29 March Friday

‘നോ’ പറയാൻ ജില്ലയും

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

ലഹരിവിരുദ്ധ ക്യാമ്പയിന്റെ ജില്ലാതല ഉദ്‌ഘാടനം പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു

കൽപ്പറ്റ
ലഹരിക്ക്‌ അടിമപ്പെടില്ലെന്ന്‌ പ്രഖ്യാപിച്ച്‌ ജില്ലയിലെ വിദ്യാലയങ്ങളും. ലഹരിവിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്‌ഘാടനം സ്കൂളുകളിൽ തത്സമയം കാണിച്ച്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി. ഒരുതരത്തിലും മയക്കുമരുന്നിന്‌ അടിമപ്പെടരുതെന്ന ദൃഢപ്രതിജ്ഞയോടെയാണ്‌ വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ വാക്കുകൾ കേട്ടത്‌. അധ്യാപകരും രക്ഷിതാക്കളുമെല്ലാം ജാഗ്രതാ സമിതികൾ രൂപീകരിച്ച്‌ വളരുന്ന തലമുറയെ ലഹരിയുടെ പിടിയിൽനിന്ന്‌ സംരക്ഷിക്കാനുള്ള ഊർജിത ശ്രമത്തിലാണ്‌. 
ജില്ലയിലെങ്ങും ലഹരിക്കെതിരെയുള്ള പ്രവർത്തനം സജീവമാണ്‌. പൊലീസ്‌, എക്സൈസ്‌, യുവജനക്കൂട്ടായ്മകൾ, സന്നദ്ധസംഘടനകൾ, ലൈബ്രറികൾ, ക്ലബ്ബുകൾ, വിദ്യാർഥി സംഘടനകൾ, സ്കൂളുകളിലെ എൻഎസ്‌എസ്‌, സ്കൗട്ട്‌സ്‌ എന്നിവയുടെയെല്ലാം നേതൃത്വത്തിൽ ലഹരി ഉപയോഗം തടയുന്നതിനും ബോധവൽക്കരണത്തിനും സജീവമായി ഇടപെടുന്നുണ്ട്‌. വിവിധ കായിക മത്സരങ്ങൾ, ജാഗ്രതാസദസ്സുകൾ, റാലികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ്‌ പുരോഗമിക്കുന്നത്‌. പൊലീസിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനായ ‘യോദ്ധാവ്‌’ പദ്ധതിയും സജീവമാണ്‌. പൊലീസും എക്സൈസും ബോധവൽക്കരണ ക്ലാസുകളും ക്യാമ്പയിനുകളും സംഘടിപ്പിക്കുന്നുണ്ട്‌.  
മുത്തങ്ങ, തോൽപ്പെട്ടി, ബാവലി ചെക്‌പോസ്‌റ്റുകളിൽ എക്സൈസിനുപുറമേ പൊലീസും പ്രത്യേക പരിശോധന നടത്തുന്നുണ്ട്‌. ഡോഗ്‌ സ്ക്വാഡിനെ ഉപയോഗിച്ചും പരിശോധനയുണ്ട്‌.  ഇതര സംസ്ഥാനങ്ങളിൽനിന്ന്‌  ജില്ലയിലേക്ക്‌ മയക്കുമരുന്നെത്തുന്നത്‌ തടയുന്നതിന് സജീവ ഇടപെടലുകളാണ്‌. നിത്യേന ലഹരിവസ്തുക്കൾ പിടികൂടുന്നുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top