28 March Thursday

സഞ്ചാരികൾ നിറഞ്ഞ്‌ വയനാട്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 8, 2022
കൽപ്പറ്റ
പൂജ അവധിയുടെ തിരക്കിലമർന്ന് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. കർണാടക,  തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ സഞ്ചാരികൾ എത്തുന്നത്. അടുത്തടുത്ത ദിവസങ്ങളിൽ കിട്ടിയ അവധി പരമാവധി പ്രയോജനപ്പെടുത്തുകയാണ് സഞ്ചാരികൾ. ഡിടിപിസി, വനംവകുപ്പ്, കെഎസ്ഇബി, ജലസേചന വകുപ്പ് എന്നിവയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം തിരക്കാണ്‌.  ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ബാണാസുര സാഗർ അണക്കെട്ട്‌, കാരാപ്പുഴ ഡാം, ചീങ്ങേരിമല, പൂക്കോട്, എൻ ഊര്, എടക്കൽ ഗുഹ തുടങ്ങി എല്ലായിടങ്ങളിലും വലിയ ജനത്തിരക്കുണ്ടായി.  ലക്ഷക്കണക്കിന് രൂപയുടെ വരുമാനവും  ലഭിച്ചു. 
 രണ്ട്‌ മുതൽ അഞ്ചുവരെ വലിയ തിരക്കാണ് ജില്ലയിൽ അനുഭവപ്പെട്ടത്. എടക്കൽ ഗുഹയിൽ നാല്, അഞ്ച് തീയതികളിൽ പ്രതിദിന എണ്ണമായ 1920 ഉച്ചയോടെ പുർത്തിയായിരുന്നു. 2.54 ലക്ഷം രൂപ വരുമാനവും ലഭിച്ചു. ബാണാസുരസാഗർ അണക്കെട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. രണ്ടുമുതൽ അഞ്ചുവരെ 35000ഓളം സന്ദർശകരിൽനിന്നായി 26.53 ലക്ഷം വരുമാനം ലഭിച്ചു. നാലിന് 11,237 സന്ദർശകരാണ് ഡാമിൽ എത്തിയത്. പൂക്കോട്‌ ഒന്നുമുതൽ നാല് വരെ 25000ത്തിന് മുകളിൽ സന്ദർശകരിൽ നിന്നായി 15.05 ലക്ഷം രൂപയും ലഭിച്ചു. ജില്ലയിൽ കൂടുതൽ തിരക്കനുഭവപ്പെടുന്ന എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ സഞ്ചാരികളുടെ കൂട്ടമായിരുന്നു. രണ്ടിന് മാത്രം 3000ത്തിലധികം സന്ദർശകരാണ് ഇവിടെ എത്തിയത്. 
 ശരാശരി ദിവസേന രണ്ടായിരത്തിന് മുകളിൽ വിനോദ സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്. വിദേശത്തുനിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നും കൂടുതൽപേർ എത്തുന്നു. രണ്ടുമുതൽ അഞ്ച് വരെ എൻ ഊരിൽ നാടൻപാട്ടും വിവിധ ആദിവാസി കലാരൂപങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. ഇതിനും വലിയ ജനപങ്കാളിത്തമുണ്ടായി. ചെമ്പ്രമല,  കർലാട് തടാകം , കുറുവ ദ്വീപ്  എന്നിവിടങ്ങളിലേക്കും നിറയെ സഞ്ചാരികൾ എത്തി. സഞ്ചാരകേന്ദ്രങ്ങളോട് അനുബന്ധിച്ചുള്ള ചെറുകിട വ്യാപാരകേന്ദ്രങ്ങളിലും നല്ല കച്ചവടം ലഭിക്കുന്നുണ്ട്. റിസോർട്ടുകളും ഹോംസ്‌റ്റേകളുമെല്ലാം നിറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top