഞ്ചികൾ, കുപ്പികൾ തുടങ്ങിയവ ഓവുചാലിൽ കുമിഞ്ഞുകൂടിയിട്ടുണ്ട്‌.  
മാലിന്യം സംസ്കരിക്കുന്നതിന് ശാസ്ത്രീയമായ ഒരു സംവിധാനവുമില്ല.   സ്വകാര്യവ്യക്തികളുടെ പറമ്പിലേക്കും പൊതുസ്ഥലങ്ങളിലേക്കുമാണ് ഒഴുകിയെത്തുന്നത്. 
എരുമത്തെരുവ് ഭാഗത്തുള്ള മലിനജലം ചെറ്റപ്പാലം ബൈപാസിന് സമീപത്തെ വയലിലേക്കും വള്ളിയൂർക്കാവ് റോഡിലുള്ള മാലിന്യം ഡയാന ക്ലബ്ബിന് സമീപത്തെ തോട്ടിലേക്കുമാണ് പതിക്കുന്നത്. പകർച്ചവ്യാധികൾ പടരാൻ ഇത്‌  കാരണമാകും. ഓടകൾ അടഞ്ഞതിനാൽ ചെറിയമഴ പെയ്താൽപോലും മലിനജലം റോഡിൽ പരന്നൊഴുകും. ഗാന്ധി പാർക്കിലുൾപ്പെടെ കക്കൂസ് മാലിന്യം പൊട്ടിയൊലിച്ചതിനെ തുടർന്ന് ടാക്‌സി ഡ്രൈവർമാരുടെ നേതൃത്വത്തിൽ നഗരസഭാ ചെയർപേഴ്സണെ ഉപരോധിച്ചിരുന്നു
പരമാവധി മാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുകയും  ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിച്ച് സംസ്‌കരിച്ച്‌ നഗരത്തെ മാലിന്യമുക്തമാക്കണമെന്നതാണ്‌ ആവശ്യം. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top