24 April Wednesday
ഉപതെരഞ്ഞെടുപ്പിനൊരുക്കമെന്ന് പ്രചാരണം

വയനാട് മണ്ഡലത്തിൽ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

ബത്തേരിയിൽ ഉദ്യോഗസ്ഥർ വോട്ടിങ് യന്ത്രങ്ങൾ പരിശോധിക്കുന്നു

 
കൽപ്പറ്റ
വയനാട്‌ പാർലമെന്റ്‌ മണ്ഡലത്തിൽ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന തുടങ്ങി. തെരഞ്ഞെടുപ്പ്‌ കമീഷൻ ഉദ്യേഗസ്ഥർ, റവന്യു ജീവനക്കാർ, എൻജിനിയർമാർ എന്നിവരടങ്ങുന്ന സംഘമാണ്‌ പരിശോധന നടത്തുന്നത്‌. അടുത്ത പാർലമെന്റ്‌ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്താകെ വോട്ടിങ് യന്ത്രങ്ങൾ പരിശോധിക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ നടപടി ആരംഭിച്ചിട്ടുണ്ട്‌. എന്നാൽ ഉപതെരഞ്ഞെടുപ്പ്‌ സാധ്യതകൂടി മുന്നിൽക്കണ്ടാണ്‌ വയനാട്ടിലെ പരിശോധന. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സാഹചര്യത്തിലാണ്‌ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്‌ സാധ്യത നിലനിൽക്കുന്നത്‌. വയനാട്‌, കോഴിക്കോട്‌, മലപ്പുറം ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ്‌  പാർലമെന്റ്‌ മണ്ഡലം. 
വയനാട്ടിൽ ബത്തേരിയിൽ തെരഞ്ഞെടുപ്പ് കമീഷന്റെ നിയന്ത്രണത്തിലുള്ള ഓഫീസിലാണ്  വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ളത്‌. കഴിഞ്ഞ ഒന്ന് മുതലാണ് പരിശോധന തുടങ്ങിയത്‌. 10വരെ തുടരും. 10ന്‌ രാഷ്‌ടീയ പാർടി പ്രതിനിധികളെ ഉൾപ്പെടുത്തി മോക്‌ പോളിങ്‌ നടത്തും. കോഴിക്കോട്ട്‌ പരിശോധന പൂർത്തിയായി.  വയനാട്‌  മണ്ഡലത്തിൽ ഉൾപ്പെട്ട തിരുവമ്പാടി മണ്ഡലത്തിലെ രാഷ്‌ട്രിയ പാർടി പ്രതിനിധികളെ ഉൾപ്പെടുത്തി മോക് പോളിങ് നടത്തി. മലപ്പുറത്തും പരിശോധന ആരംഭിച്ചു. 
രാഹുൽ ഗാന്ധിയെ  അയോഗ്യനാക്കിയതിന്റെ  പിന്നാലെതന്നെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല. ഇപ്പോൾ തിരക്കിട്ട് വോട്ടിങ് യന്ത്രങ്ങൾ പരിശോധിക്കുന്നത് ഉപതെരഞ്ഞെടുപ്പ് സാധ്യതയിലേക്ക് വിരൽചൂണ്ടുന്നതാണ്. എന്നാൽ അടുത്ത മേയിൽ രാജ്യത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുറഞ്ഞ കാലയളവിലേക്കായി ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത വിരളമാണെന്നാണ് രാഷ്ട്രീയ പാർടികളുടെ നിഗമനം. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top