24 April Wednesday
കറവപ്പശു വിതരണത്തിലെ അഴിമതി

നൂൽപ്പുഴ പഞ്ചായത്തിൽ കർഷക മാർച്ച്‌ 20ന്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023
ബത്തേരി
കറവപ്പശു വിതരണത്തിലെ അഴിമതിക്കെതിരെ കർഷകസംഘം നേതൃത്വത്തിൽ 20ന്‌ നൂൽപ്പുഴ പഞ്ചായത്തോഫീസ്‌ മാർച്ച്‌ നടത്തുമെന്ന്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2022–-23 സാമ്പത്തിക വർഷം വനിതാഘടക പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത്തേഴര ലക്ഷം ചെലവിൽ നടപ്പാക്കിയ പശുവിതരണ പദ്ധതിയിലാണ്‌ പഞ്ചായത്ത്‌ ഭരണസമിതി വൻഅഴിമതി നടത്തിയത്‌. എസ്‌സി, എസ്‌ടി, ജനറൽ വിഭാഗങ്ങളിലെ  തെരഞ്ഞെടുക്കപ്പെട്ട വനിതകൾക്ക്‌ പത്ത്‌ ലിറ്ററിൽ കൂടുതൽ കറവയുള്ള പശുക്കളെ നൽകാനാണ്‌ തീരുമാനമെങ്കിലും വിതരണം നടത്തിയ പശുക്കളിൽ അധികവും രണ്ടരലിറ്ററിൽ അധികം പാൽകറവയില്ലാത്തതും ആരോഗ്യം   ക്ഷയിച്ചതുമാണ്‌. വിതരണം ചെയ്‌ത പശുക്കളിൽ ചിലത്‌ പിന്നീട്‌ ചത്തു. അംഗീകൃത പശുഫാമുകൾ, കർഷകർ എന്നിവരിൽ നിന്നും പശുക്കളെ വാങ്ങാതെ ഇടനിലക്കാർ മുഖേനെ അറവുശാലകളിലും മറ്റും  ഉണ്ടായിരുന്ന പശുക്കളെയാണ്‌ തുച്ഛവിലക്ക്‌ വാങ്ങി വനിതകൾക്ക്‌ കുടുംബശ്രീ സിഡിഎസ്‌ മുഖേനെ നൽകിയത്‌. പശുവൊന്നിന്‌ 60,000 രൂപയാണ്‌ പഞ്ചായത്ത്‌ വിലയിട്ടത്‌. പശുവിതരണത്തിലെ അഴിമതിക്കെതിരെ കർഷകസംഘം വിതരണം നടത്തിയ പശുക്കളുമായി പഞ്ചായത്തോഫീസ്‌ മാർച്ച്‌ നടത്തുകയും ഗുണഭോക്താക്കളിൽ ചിലർ പശുക്കളെ പഞ്ചായത്തിന്‌ തിരിച്ചുനൽകുകയും ചെയ്‌തു. കർഷകസംഘം വിജിലൻസിനും മൃഗസംരക്ഷണ വകുപ്പിനും നൽകിയ പരാതികളിൽ അന്വേഷണം നടന്നാൽ കുടുങ്ങുമെന്നുറപ്പായ പഞ്ചായത്ത്‌ പ്രസിഡന്റും സിഡിഎസ്‌ ചെയർപേഴ്‌സണും മൃഗാശുപത്രിയിലെ  ഡോക്ടറും കർഷകസംഘം നേതാക്കളുമായി നടത്തിയ ചർച്ചയിൽ വിതരണം ചെയ്‌ത മുഴുവൻ പശുക്കളെയും തിരിച്ചെടുത്ത്‌ പകരം പശുക്കളെ നൽകാമെന്ന്‌ ഉറപ്പ്‌ പറഞ്ഞെങ്കിലും പിന്നീട്‌ ഉറപ്പ്‌ പാലിച്ചില്ല. 
ഇതിൽ പ്രതിഷേധിച്ചും ചാവാലിപ്പശുക്കൾക്ക്‌ പകരം ആരോഗ്യമുള്ള പശുക്കളെ വിതരണം ചെയ്യണം എന്നാവശ്യപ്പെട്ടും വീണ്ടും സമരത്തിന്‌ കർഷകസംഘം നേതൃത്വം നൽകുന്നത്‌. ഏരിയാ സെക്രട്ടറി ടി കെ ശ്രീജൻ, ജില്ലാ കമ്മിറ്റി അംഗം ഷീന കളപ്പുരയ്‌ക്കൽ, വി എസ്‌ ഷാരീസ്‌, കെ എം സിന്ധു, എം കെ മോഹനൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top