28 March Thursday

തോളിലേറി കിറ്റി എത്തി;
ജീവിതം ലഹരിയാക്കുമെന്ന്‌ കുട്ടികൾ

വെബ് ഡെസ്‌ക്‌Updated: Saturday Oct 8, 2022
കൽപ്പറ്റ
ലഹരിക്കെതിരെ സന്ദേശവുമായി  കുട്ടികൾക്കിടയിലേക്ക്‌ കുഞ്ഞൻ കിറ്റിയെത്തി. വിനോദ് നരനാട്ടിന്റെ തോളിലേറി  ചിരിപ്പിച്ചും ചിന്തിപ്പിച്ചും കുട്ടികളെ കിറ്റി ലഹരിയുടെ ദൂഷ്യവശം ബോധ്യപ്പെടുത്തി. 
സിനിമയിൽ നടൻമാർ മദ്യപിക്കുന്നത് കണ്ടിട്ടുണ്ടോ ? എന്ന ചോദ്യത്തിന്‌  ‘ഉണ്ട് ’ എന്ന്‌ കുട്ടികളുടെ ഉത്തരം.  അവരെ കിറ്റി തിരുത്തി. അത്‌ മദ്യമല്ല, വെറും കട്ടൻചായയാണ്‌. 
പിന്നീട്‌ പറഞ്ഞതെല്ലാം  ചുറ്റുപാടുമുള്ള ലഹരിയെക്കുറിച്ചായിരുന്നു.  ലഹരിയാവരുത്‌ ജീവിതം.  ജീവിതം  ലഹരിയാക്കണമെന്നും ഉപദേശിച്ചു. ലഹരിക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു  കുഞ്ഞൻ തലയും നീളൻ വാലുമായുള്ള  കിറ്റിയെന്ന പാവ കുരങ്ങന്റെ ബോധവൽക്കരണം.  
വേറിട്ട വിഷയങ്ങളുമായി ദേശീയ അന്തർദേശീയ തലങ്ങളിൽ സഞ്ചരിച്ച കിറ്റിക്ക് വയനാട്ടിലെ വിദ്യാലയങ്ങളിൽ ഊഷ്മളമായ വരവേൽപ്പായിരുന്നു. ഇരുപതിനായിരത്തോളം വേദികൾ പിന്നിട്ട വിനോദ് നരനാട്ടിന്റെ കിറ്റി ഷോ എല്ലാവരിലും കൗതുകമുണർത്തി.  കൽപ്പറ്റ എസ്‌കെഎംജെ,  മുണ്ടേരി ജിവിഎച്ച്എസ്എസ്‌,  വൈത്തിരി എച്ച്ഐഎം യുപി എന്നിവടങ്ങളിലായിരുന്നു ജില്ലയിലെ സ്വീകരണം.  
ചോദ്യങ്ങളും ഉത്തരങ്ങളുമായി കുട്ടികൾ കിറ്റിയുമായി എളുപ്പം ചങ്ങാത്തത്തിലായി.
മജിഷ്യനായി കലാജീവിതം തുടങ്ങിയ വിനോദ് 1990 മുതലാണ് കിറ്റി എന്ന പേരുള്ള സംസാരിക്കുന്ന കുരങ്ങുപാവയുമായി സാമൂഹ്യ ബോധവൽക്കരണം തുടങ്ങിയത്‌.  ഇന്ത്യക്കുപുറത്ത് ഒമ്പത് രാജ്യങ്ങളിൽ  ഷോ അവതരിപ്പിച്ചിട്ടുണ്ട്.  ലഹരിക്കെതിരെ വ്യത്യസ്ത അവതരണവുമായാണ് ജില്ലയിലെത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top