29 March Friday
വന്യമൃഗ ശല്യ പരിഹാരം

നോഡൽ ഓഫീസറെ നിയമിക്കും: - മന്ത്രി എ കെ ശശീന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022
 
കൽപ്പറ്റ
ജില്ലയിലെ വന്യമൃഗ–-മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടികളുടെ  ഭാഗമായി ഐഎഫ്എസ് റാങ്കിലുളള ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി  നിയമിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.  വനമേഖലയുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ചചെയാൻ കലക്ടറേറ്റിൽ ചേർന്ന  സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 
ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജനവാസമേഖലകളിൽ  വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാനുള്ള മുൻകരുതൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. വന്യമൃഗശല്യത്തിനെതിരെയുള്ള പദ്ധതികൾ പൂർത്തിയാകാത്തത്‌ ശ്രദ്ധയിലുണ്ട്‌.  ഇവയുടെ നിർവഹണ പുരോഗതിക്ക് തടസമായ വിഷയങ്ങൾ പരിഹരിക്കും. ജില്ലയുടെ  ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ അടിസ്ഥാനമാക്കിയാണ്‌  ഇനിമുതൽ പദ്ധതികൾ തയ്യാറാക്കുക. 
വനംവകുപ്പും പൊതുജനങ്ങളും തമ്മിലുളള ബന്ധം സുഖകരമാക്കാൻ ഉദ്യോഗസ്ഥർ മുൻകൈയെടുക്കണം. വനസംരക്ഷണത്തിനും വന്യജീവി ആക്രമണം തടയുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കണം. നഷ്ടപരിഹാര തുക കാലാനുസൃതമായി വർധിപ്പിക്കുന്നതിനുളള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ട്.  മനുഷ്യ–-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ  മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന്‌ കൂടുതൽ തീരുമാനങ്ങൾ എടുക്കുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ എംഎൽഎ മാരായ ഒ ആർ കേളു, ഐ സി ബാലകൃഷ്ണൻ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കലക്ടർ എ ഗീത, ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ്, എസിസിഎഫ്  രാജേഷ് രവീന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സി കെ ശശീന്ദ്രൻ, വി എ മജീദ്, കെ ജെ ദേവസ്യ, കെ കെ ഹംസ, എൻ ഒ ദേവസി,  സി എ ശിവരാമൻ, പി പി ആലി, എം സി സെബാസ്റ്റ്യൻ,  യഹ്യാഖാൻ തലക്കൽ, എം ടി ഇബ്രാഹിം, ഇ ടി ബാബു, എൻ പി രജിത്ത്, ബി. രാധാകൃഷ്ണൻ പിള്ള, എം സി സെബാസ്റ്റ്യൻ, പ്രശാന്ത് മലവയൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top