02 May Thursday
പുൽപ്പള്ളി സഹ. ബാങ്ക്‌

2018ലും കൊള്ള

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023
കൽപ്പറ്റ
കോൺഗ്രസ്‌ നേതാക്കളുടെ നേതൃത്വത്തിൽ പുൽപ്പള്ളി സഹകരണ ബാങ്കിൽ നടത്തിയ കൂടുതൽ വായ്‌പാ തട്ടിപ്പുകൾ കണ്ടെത്തി പ്രത്യേക അന്വേഷക സംഘം.  സഹകരണ വകുപ്പ്‌ നിയോഗിച്ച അന്വേഷക സംഘത്തിനാണ്‌  തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചത്‌. സഹകരണ നിയമം വകുപ്പ്‌ 65 പ്രകാരം നേരത്തെ നടത്തിയ അന്വേഷണത്തിൽ 7.26 കോടി രൂപയുടെ തട്ടിപ്പാണ്‌ കണ്ടെത്തിയിരുന്നത്‌. 2017വരെ നൽകിയ വായ്‌പകളാണ്‌ അന്ന്‌ പരിശോധിച്ചത്‌.  ഇതിനുശേഷമുള്ള വായ്‌പകളാണ്‌ അന്വേഷക സംഘം പ്രധാനമായും പരിശോധിച്ചതും  ക്രമക്കേടുകൾ  കണ്ടെത്തിയതും. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന കെ കെ അബ്രാഹമിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതി 2018ലും വായ്‌പാ തട്ടിപ്പ്‌ നടത്തിയതായാണ്‌ കണ്ടെത്തൽ. എത്ര തുകയുടെ ക്രമക്കേടാണെന്നത്‌ കണക്കാക്കുന്നതേയുള്ളൂ.
വായ്‌പാ തട്ടിപ്പിനിരയായി കർഷകൻ ജീവനൊടുക്കിയതിനെ തുടർന്നാണ്‌  ഡെപ്യൂട്ടി രജിസ്ട്രാർ ടി അയ്യപ്പൻനായരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രത്യേക അന്വേഷക സംഘത്തെ സർക്കാർ നിയോഗിച്ചത്‌. 
 മൂന്ന്‌ ദിവസമായി സംഘം ബാങ്കിൽ രേഖകൾ പരിശോധിക്കുകയാണ്‌. ഇതിലാണ്‌ കൂടുതൽ തട്ടിപ്പുകൾ കണ്ടെത്തിയത്‌. വായ്‌പകൾ പുതുക്കുന്നതിലും മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല.  സഹകരണ നിയമങ്ങളും രജിസ്‌ട്രാറുടെ നിർദേശങ്ങളും അനുസരിച്ചല്ല ബാങ്കിന്റെ പ്രവർത്തനം.  അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട്‌ രജിസ്‌ട്രാർക്ക്‌ കൈമാറും. ഒരുമാസത്തെ കാലാവധിയാണ്‌ അന്വേഷണത്തിന്‌ അനുവദിച്ചിട്ടുള്ളത്‌. 
വായ്‌പാ തട്ടിപ്പിൽ  വിജിലൻസ്‌ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്‌.  5.62 കോടിയുടെ വെട്ടിപ്പാണ്‌ വിജിലൻസ്‌ കണ്ടെത്തിയത്‌. 
വിജിലൻസ്‌ അന്വേഷിച്ചതിന്‌ മുമ്പും ശേഷവുമുള്ള  വായ്‌പകളും സഹകരണ നിയമം 65 പ്രകാരമുള്ള അന്വേഷണത്തിലുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top