25 April Thursday

മുതുമല വിറപ്പിച്ച കാട്ടാനയെ 
കര്‍ണാടക 'പാഠം' പഠിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023
ഗൂഡല്ലൂർ
തമിഴ്നാട്ടിലെ മുതുമലയില്‍ നാശംവിതച്ച വിനായകനെന്ന കാട്ടാനയെ കര്‍ണാടക വനംവകുപ്പ് പിടികൂടി. ബുധനാഴ്ച പിടികൂടിയ ആനയെ രാമപുരം ആന ക്യാമ്പിലേക്ക് കൊണ്ടുപോയി ചിട്ടയായ പരിശീലനം നല്‍കും. 2018ല്‍  കോയമ്പത്തൂർ ജില്ലയിലെ തടാകം ഭാഗത്ത് ജനവാസമേഖലയിലിറങ്ങി വീടുകളും കൃഷികളും നശിപ്പിച്ചതോടെയാണ് വിനായകൻ ചര്‍ച്ചാവിഷയമായത്. തുടര്‍ന്ന്, തമിഴ്നാട് വനംവകുപ്പ് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് മുതുമല വനത്തിൽ കൊണ്ടുവിടുകയായിരുന്നു. അന്ന് മുതുമല നിവാസികള്‍ വനംവകുപ്പിന്റെ നീക്കത്തെ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. പിന്നീട്, മുതുമലയ്ക്ക് സമീപം ശ്രീമധുര, ദേവർഷോല പ്രദേശങ്ങളിലിറങ്ങിയ ആന നാശനഷ്ടങ്ങളുണ്ടാക്കി ജനങ്ങളുടെ ഉറക്കം കെടുത്തി. നാട്ടുകാരുടെ ഉപരോധങ്ങള്‍ക്കും സമരങ്ങള്‍ക്കും ശേഷം വനംവകുപ്പ് വിനായകനെ വീണ്ടും ഉള്‍ക്കാട്ടിലേക്ക് തുരത്തിവിട്ടു. ഇതിനുശേഷമാണ് കര്‍ണാടകയിലെ ബന്ദിപ്പൂര്‍ മേഖലയിലേക്ക് പ്രവേശിച്ചത്. ഇവിടെനിന്ന് ചവുടനഹള്ളി, കുന്തപ്പുര ഗ്രാമങ്ങളിലിറങ്ങിയ വിനായകന്‍ കൃഷി നശിപ്പിച്ച് ആളുകളെ ആക്രമിക്കുകയായിരുന്നു. ഇവിടുത്തെ കർഷകരും നാട്ടുകാരും ആനയെ പിടികൂടണമെന്നാവശ്യപ്പെട്ട് സമരം ചെയ്തതോടെയാണ് കര്‍ണാടക വനംവകുപ്പ് ഇടപെട്ടത്. ഇതോടെ വിനായകന്റെ വർഷങ്ങളായുള്ള വിളയാട്ടമാണ് അവസാനിക്കുന്നത്.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top