24 April Wednesday
അമ്പിലേരി–നെടുങ്ങോട് റോഡ്

നഗരസഭയുടെ ഉറപ്പ് പാഴ്‌വാക്കായി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

കൽപ്പറ്റ നഗരസഭയിലെ തകർന്ന അമ്പിലേരി–നെടുങ്ങോട്‌ റോഡ്‌

 
കൽപ്പറ്റ
അമ്പിലേരി–-നെടുങ്ങോട് റോഡിലെ ദുരിതയാത്രയിൽ കണ്ണടച്ച് കൽപ്പറ്റ നഗരസഭ. മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായ റോഡ് നന്നാക്കുമെന്ന അധികൃതരുടെ ഉറപ്പ് പാഴ്‌വാക്കായിരിക്കുകയാണ്. അമ്പിലേരി ഇൻഡോർ സ്‌റ്റേഡിയത്തിലേക്കുള്ള റോഡിലൂടെ കാൽനടയാത്രപോലും ഇന്ന് സാധ്യമല്ല. നഗരസഭയുടെ കീഴിലുള്ള രണ്ട്‌ കിലോമീറ്റർ റോഡ് മുഴുവൻ കുഴികളാണ്. യാത്രക്കാരുടെ ശ്രദ്ധ അൽപ്പം പാളിയാൽ മഴപെയ്ത്‌ വെള്ളം കെട്ടിക്കിടക്കുന്ന കുഴിയിലകപ്പെടും. ഇരുചക്രവാഹനങ്ങൾ സാഹസികമായാണ്‌ കടന്നുപോകുന്നത്. വീതികുറഞ്ഞ റോഡിലൂടെ രണ്ട് വലിയ വാഹനങ്ങൾക്ക് പോകാനും ബുദ്ധിമുട്ടാണ്. നഗരസഭയുടെ നാല്, 12 വാർഡുകളിലൂടെ‌ പോകുന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരിയിൽ ജനകീയ സമരം നടന്നിരുന്നു. ആവശ്യമറിയിച്ച് ന​ഗരസഭാ സെക്രട്ടറിക്ക് കത്തും നൽകി. പ്രതിഷേധം കടുത്തതോടെ മാർച്ച് മാസത്തിനുമുമ്പ് റോഡ് നന്നാക്കുമെന്ന്‌ അധികൃതർ അറിയിച്ചെങ്കിലും വാക്ക് പാലിച്ചില്ല.  നൂറ്റമ്പതോളം കുടുംബങ്ങൾ പ്രദേശത്തുണ്ട്. വർഷങ്ങളായി റോഡ്‌ അറ്റകുറ്റപ്പണി നടത്താൻ നഗരസഭ തയ്യാറായിട്ടില്ല. നഗരസഭയിൽ യുഡിഎഫ്‌ അധികാരത്തിലെത്തിയശേഷം റോഡിൽ ഒരു പ്രവൃത്തിയും നടന്നിട്ടില്ല. പാത കടന്നുപോകുന്ന രണ്ട്‌ വാർഡുകളിലും യുഡിഎഫ്‌ കൗൺസിലർമാരാണ്‌. അറ്റകുറ്റപ്പണിയെടുപ്പിക്കുന്നതിൽ ഇവരും താൽപ്പര്യം കാണിക്കുന്നില്ലെന്നാണ്‌ പ്രദേശവാസികളുടെ ആക്ഷേപം. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top