16 April Tuesday

ബാണാസുര സാഗർ
ഇന്ന്‌ 8ന്‌ തുറക്കും

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022
കൽപ്പറ്റ
ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ്‌ കൂടുതൽ ഉയർന്നതോടെ  തിങ്കളാഴ്‌ച രാവിലെ എട്ടിന്‌ അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്ന്‌ ജലം പുറത്തേക്ക്‌ ഒഴുക്കും. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്‌ ശക്തമായതോടെ ഞായറാഴ്‌ച ഷട്ടർ ഉയർത്താനായിരുന്നു ആദ്യതീരുമാനം. എന്നാൽ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ച്‌ തിങ്കളാഴ്‌ച തുറന്നാൽ മതിയെന്ന്‌ പിന്നീട്‌  തീരുമാനിച്ചു. അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ തുറന്ന്‌ സെക്കൻഡിൽ 8.5 ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. ആവശ്യമെങ്കിൽ ഘട്ടംഘട്ടമായി കൂടുതൽ ഷട്ടറുകൾ തുറക്കും. സെക്കൻഡിൽ 35 ക്യുബിക് മീറ്റർവരെ വെള്ളം ഒഴുക്കുന്നതിന് അനുമതിയുണ്ട്.
 കൃത്യമായ അലർട്ടുകൾ നൽകിയാണ്‌ അണക്കെട്ടിലെ വെള്ളം തുറന്നുവിടുന്ന നടപടികൾ പുരോഗമിക്കുന്നത്‌. വെള്ളി ജലനിരപ്പ്‌ 772.50 മീറ്ററിലെത്തിയപ്പോൾ ബ്ലു അലർട്ട്‌ പ്രഖ്യാപിച്ചിരുന്നു. ശനി  ജലനിരപ്പ്‌ 773 മീറ്റർ കടന്നതോടെ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. ഞായർ രാവിലെ 773. 60 മീറ്ററിലെത്തിയതോടെ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. ഞായർ രാത്രിയോടെ അപ്പർ റൂൾ ലെവൽ ആയ 774 മീറ്ററിലേക്ക്‌ എത്താൻ സാധ്യതയുള്ള സാഹചര്യത്തിലാണ്‌ ഷട്ടർ തുറക്കുന്നത്‌.  വെള്ളം തുറന്നുവിടുമ്പോൾ സമീപപ്രദേശങ്ങളിലും ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.  പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
 
മീൻപിടിക്കാൻ പാടില്ല
അണക്കെട്ട്  തുറക്കുന്ന സമയത്ത്  പ്രദേശത്തേക്ക്‌ പോകുകയോ, വെള്ളം ഒഴുകുന്ന പുഴകളിൽ മീൻ പിടിക്കാനോ പാടില്ല. പുഴയിൽ ഇറങ്ങരുതെന്നും കലക്ടർ എ ഗീത  അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top